KeralaNEWS

വിശ്വസ്തതയും കൂറും പുലർത്തിയ റോഷിക്ക് താൻ ഉയർത്തിപ്പിടിച്ച നിലപാടുകളുടെ അംഗീകാരമാണ് മന്ത്രിസ്ഥാനം

കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്‍റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകള്‍ക്കുമെതിരെ 1995 ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001 ല്‍ വിമോചന യാത്രയും നടത്തി ശ്രദ്ധേയനായി

പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ വീട്ടില്‍ അഗസ്റ്റിന്‍ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20 ന് ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നേതൃത്വത്തിലേക്ക് ഇടക്കോലി ഗവ. ഹൈസ്കൂള്‍ ലീഡറായി തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്‍റായും പാലാ സെന്‍റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്‍റായും യൂണിയന്‍ ഭാരവാഹിയായും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. കേരളാ കോണ്‍ഗ്രസ് (എം) ന്‍റെ ഭാരവാഹിയായിമാറി. കേരളാ ലീഗല്‍ എയ്ഡ് അഡ്വൈസറി ബോര്‍ഡ് മെമ്പറായും രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി ആദ്യകാല പ്രവര്‍ത്തനം.

കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്‍റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകള്‍ക്കുമെതിരെ 1995 ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001 ല്‍ വിമോചന യാത്രയും നടത്തി ശ്രദ്ധേയനായി. ഇരുപത്തിയാറാം വയസില്‍ നിയമസഭയിലേക്കുള്ള കന്നിയങ്കം പേരാമ്പ്രയില്‍ നിന്ന്. കന്നിയങ്കത്തിൽ പരാജയം സംഭവിച്ചെങ്കിലും കെ.എം മാണിയുടെ പ്രിയ ശിഷ്യൻ 2001 ല്‍ ഇടുക്കിയില്‍ നിന്നും സിറ്റിങ് എം.എല്‍.എ യെ പരാജയപ്പെടുത്തി ത്രികോണ മത്സരത്തില്‍ മികച്ച വിജയം നേടി. തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി.

കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. കെ.എം മാണി പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് റോഷി. ഇരുപത് വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ റോഷിയെ ശ്രദ്ധേയനാക്കി.ഇടുക്കി മെഡിക്കല്‍ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ് യാഥാര്‍ത്ഥ്യമായത്.കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി നൽകി പ്രാരംഭ പ്രവർത്തനം ആരംഭിച്ചു.കഴിഞ്ഞ സർക്കാർ വന്നപ്പോഴും മുഖ്യ പരിഗണന നൽകി മുന്നോട്ട് കൊണ്ടുപോകാനായത് റോഷിയുടെ രാഷ്ട്രീയത്തിന് അതീതമായ പൊതു പ്രവർത്തനത്തിന്റെ വിജയമാണ്. ജില്ലയിലെ ഭൂപ്രശ്നങ്ങളില്‍ കര്‍ഷകര്‍ക്കുവേണ്ടി ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2018 ഫെബ്രുവരിമാസം ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കാല്‍നട സമരം നടത്തി കര്‍ഷകരുടെ ശബ്ദമായി മാറി.
2018ലെ മഹാപ്രളയത്തിൽ ജനങ്ങളോടൊപ്പം നിലകൊണ്ട് പുനർനിർമ്മാണം സാധ്യമാക്കാൻ കഴിഞ്ഞു. സ്ഥലവും വീട് നഷ്ടപ്പെട്ടവർക്കും വരുമാന മാർഗങ്ങൾ നഷ്ടമായവർക്കും സർക്കാരിന്റെയും ഇതര ഏജൻസികളുടെയും സഹായങ്ങൾ സമയബന്ധിതമായിഎത്തിക്കാനായി.പതിറ്റാണ്ടുകളായി മുടങ്ങികിടന്ന ഇടുക്കി കഞ്ഞികുഴി വില്ലേജുകളിലെ പട്ടയ പ്രശ്നം പരിഹരിക്കാനായതും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നൽകിയതും ഈ കാലയളവിലാണ്.

രാഷ്ട്രീയത്തിനതീതമായി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്ത സൗഹൃദങ്ങളും വ്യക്തി ബന്ധങ്ങളും വോട്ടായി റോഷി അഗസ്റ്റിന് മാറിയിട്ടുണ്ട് . എന്നും കേരള കോൺഗ്രസ് എം നേതാവ് കെ എം മാണിയോടൊപ്പവും അദ്ദേഹത്തിൻറെ മരണശേഷം അദ്ദേഹത്തിൻറെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണിയോടും വിശ്വസ്തതയും കൂറും പുലർത്തിയ റോഷിക്ക് താൻ ഉയർത്തിപ്പിടിച്ച നിലപാടുകളുടെ അംഗീകാരമായാണ് മന്ത്രിസ്ഥാനം ലഭിക്കുന്നത്. കേരള കോൺഗ്രസിലെ പിളർപ്പിൽ റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ,ഡോ.എൻ ജയരാജ് എന്നിവർ ഉയർത്തിയ നിലപാടും നൽകിയ പിന്തുണയുമാണ് ജോസ് കെ മാണിക്ക് കേരള കോൺഗ്രസ് എം എന്ന പാർട്ടിയുടെ അംഗീകാരം നേടുവാനും തെരഞ്ഞെടുപ്പ് കമ്മീഷനിലും കോടതികളിലും നടന്ന വ്യവഹാരങ്ങളിൽ വിജയം കൈവരിക്കാൻ ആയതും പാർട്ടിയുടെ രണ്ടില ചിഹ്നം തിരികെ നേടുവാനും കഴിഞ്ഞത്.

അഞ്ചാം തവണ ഇടുക്കിയില്‍ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയത്തിന് അപ്പുറമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും തിളക്കമാർന്ന വിജയം സമ്മാനിച്ചത്. യു ഡി എഫ് കോട്ടകളിൽ പോലും മികച്ച ഭൂരിപക്ഷം നേടാനായത് രാഷ്ട്രീയ എതിരാളികളെ തന്നെ ഞെട്ടിച്ചു.. 5,573വോട്ട് ഭൂരിപക്ഷം നേടി മികച്ച വിജയം നേടാനായത് റോഷിയുടെ വ്യക്തിപരമായ വിജയം കൂടിയാണ്. മന്ത്രിസ്ഥാനം ലഭിക്കുവാൻ വ്യക്തിപരമായി യാതൊരു സമ്മർദ്ദവും ഉയർത്താതെ അതെല്ലാം പാർട്ടിചെയർമാൻ തീരുമാനിക്കുമെന്ന ഒറ്റവാക്കിൽ റോഷി ആരാണെന്നുള്ളതിന് ഉത്തരം ലഭിക്കും. കേരള കോൺഗ്രസ് എം രാഷ്ട്രീയത്തിലും മധ്യതിരുവിതാംകൂറിലും പ്രത്യേകിച്ച് മലയോര ജില്ലയായ ഇടുക്കിയിലും റോഷിയുടെ മന്ത്രി സ്ഥാനം പുതിയൊരു ചരിത്രമാകും. ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്നു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നു മന്ത്രിപദത്തിലെത്തുമ്പോൾ കർഷർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ നേഴ്സ് ആയ റാണിയാണ് ഭാര്യ. മൂത്തമകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠനം നടത്തുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker