NEWSWorld

മലയാളി നഴ്‍സിന് അബുദാബിയിൽ 50 ലക്ഷം സമ്മാനം

ബുദാബി ബിഗ് ടിക്കറ്റ് ജനുവരിയില്‍ സംഘടിപ്പിച്ച പ്രതിവാര സമ്മാന പദ്ധതിയിലെ അവസാന നറുക്കെടുപ്പില്‍ മലയാളി നഴ്‍സിന് സമ്മാനം.
കുവൈത്തില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുന്ന സവിത നായരാണ് 2,50,000 ദിർഹം (50 ലക്ഷം രൂപ) സമ്മാനം നേടിയത്.

അമ്പരപ്പിക്കുന്ന സന്തോഷ വാര്‍ത്ത എന്നാണ് സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അവതാരക ബുഷ്‍റ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സവിത പ്രതികരിച്ചത്. 2500 ദിര്‍ഹം സമ്മാനം ലഭിച്ചെന്നായിരുന്നു ആദ്യം സവിത വിചാരിച്ചിരുന്നത്. എന്നാല്‍ രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനമെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല.

കുടുംബത്തോടൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സവിത പറഞ്ഞു. തൊട്ടു തലേദിവസം എടുത്ത ടിക്കറ്റിലൂടെയാണ് ഇത്തവണ പ്രതിവാര നറുക്കെടുപ്പിലെ വിജയമെത്തിയത്. ഗ്രാന്റ് നറുക്കെടുപ്പിന് പുറമെ ഇങ്ങനെയൊരു പ്രതിവാര നറുക്കെടുപ്പ് കൂടി നടക്കുന്നുണ്ടെന്ന് പോലും സവിത അറിഞ്ഞിരുന്നില്ല. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിന് മുമ്പ് മറ്റൊരു വിജയമെത്താനുള്ള സാധ്യത പോലും മുന്നില്‍ കാണാതിരുന്നതിനാല്‍ സമ്മാനം കിട്ടുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സവിത പറയുന്നു.

ജനുവരിയിലെ പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയം നേടാത്തവര്‍ക്കായി ഫെബ്രുവരിയിലും പ്രതിവാര നറുക്കെടുപ്പുകള്‍ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
മാര്‍ച്ച് മൂന്നിലെ നറുക്കെടുപ്പിലേക്കുള്ള ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്നവരെല്ലാം പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലും പങ്കാളികളാക്കപ്പെടും. ജനുവരിയിലെ അപേക്ഷിച്ച് ഫെബ്രുവരിയിലെ പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളാവുന്നവര്‍ക്ക് ഇരട്ടിത്തുകയായിരിക്കും സമ്മാനം. രണ്ടര ലക്ഷം ദിര്‍ഹത്തിന് പുറമെ അഞ്ച് ലക്ഷം ദിര്‍ഹം വീതം ഓരോ ആഴ്‍ചയും വിജയിക്ക് ലഭിക്കും.

മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ് (24 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് അഞ്ച് സമ്മാനങ്ങള്‍ കൂടി അന്ന് വിജയികള്‍ക്ക് ലഭിക്കും.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ മസെറാട്ടിയുടെ ആഡംബര കാര്‍ സമ്മാനം നല്‍കുന്ന ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില. അതും രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

Back to top button
error: