Pravasi

ടി.പത്മനാഭന് അബുദാബി ശക്തി പുരസ്കാരം

അബുദാബി: ശക്തി തിയേറ്റേഴ്സിന്‍റെ ശക്തി ടി.കെ. രാമകൃഷ്ണന്‍ സാംസ്കാരിക പുരസ്കാരത്തിന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ അര്‍ഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഈ സാംസ്കാരിക പുരസ്കാരം. വിജ്ഞാന സാഹിത്യത്തിനുള്ള പുരസ്കാരം ഡോ. അനില്‍ വള്ളത്തോളിനും (എഴുത്തച്ഛന്‍ എന്ന പാഠപുസ്തകം) കഥയ്ക്കുള്ളത് ജോണ്‍സാമുവലിനും (യഥാസ്തു) നോവലിനുള്ളത് എല്‍. ഗോപീകൃഷ്ണനും (ഞാന്‍ എന്‍റെ ശത്രു) ലഭിച്ചു.

കവിതാ പുരസ്കാരം ഡോ. ദേശമംഗലം രാമകൃഷ്ണനും (എന്നെ കണ്ടുമുട്ടാനെനിക്കാവുമോ) ഇ. സന്ധ്യ (അമ്മയുള്ളതിനാല്‍)യും പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് കലവൂര്‍ രവികുമാറിന്‍റെ څചൈനീസ് ബോയ്چ എന്ന കൃതിക്കാണ്. നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് ഡോ. സന്തോഷ് പള്ളിക്കാട് (പുരാവൃത്തവും കവിതയും) ടി. നാരായണന്‍ (കൃതികള്‍ മനുഷ്യകഥാനുഗായികള്‍) എന്നിവര്‍ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള ശക്തി – എരുമേലി അവാര്‍ഡ് ഭാസുരാദേവി (പി.കെ. കുഞ്ഞച്ചന്‍റെ ഭാസുര ഓര്‍മകള്‍), ഡോ. ഗീനാകുമാരി (സുശീല ഗോപാലന്‍ ജീവിതകഥ) എന്നിവര്‍ പങ്കിട്ടു.

നാടകത്തിനുള്ള അവാര്‍ഡ് ടി. പവിത്രന്‍ (പ്രാപ്പിടിയന്‍) ചേരമംഗലം ചാമുണ്ണി (ജീവിതത്തിന്‍റെ ഏടുകള്‍) എന്നിവര്‍ക്കാണ്. പുരസ്കാര സമിതി ചെയര്‍മാന്‍ പി. കരുണാകരന്‍, അംഗം എം.വി. ഗോവിന്ദന്‍മാസ്റ്റര്‍, കണ്‍വീനര്‍ എ.കെ. മൂസ മാസ്റ്റര്‍ എന്നിവര്‍ പത്രക്കുറിപ്പിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ അവാര്‍ഡുകള്‍. അര്‍ഹതപ്പെട്ട രണ്ടുപേരുള്ള ഇനങ്ങളില്‍ തുക തുല്യമായി വീതിച്ചു നല്‍കും.

അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്സ് ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡുകള്‍. മലയാള സാഹിത്യത്തിന്‍റെ വളര്‍ച്ചക്കും പുരോഗതിക്കും സഹായകരമായ മികച്ച കൃതികള്‍ കണ്ടെത്തി. അവ എഴുതിയ സാഹിത്യകാരന്മാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക അവാര്‍ഡുകളുടെ പ്രധാന ലക്ഷ്യമാണ്. 1987 മുതല്‍ അവാര്‍ഡുകള്‍ നല്‍കി വരുന്നു. പ്രശസ്ത സാഹിത്യ വിമര്‍ശകനും, വിദ്യാഭ്യാസ ചിന്തകനും ദേശാഭിമാനിവാരികയുടെ പത്രാധിപരും ആയിരുന്ന തായാട്ട് ശങ്കരന്‍റെ സ്മരണക്കായി ശക്തി തായാട്ട് അവാര്‍ഡ് 1989 മുതല്‍ നല്‍കുന്നു.

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്കാരിക നായകനുമായ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ളയുടെ സ്മരണക്കായി 2014 ല്‍ ഏര്‍പ്പെടുത്തിയതാണ് ശക്തി എരുമേലി പുരസ്കാരം. നാടകം, കവിത, നോവല്‍ ചെറുകഥ, വിജ്ഞാനം സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ഭാഷ, ശാസ്ത്രം, പഠനം സാമൂഹിക ശാസ്ത്രം, സംസ്കാരം, ഫോക്കലോര്‍ തുടങ്ങിയവ) ബാല സാഹിത്യം നിരൂപണം, ഇതര സാഹിത്യം, (ജീവചരിത്രം, ആത്മകഥ, ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരണം തുടങ്ങിയവ) എന്നിവയ്ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

1987 ല്‍ അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ചതു മുതല്‍ അതിന്‍റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുന്‍ സാംസ്കാരിക മന്ത്രി കൂടിയായ ടി.കെ. രാമകൃഷ്ണന്‍റെ സ്മരണ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയതാണ് ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്കാരം. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികള്‍ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. 2007 മുതല്‍ പുരസ്കാരം കൊടുത്തു വരുന്നു. അവാര്‍ഡിന് അര്‍ഹമായ കൃതികള്‍ തെരഞ്ഞെടുക്കുന്നതിന് പ്രശസ്ത സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടുന്ന പ്രാഥമിക കമ്മറ്റിയും ഓരോ സാഹിത്യ വിഭാഗത്തിനും പ്രത്യേക ജഡ്ജിംഗ് കമ്മറ്റികളും ഉണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker