KeralaNEWS

സ്ഥിരം ഫോർമുലകൾക്കപ്പുറം പിണറായി, കേരളത്തിന്റെ ക്യാപ്റ്റൻ വീണ്ടും സാരഥി

നിരവധി കടന്നാക്രമണങ്ങളും വേട്ടയാടലുകളും അതിജീവിച്ച പിണറായി വിജയനാണ് നായകൻ

രാജ്യത്തെ ഒരു സംസ്ഥാനത്തും പ്രതീക്ഷിക്കാനാവാത്ത തലമുറ മാറ്റം ആണ് ഭരണരംഗത്ത് അനായാസമായി സിപിഐഎം കേരളത്തിൽ നടത്തിയത്. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രി സ്ഥാനങ്ങളിൽ പുതുമുഖങ്ങളെ അണിനിരത്തുക വഴി രാജ്യത്തെ മറ്റു പാർട്ടികൾക്ക് മാതൃക കാണിക്കുകയാണ് സിപിഐഎം ചെയ്തത്.

നിരവധി കടന്നാക്രമണങ്ങളും വേട്ടയാടലുകളും അതിജീവിച്ച പിണറായി വിജയനാണ് നായകൻ. കേരള ചരിത്രത്തിൽ അപൂർവ്വ റെക്കോർഡിന് ഉടമയായിരിക്കുകയാണ് പിണറായി. തുടർച്ചയായി രണ്ട് ടേമിൽ മുഖ്യമന്ത്രി ആകുക എന്നത് പുതുചരിത്രം.

നിശ്ചയദാർഢ്യത്തിന്റെയും പതറാത്ത കമ്യൂണിസ്റ്റ് ധൈര്യത്തിന്റെയും പ്രതീകമാണ് പിണറായി. ഇരുപത്തിയാറാം വയസ്സിൽ നിയമസഭയിലെത്തി. ജനപ്രതിനിധി ആയിട്ടും അടിയന്തരാവസ്ഥയിൽ പോലീസ് വേട്ടയ്ക്ക് ഇരയായി. ചോര പുരണ്ട വസ്ത്രങ്ങൾ ഉയർത്തിപ്പിടിച്ച് ആഭ്യന്തരമന്ത്രി കെ കരുണാകരനോട്‌ ചോദ്യം ഉന്നയിച്ച ആ ചെറുപ്പക്കാരൻ ഇന്ന് കേരളത്തിന്റെ ക്യാപ്റ്റൻ ആണ്.

ചെത്തു തൊഴിലാളിയായ മുണ്ടയിൽ കോരൻറെയും കല്യാണിയുടെയും മകനായ വിജയൻ 1945 മെയ് 24ന് പിണറായിയിൽ ജനിച്ചു. ബാല്യ-കൗമാര കാലം പൂർണമായും ദാരിദ്ര്യം നിറഞ്ഞതായിരുന്നിട്ടും പഠനത്തിൽ പിന്നിലായില്ല. പിണറായി യുപി സ്കൂളിലും പെരളശ്ശേരി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം കുടുംബത്തെ പോറ്റാൻ നെയ്ത്തു തൊഴിലാളിയായി ജോലി ചെയ്തു. തുടർന്ന് തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രി – ബിരുദപഠനം നടത്തി. കെ എസ് എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചതിനുശേഷം 1968 ൽ മാവിലായിയിൽ ചേർന്ന കണ്ണൂർ ജില്ലാ പ്ലീനത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1978ൽ സംസ്ഥാന കമ്മിറ്റി അംഗമായി. പാർട്ടി ഏറെ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരുന്നപ്പോൾ 1986ൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1988ലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നത്. 1996ൽ സഹകരണ – വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ കേരളം വൈദ്യുതി മേഖലയിൽ ചരിത്രം കുറിച്ചു.

1998ൽ ചടയൻ ഗോവിന്ദന്റെ വിയോഗത്തെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.കണ്ണൂർ,മലപ്പുറം, കോട്ടയം,തിരുവനന്തപുരം സമ്മേളനങ്ങളിലും പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആലപ്പുഴ സമ്മേളനത്തിൽ പിണറായി സെക്രട്ടറി പദം ഒഴിഞ്ഞു. കൊൽക്കത്തയിൽ ചേർന്ന പതിനാറാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗം ആയി.പിന്നാലെ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു

എസ്എൻസി ലാവലിൻ കരാറുമായി ബന്ധപ്പെട്ടുള്ള വേട്ടയാടലിന് പിന്നാലെ ഒന്നര പതിറ്റാണ്ടിലേറെ കാലം ആണ് അദ്ദേഹം പാർലമെന്ററി രാഷ്ട്രീയ രംഗത്ത് നിന്ന് മാറി നിന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലെത്തിയതോടെ പിണറായി വിജയൻ മുഖ്യമന്ത്രി ആയി.

കേരളചരിത്രത്തിലെ നിർണായക രാഷ്ട്രീയ വർഷങ്ങളാണ് കടന്നു പോയത് . ഓഖിയിലും രണ്ടുതവണ എത്തിയ പ്രളയത്തിലും കേരളം ആടിയുലഞ്ഞപ്പോൾ കേരളമെന്ന കപ്പലിന്റെ കപ്പിത്താനായി പിണറായി. നിപ്പയെ പിടിച്ചുകെട്ടി ലോകത്തിന് മാതൃകയായി കേരളം. കോവിഡിനെതിരെ ഉള്ള പോരാട്ടത്തിൽ ലോകം കാതോർക്കുന്ന ഇടമായി കേരളം മാറി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഭരണം അനുഭവപ്പെട്ടുതുടങ്ങി. പാവങ്ങളെയും അശരണരെയും ആലംബഹീനരേയും സാധാരണക്കാരെയും എന്നുവേണ്ട സർവ ജനവിഭാഗങ്ങളെയും എൽഡിഎഫ് സർക്കാർ ചേർത്തുനിർത്തി.

ഇപ്പോഴിതാ സുദൃഢമായ തലമുറമാറ്റം എന്ന തീരുമാനത്തിലൂടെ ലോക ഭരണ ചരിത്രത്തിന് തന്നെ മാതൃകയാവുകയാണ് ഈ കൊച്ചുകേരളത്തിലെ രണ്ടാം പിണറായി സർക്കാർ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker