KeralaNEWS

സമര തീക്ഷ്ണമായ രാഷ്ട്രീയ വഴികൾ ഒരുപാട് കടന്നാണ് കെ എൻ ബാലഗോപാൽ പിണറായി മന്ത്രിസഭയിൽ എത്തുന്നത്

ജനകീയ വിഷയങ്ങളിൽ പാർലമെൻ്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകൾ സിപിഎം വിരുദ്ധർക്കിടയിൽ പോലും ആരാധകരെ സൃഷ്ടിച്ചു

രണ്ടാം പിണറായി സർക്കാരിൽ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്ന് പൊതുജനം പ്രതീക്ഷിക്കുന്ന മന്ത്രിമാരുടെ കൂട്ടത്തിൽ ആദ്യ പേരുകാരനാണ് കെ എൻ ബാലഗോപാൽ. നാലു പതിറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തിന്റെ അനുഭവ സമ്പത്തുമായാണ് പിണറായി മന്ത്രിസഭയിലെ പ്രധാനികളിലൊരാളായി ഈ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കടന്നു വരുന്നത്.

സമര തീക്ഷ്ണമായ രാഷ്ട്രീയ വഴികൾ ഒരുപാട് കടന്നാണ് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരെന്ന ഗ്രാമത്തിൽ നിന്ന് കെ എൻ ബാലഗോപാൽ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. സമരമുഖങ്ങളിൽ ചിന്തിയ ചോരയുടെ ചൂടും ജയിൽ ജീവിതത്തിൻ്റെ ചൂരുമേറ്റായിരുന്നു പുനലൂർ എൻ എസ് എസ് കോളജിലെ സാധാരണ പ്രവർത്തകനിൽ നിന്ന് എസ് എഫ് ഐയുടെയും ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യാ അധ്യക്ഷ പദവികളോളമുള്ള ബാലഗോപാലിൻ്റെ രാഷ്ട്രീയ വളർച്ച. 1996ലെ കന്നി മൽസരത്തിൽ അടൂരിൽ തോറ്റുപോയെങ്കിലും രണ്ടു വർഷത്തിനപ്പുറം സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യസഭാ എംപി എന്ന നിലയിൽ മിടുക്കനായ പാർലമെൻ്റേറിയൻ എന്ന വിളിപ്പേര് കിട്ടാൻ കാലമേറെ വേണ്ടി വന്നില്ല. ജനകീയ വിഷയങ്ങളിൽ പാർലമെൻ്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകൾ സിപിഎം വിരുദ്ധർക്കിടയിൽ പോലും ആരാധകരെ സൃഷ്ടിച്ചു. പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറി പദം 2015ൽ ഏറ്റെടുത്ത ബാലഗോപാൽ തൊട്ടടുത്ത വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11ൽ 11 സീറ്റിലും ഇടത് വിജയം ഉറപ്പിച്ചാണ് തൻ്റെ സംഘാടക മികവ് തെളിയിച്ചത്. 2019 ൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിൽ ബാലഗോപാലും വീണു. പക്ഷേ രണ്ടു വർഷത്തിനിപ്പുറം മിന്നുന്നൊരു വിജയം നൽകി കൊട്ടാരക്കരക്കാർ ബാലഗോപാലിലെ ബഹുമുഖ പ്രതിഭയ്ക്ക് ജനകീയ അംഗീകാരത്തിൻ്റെ കൈയൊപ്പ് ചാർത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker