KeralaNEWS

എൽ ഡി എഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ശ്രമം നടക്കുന്നു, വിശദീകരണവുമായി എ കെ ബാലൻ

ഇതും ആർഭാടമാണ്, പ്രോട്ടോക്കോൾ ലംഘനമാണ് എന്നു പറയുന്നവർ, ഈ ഗവണ്മെൻ്റിന് തുടർച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല

എൽ ഡി എഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഫേസ്ബുക് പോസ്റ്റിലാണ് എ കെ ബാലന്റെ വിശദീകരണം.

എ കെ ബാലന്റെ ഫേസ്ബുക് പോസ്റ്റ്‌ :

മെയ് 20ന് നടക്കുന്ന എൽ ഡി എഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ശ്രമം നടക്കുകയാണല്ലോ. എന്താണ് വസ്തുത ?

സാധാരണ ഗതിയിൽ ജനലക്ഷങ്ങൾ പങ്കെടുക്കേണ്ട ചടങ്ങാണ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാൽ കോവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വിശാലമായ സ്ഥലത്ത്, അനിവാര്യമായ ചുരുങ്ങിയ പങ്കാളിത്തത്തോടെ, ഔപചാരിക ചടങ്ങായി മാത്രം ചുരുക്കി സത്യപ്രതിജ്ഞ
നടത്താൻ നിർബന്ധിതമായ സാഹചര്യത്തെക്കുറിച്ച് ബഹു. മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്.

ഇതും ആർഭാടമാണ്, പ്രോട്ടോക്കോൾ ലംഘനമാണ് എന്നു പറയുന്നവർ, ഈ ഗവണ്മെൻ്റിന് തുടർച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല; ആഗ്രഹിക്കുന്നവരുമല്ല. ജനമനസ്സിൽ എൽ ഡി എഫ് ഗവണ്മെൻ്റ് ഒരു വലിയ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. അതിൻ്റെ തുടർച്ചയായി ഈ ഗവണ്മെൻ്റിനെ ശക്തിപ്പെടുത്താനാണ് ജനങ്ങൾ തീരുമാനിച്ചിട്ടുള്ളത്. ഇതിനെ തകർക്കാൻ ആരെയും അനുവദിക്കില്ല. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നവരിൽ മാത്രമല്ല, മറ്റ് വിഭാഗങ്ങളിലും ഈ വികാരം കാണാം.

കോവിഡ്- 19 രോഗ പ്രതിരോധത്തിനായി ഗവണ്മെൻ്റ് തന്നെ രൂപം നൽകിയ പ്രോട്ടോക്കോൾ, മറ്റ് നടപടിക്രമങ്ങൾ എന്നിവയുടെ പേരിൽ വീട്ടിലിരിക്കേണ്ടവരല്ല ജനപ്രതിനിധികളും ചില മേഖലകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും. ഉദാഹരണമായി ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉൾപ്പെടെ അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർ. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽ നിൽക്കേണ്ടവരാണ് ജനപ്രതിനിധികളും അവശ്യ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവരും. ഇവർ വീട്ടിൽ തന്നെയിരുന്നാൽ രോഗ പ്രതിരോധ നടപടികൾ താളം തെറ്റും. സാധാരണ ജനങ്ങൾ സുരക്ഷിതരായി വീട്ടിലിരിക്കാൻ വേണ്ടി അപകടകരമായ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്നവരാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജീവനക്കാരും. അവർ പ്രോട്ടോക്കോളിന് പൂർണമായും വിധേയമായി ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല. കോവിഡിനോട് മുഖാമുഖം നിന്ന് സാഹസികമായി പൊരുതുന്നവരാണവർ. ചിലപ്പോൾ അവർക്ക് അതിൻ്റെ ഭാഗമായി കിട്ടുന്നത് മരണമായിരിക്കും. തൻ്റെ മുന്നിൽ പ്രോട്ടോക്കോൾ ആണുള്ളത് എന്നു പറഞ്ഞ് ഇത്തരം ഘട്ടങ്ങളിൽ അവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് മാറാൻ കഴിയില്ല. അങ്ങനെയൊരു വിഭാഗം ഇല്ലെന്നു കരുതുക. എന്തായിരിക്കും സ്ഥിതി?

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണ്. ഇത് വേണമെങ്കിൽ ഗവർണർ താമസിക്കുന്ന രാജ്ഭവനിൽ നടത്താം. സ്ഥലപരിമിതിയുള്ള രാജ്ഭവനിൽ നടത്തുന്നതിനേക്കാൾ സുരക്ഷിതമാണ് വിശാലമായ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടത്തുന്നത്. 50000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്ഥലത്ത് 500 പേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ തീരുമാനിച്ചത്. ഇവിടെ പങ്കെടുക്കുന്നവർ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ആർ ടി പി സി ആർ ടെസ്റ്റ് അതല്ലെങ്കിൽ രണ്ട് തവണ വാക്സിനേഷൻ നടത്തിയതിൻ്റെ സർട്ടിഫിക്കറ്റ്, ഡബിൾ മാസ്ക് എന്നിവ നിർബന്ധമാണ്. സുരക്ഷിതമായ അകലത്തിലാണ് എല്ലാവരും ഇരിക്കുക. അവർ മുഖേന സത്യപ്രതിജ്ഞാ ചടങ്ങിൽ ആർക്കും രോഗം പകരില്ല. കാരണം, വരുന്നവർ പരിപൂർണമായും മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതരാണ് എന്നതാണ്. പക്ഷേ നാളെ ഇവർ മറ്റൊരു സ്ഥലത്ത് പോവുകയും മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാതിരിക്കുകയും ചെയ്താൽ രോഗ വ്യാപനം നടന്നേക്കാം.

ഡോക്ടർ രോഗിയെ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും നഴ്സ് പരിചരിക്കുന്നതും അപകടത്തിൻ്റെ പരിധിക്കുള്ളിൽ നിന്നാണ്. പൊലീസ് വാഹനങ്ങൾ നിർത്തി ആളെ പരിശോധിക്കുന്നതും ഇതേ അപകട സാഹചര്യത്തിൽ തന്നെയാണ്. നിയന്ത്രിതമായ വിശാലമായ സ്ഥലത്ത്, പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു നടത്തുന്ന ഇത്തരം ചടങ്ങുകളിൽ നിന്നല്ല രോഗവ്യാപനം ഉണ്ടാകുന്നത്.

എം എൽ എ മാർ ലജിസ്ലേച്ചറിൻ്റെ ഭാഗമാണ്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയെയും ഒഴിവാക്കാൻ കഴിയില്ല. കോടതികൾ പ്രവർത്തിക്കേണ്ടി വരും. ഭരണ സംവിധാനം പ്രവർത്തിച്ചേ തീരൂ. ഈ ചുമതലകളിൽ നിന്ന് ബന്ധപ്പെട്ടവർക്ക് ഒഴിയാനാവില്ല. ചുമതല നിർവഹിക്കുമ്പോൾ റിസ്കുമുണ്ട്. ഈ പ്രവർത്തനത്തിനിടയിൽ ചിലപ്പോൾ അറിയാതെ എപ്പോഴെങ്കിലും പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടേക്കാം. ഇതു പോലെയല്ല ജനങ്ങൾ. ജനങ്ങളെ സംരക്ഷിക്കാനും പരിരക്ഷ കൊടുക്കാനുമാണ് ജനപ്രതിനിധികൾ. ജനപ്രതിനിധികൾ റിസ്കെടുത്തേ പറ്റൂ. പക്ഷേ അവർ സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്നത് പൂർണമായ മുൻകരുതലെടുത്ത് സുരക്ഷിതരായാണ്. ചടങ്ങ് കഴിഞ്ഞാൽ അവർ വീണ്ടും പ്രവചിക്കാൻ കഴിയാത്ത അപകട സാഹചര്യങ്ങളിലാകും പ്രവർത്തിക്കുക. അതിന് പോകണ്ട എന്ന് പറയാൻ കഴിയില്ല.

ഈ വ്യത്യസ്ത സാഹചര്യങ്ങൾ മനസ്സിലാക്കാതെയാണ് ചിലർ അനാവശ്യ വിവാദമുണ്ടാക്കുന്നത്. ഗവണ്മെൻ്റിൻ്റെ വരവിൽ സന്തോഷമില്ലാത്ത ദോഷൈകദൃക്കുകളാണ് ഇതിൻ്റെ പിന്നിൽ. ഗവണ്മെൻ്റിൻ്റെ തുടക്കത്തിൽ തന്നെ എന്തെങ്കിലുമൊരു വിവാദമുണ്ടാക്കണമെന്നേയുള്ളൂ അവർക്ക്. വസ്തുതകൾ മനസ്സിലാക്കി ഇവരുടെ ദുഷ്പ്രചാരണത്തെ തള്ളിക്കളയണമെന്ന് അഭ്യർഥിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker