Big Breaking

സേവാ ഭാരതിയെ മരുന്ന് വിതരണത്തിന് ചുമതലപ്പെടുത്തിയ തീരുമാനം ഭരണഘടനാ വിരുദ്ധം മെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി പ്രധാനമന്ത്രിക്കു കത്തയച്ചു

ന്യൂഡെല്‍ഹി: കൊവിഡ് രോഗികള്‍ക്ക് നല്‍കാന്‍ അനുയോജ്യമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം കണ്ടെത്തിയ ആയുഷ്-64 മരുന്ന് വിതരണം ചെയ്യാൻ സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. ഇത് ഭരണഘടനാ വിരുദ്ധമെന്നും വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

മരുന്ന് വിതരണത്തിന് സേവാ ഭാരതി വളണ്ടിയര്‍മാരുമായി സഹകരിച്ച് രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസിന്റെ (സി.സി.ആര്‍.എ.എസ്) വിവാദ ഉത്തരവ് പിന്‍വലിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ് പ്രതിരോധത്തില്‍ വിശ്രമമില്ലാതെ പങ്കാളികളാവുന്ന ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണ് ഈ ഉത്തരവ്.

ആര്‍.എസ്.എസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സേവാ ഭാരതിയെ മരുന്ന് വിതരണത്തിനായി സംസ്ഥാന സര്‍ക്കാറുകളും ജില്ലാ ഭാണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചുമതലപ്പെടുത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതിലൂടെ ഒരു മടിയുമില്ലാതെ തങ്ങളുടെ രാഷ്ട്രീയ പക്ഷപാതം കാണിക്കുകയാണ് സി.സി.ആര്‍.എ.എസ് ചെയ്തിരിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനമായ സി.സി.ആര്‍.എ.എസ് ആയുര്‍വേദത്തില്‍ ഗവേഷണവും കണ്ടുപിടുത്തങ്ങളും നടത്തുന്ന ഏജന്‍സിയാണ്. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി അത് അധഃപതിച്ചിരിക്കുന്നു. എത്രയും വേഗം ഉത്തരവ് പിന്‍വലിക്കണമെന്നും തീരുമാനത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുതകുന്ന തരത്തില്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പല മേഖലകളിൽ നിന്നും ആവശ്യങ്ങളുയർന്നു.

സര്‍ക്കാര്‍ കാര്യങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പരമ പ്രധാനമായി വേണ്ടത് ഐക്യമാണെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച (C.C.R.A.S) ആയുഷ്-64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ആര്‍.എസ്.എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുര്‍വേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്‍കാമെന്നാണ് ആയുഷിന്റെ തീരുമാനം. സേവാഭാരതി പ്രവര്‍ത്തകര്‍ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവര്‍ക്ക് പ്രത്യേക പാസ് നല്‍കണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജന്‍സികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യംവെച്ച് കൊണ്ടു രൂപീകരിച്ച സംഘപരിവാർ പോഷകസംഘടനയാണ് സേവാഭാരതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker