KeralaNEWS

BJPക്കെതിരെ പ്രസംഗിക്കുകയല്ലാതെ എന്ത് ചെയ്യുന്നു; ദേശീയനേതൃത്വത്തെ ചോദ്യംചെയ്ത് CPI കേരളനേതാക്കള്‍

തിരുവനന്തപുരം: ബി.ജെ.പി.ക്കെതിരേ പ്രസംഗിക്കുമ്പോഴും തിരഞ്ഞെടുപ്പ് ഘട്ടത്തിലടക്കം ഫലപ്രദമായി ഇടപെടാനാവാതെ ദേശീയനേതൃത്വം നോക്കുകുത്തിയാവുകയാണെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനായി ദേശീയ എക്‌സിക്യുട്ടീവിന്റെ തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി ഡി. രാജ വിശദീകരിച്ചപ്പോഴായിരുന്നു സംസ്ഥാനനേതാക്കളുടെ വിമര്‍ശനം.

കേന്ദ്രസര്‍ക്കാരിനെതിരേ വര്‍ഗീയതയും ജനാധിപത്യവിരുദ്ധതയും പറയുമ്പോഴും അതിനെതിരേ എന്ത് പ്രചരണമാണ് സി.പി.ഐ.യും ഇന്ത്യമുന്നണിയും ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് നേതാക്കള്‍ ചോദിച്ചു. ഇതില്‍ കൂടുതല്‍ വിശദീകരണം ദേശീയനേതാക്കള്‍ നല്‍കിയില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരമാവധി സീറ്റ് നേടേണ്ടത് അനിവാര്യമാണ്. കേരളത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒന്നിച്ച് രംഗത്തിറങ്ങണമെന്ന് രാജ പറഞ്ഞു.

അതേസമയം, പത്തനംതിട്ട ജില്ലാസെക്രട്ടറി എ.പി. ജയനെ സി.പി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാസ്ഥാനങ്ങളില്‍നിന്നും നീക്കി. സാധാരണ അംഗമായി തുടരും. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷണകമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തേ സംസ്ഥാന നിര്‍വാഹകസമിതി ജയനെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

Back to top button
error: