IndiaNEWS

ഹിജാബ് വിവാദം, കര്‍ണാടകയിൽ വിദ്യാലയങ്ങൾ മൂന്ന് ദിവസം അടച്ചിടുന്നു

ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിൽ കര്‍ണാടക ഹൈക്കോടതി നാളെ വാദം കേള്‍ക്കും. സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതി വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്

  ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ വിവാദം കത്തി നില്‍ക്കെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റുകളോടും ജനങ്ങളോടും ‘സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നു, എല്ലാവരും സഹകരിക്കണ’മെന്നു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ‘ഐ ലവ് ഹിജാബ്’ എന്ന പേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു.

ഇതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസിൽ നാളെ വാദം കേൾക്കും. വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ വിവേകത്തിലും നന്‍മയിലും ഈ കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തിൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.

സ്‌കൂളുകള്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചത്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: