KeralaNEWS

ആശ്വാസമായി രോഗമുക്തി,99,651 പേര്‍ രോഗമുക്തരായി

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

ഇന്ന് 21,402 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 86,505 പരിശോധനകള്‍ നടത്തി. 87 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 3,62,315 പേരാണ്. ഇന്ന് 99,651 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിവരുന്നു. വളരെ കുറച്ച് ജനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. കോവിഡ് ബാധിതരും പ്രൈമറി കോണ്‍ടാക്ട് ആയവരും വീടുകള്‍ക്കുള്ളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി ഈ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് ഉള്‍പ്പെടെ ഉപയോഗിച്ച് നിരന്തര നിരീക്ഷണം നടത്തിവരുന്നു.

നിരത്തുകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവു. ചുരുക്കം ചിലര്‍ക്ക് വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ പൊതുവേ ട്രിപ്പിള്‍ ലോക്ക്ഡൗണുമായി സഹകരിക്കുന്നു. കോവിഡിനെതിരെ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഇത് കാണിക്കുന്നത്.

സംസ്ഥാനത്തെ രോഗവ്യാപനത്തിന്‍റെ കാര്യത്തില്‍ അല്‍പം ശുഭകരമായ സൂചനകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. മെയ് 1 മുതല്‍ 8 വരെ നോക്കിയാല്‍ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്.
ആ ഘട്ടത്തില്‍ 8 ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ നില സ്ഥായിയായി തുടരുകയാണ്. എന്നാല്‍, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായാണ് കാണുന്നത്. കൊല്ലം ജില്ലയില്‍ 23 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

എങ്കിലും സംസ്ഥാനത്ത് പൊതുവില്‍ ആക്റ്റീവ് കേസുകളില്‍ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകള്‍ 3,62,315 ആയി കുറഞ്ഞിരിക്കുന്നു.

ലോക്ഡൗണിനു മുന്‍പ് നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കര്‍ഫ്യൂവിന്‍റേയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണിതെന്നു വേണം അനുമാനിക്കാന്‍.
ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതല്‍ ഒന്നര ആഴ്ച വരെ മുന്‍പ് ബാധിച്ചതായതിനാല്‍ ലോക്ക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാന്‍ പോകുന്നേയുള്ളു. ഇപ്പോള്‍ കാണുന്ന ഈ മാറ്റം ലോക്ഡൗണ്‍ ഗുണകരമായി മാറിയേക്കാം എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച കര്‍ശനമായ ജാഗ്രത ഗുണകരമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതുകൊണ്ട്, ലോക്ക്ഡൗണിന്‍റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ കൂടെ ഈ ജാഗ്രത തുടര്‍ന്നുകൊണ്ട് നമുക്ക് മുന്നോട്ടു പോകാം. നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്ക് അപ്പുറത്തേയ്ക്ക് രോഗവ്യാപനം ശക്തമാകാതിരിക്കണം. അതിന് ഈ ലോക്ഡൗണ്‍ വിജയിക്കേണ്ടത് അനിവാര്യമാണ്.

ഇന്ന് അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ആശ്വാസാകരമാണ്. രോഗവ്യാപനത്തിന്‍റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദദ്ധര്‍. എന്നാല്‍, അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല.
ഓക്സിജന്‍ മൂവ്മെന്‍റ് നന്നായി നടക്കുന്നു. വല്ലാര്‍ത്ത് പാടത്ത് വന്ന ഓക്സിജന്‍ എക്സ്പ്രസിലെ ഓക്സിജന്‍ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള്‍ അത് പൂര്‍ത്തിയായിട്ടുണ്ട്. അവര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടും.

കോവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂകോസ്, രക്തസമ്മര്‍ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് പരിശോധിക്കും.

വാക്സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണ്. ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ ഇറങ്ങും. മൂന്നു കോടി ഡോസ് വാക്സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ലോക്ക്ഡൗണ്‍ കാരണം പാല്‍ കെട്ടിക്കിടക്കുകയാണ്. അത് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കാം. രോഗികള്‍ക്കും കുട്ടികള്‍ക്കും കൊടുക്കാം.
ഇക്കാര്യത്തിൽ ചെയ്യാൻ പറ്റുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുൻകൈയെടുത്ത് ആലോചിക്കണം.

ആദിവാസി മേഖലയില്‍
രോഗം പടരുന്നത് വളരെയധികം ശ്രദ്ധിക്കണം. ആദിവാസികള്‍ കൂടുതലുള്ള ജില്ലകളില്‍ ഇതില്‍ നല്ല ജാഗ്രത വേണം.
തോട്ടം തൊഴിലാളികളായ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ ഇല്ലെങ്കില്‍ ഏതെങ്കിലും ലയത്തെ അതിനായി ഒരുക്കുകയും അവിടെ താമസിക്കുന്നവര്‍ക്ക് പകരം സൗകര്യം നല്‍കുകയും വേണം. വാക്സിനേഷന്‍ കഴിയാവുന്നത്ര നല്‍കണം. രോഗം പകരാതിരിക്കാനുള്ള ജാഗ്രതയും കാണിക്കണം.

കോവിഡ് രോഗബാധിതര്‍ക്ക് സഹായം ആവശ്യമാകുമ്പോള്‍ അതു നല്‍കേണ്ട ബാധ്യത നിറവേറ്റുന്നതിനു പകരം ഭയപ്പാടോടെ മാറിനില്‍ക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടം പറ്റിയ രോഗി ഗുരുതരമായ അവസ്ഥ നേരിട്ടിട്ടും ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാതിരിക്കുന്ന അവസ്ഥ മനുഷ്യത്വത്തിനു നിരക്കാത്ത കാര്യമാണ്.
രോഗബാധിതനായ വ്യക്തിയെ ചികിത്സിക്കാനും പരിചരിക്കാനും അനാവശ്യമായ ഭീതി ഒഴിവാക്കാനും എല്ലാവരും തയ്യാറാകണം. രോഗിയെ പരിചരിക്കുമ്പോള്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള അവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. രോഗം പകരുമെന്ന് കരുതി കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെല്ലാം വിട്ടുനിന്നാല്‍ എന്തായിരിക്കും സംഭവിക്കും? സന്നദ്ധപ്രവര്‍ത്തകര്‍ മാറി നിന്നാല്‍ നമ്മളെന്തു ചെയ്യും? ഇങ്ങനെ ഒരുപാട് മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ നാട് സുരക്ഷിതമായി ഇരിക്കുന്നതെന്ന് ആലോചിക്കുക. രോഗികളെ
ഒറ്റപ്പെടുത്തുന്ന മനുഷ്യത്വഹീനമായ കാഴ്ചപ്പാട് ഒഴിവാക്കണം.

*വാക്സിനേഷന്‍*

18 വയസ്സു മുതൽ 44 വയസ്സു വരെയുള്ളവരിൽ ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കാണ് വാക്സിനേഷൻ ആദ്യം നൽകുക എന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. അവർ കേന്ദ്ര ഗവണ്മൻ്റിൻ്റെ കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, അവിടെ സമർപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ചുകൊണ്ട് www.covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും, അവിടെ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുകയും വേണം. അതോടൊപ്പം ആ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത കോമോര്‍ബിഡിറ്റി ഫോം ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ സമര്‍പ്പിച്ചാല്‍ അപേക്ഷ തള്ളിപ്പോകുന്നതായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇതുവരെ 50,178 പേരാണ് അപേക്ഷകള്‍
സമര്‍പ്പിച്ചത്. അതില്‍ 45525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അതുകൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ തെറ്റുകൂടാതെ പാലിക്കാന്‍ ശ്രദ്ധിക്കണം. ചില പരാതികളും പ്രായോഗിക പ്രശ്നങ്ങളും ഇക്കാര്യത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവ പരിഗണിച്ചു എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ക്വാറന്‍റൈന്‍ ലംഘനം പരിശോധിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി വനിതാ പൊലീസിനെ നിയോഗിച്ചത് വളരെ വിജയകരമായതായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഇത്തരം ജോലികള്‍ക്ക് നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലായി നടന്നുവന്ന പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലന പരിപാടികള്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെ പരിശീലനത്തിലായിരുന്നവരെ പൊലീസിനൊപ്പം വളന്‍റിയര്‍മാരായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശീലനത്തിലുണ്ടായിരുന്ന 391 വനിതകളെ അവരുടെ നാട്ടിലെ തന്നെ പൊലീസ് സ്റ്റേഷനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും.

അതുപോലെതന്നെ പരിശീലനത്തിലുള്ള പുരുഷന്മാരായ 2476 പൊലീസുകാരെയും അവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുകളില്‍ നിയോഗിക്കും. പരിശീലനം നേടിക്കൊണ്ടിരിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 124 പേരെ ട്രൈബല്‍ മേഖലകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിമാരായ 167 പേര്‍ ഇപ്പോള്‍ത്തന്നെ വിവിധ സ്ഥലങ്ങളില്‍ വളന്‍റിയര്‍മാരായി ജോലി നോക്കുന്നുണ്ട്.

കണ്ടെയ്ന്‍മെന്‍റ് സോണില്‍ കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ മികച്ച സഹകരണമാണ് നല്‍കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഇത്തരത്തില്‍ കൂടുതല്‍ സഹകരണം ലഭിക്കുന്നത്. ഇത് മാതൃകയാക്കി പ്രവര്‍ത്തിക്കാന്‍ മറ്റു ജില്ലകളിലെയും റെസിഡന്‍സ് അസോസിയേഷനുകള്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു.

കോവിഡ്മൂലമോ മറ്റ് രോഗങ്ങളാലോ വീടുകളില്‍ തന്നെ കഴിയുന്ന രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ആവശ്യമായ നിര്‍ദ്ദേശങ്ങളും പിന്‍തുണയും നല്‍കാന്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ സഹായത്തോടെ ഒരു പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മിഷന്‍ ബെറ്റര്‍ ടുമാറോ, നന്‍മ ഫൗണ്ടേഷന്‍ എന്നിവരുടെ പിന്‍തുണയോടെയാണ് ഡോക്ടേഴ്സ് ഡെസ്ക് എന്ന ഈ സംവിധാനം നടപ്പിലാക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരായ നൂറ്റിയന്‍പതോളം ഡോക്ടര്‍മാര്‍ ഈ സംരംഭത്തിന്‍റെ ഭാഗമാണ്.

*കാലാവസ്ഥ*

ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ആശങ്കയില്‍ നിന്ന് സംസ്ഥാനം മുക്തമാവുകയാണ്. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത നാളെ വരെ ഉണ്ട്. പൊതുവെ മഴ കുറയുന്ന സാഹചര്യമാണുള്ളത്.
എന്നാല്‍, ചുഴലിക്കാറ്റിന്‍റെ പ്രഭാവംമൂലം അറബിക്കടല്‍ അടുത്ത ദിവസങ്ങളിലും പ്രക്ഷുബ്ധമായി തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നറിയിപ്പാണ് സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. തീരദേശ വാസികള്‍ ജാഗ്രത തുടരണം.

ഇന്ന് പകല്‍ മൂന്നുമണി വരെ ലഭിച്ച കണക്ക് പ്രകാരം സംസ്ഥാനത്തെ 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളില്‍പ്പെട്ട 5235 പേരുണ്ട്. അതില്‍ 2034 പുരുഷന്മാരും 2191 സ്ത്രീകളും 1010 കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ പേരുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്- 1427ഉം 1180ഉം പേര്‍ വീതം.

മെയ് 12 മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും 2 പേര്‍ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവടങ്ങളില്‍ ഓരോ പേരും ഉള്‍പ്പടെ 7 പേര്‍ മരണമടഞ്ഞു.
ടൗട്ടെ ചുഴില്‍ക്കറ്റിന്‍റെ ഫലമായി സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 310.3 കിലോമീറ്റര്‍ എല്‍എസ്ജിഡി റോഡുകള്‍ തകര്‍ന്നു. 34 അങ്കണവാടികള്‍, 10 സ്കൂളുകള്‍, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 1464 വീടുകള്‍ ഭാഗികമായും 68 പൂര്‍ണമായും മഴക്കെടുത്തിയില്‍ തകര്‍ന്നിട്ടുണ്ട്.

*സത്യപ്രതിജ്ഞ*

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകല്‍ മൂന്നര മണിക്ക് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹുമാനപ്പെട്ട കേരള ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുക.

ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍, ജനങ്ങളുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍ തന്നെയാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യത്തില്‍ കീഴ് വഴക്കവും. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, കോവിഡ് മഹാമാരിയുടെയും പ്രകൃതിക്ഷോഭ ദുരന്തത്തിന്‍റെയും പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷത്തിമിര്‍പ്പോടെ നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ വിധത്തില്‍, ചുരുങ്ങിയ തോതില്‍ ചടങ്ങ് നടത്തുന്നത്.

അമ്പതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ് സെന്‍ട്രല്‍ സ്റ്റേഡിയം. എന്നാല്‍, ഇതിന്‍റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെ ചുരുക്കുന്നത്.
അഞ്ഞൂറുപേര്‍ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല. 140 നിയമസഭാ സാമാജികരുണ്ട്. 29 എംപിമാരുണ്ട്. പാര്‍ലമെന്‍ററി പാര്‍ടി യോഗമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരൊക്കെയെന്ന് നിശ്ചയിക്കുന്നത്. ആ പാര്‍ലമെന്‍ററി പാര്‍ടി അംഗങ്ങളെ, അതായത് എംഎല്‍എമാരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല.

ജനാധിപത്യ വ്യവസ്ഥയുടെ അടിത്തൂണുകളാണ് ലെജിസ്ലേച്ചര്‍, എക്സിക്യൂട്ട്, ജുഡീഷ്യറി എന്നിവ. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഇവ മൂന്നിനെയും ഒഴിവാക്കാനാവില്ല. ഇവയാകെ ഉള്‍പ്പെട്ടാലെ ജനാധിപത്യം പുലരൂ. ഈ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ന്യായാധിപന്‍മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുള്ളത്.
ജനാധിപത്യത്തിന്‍റെ നാലാം തൂണാണല്ലോ മാധ്യമരംഗം. അവരെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കും. തങ്ങള്‍ തെരഞ്ഞെടുത്തയച്ചവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സഫലമാകുന്നത് മാധ്യമപ്രവര്‍ത്തകര്‍ വഴിയാണല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ 500 എന്നത് മൂന്ന് കോടിയോളം ജനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങില്‍ അധികമല്ല എന്നാണ് കാണുന്നത്.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെന്ന നിലയിലാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. ഇതുൾക്കൊള്ളാതെ ഇതിനെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാന്‍ ആരും തയ്യാറാകരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

21 മന്ത്രിമാരുണ്ട്. ഗവര്‍ണറുണ്ട്. ചീഫ് സെക്രട്ടറിയുണ്ട്. രാജ്ഭവനിലെയും സെക്രട്ടറിയേറ്റിലെയും ഒഴിച്ചുനിര്‍ത്താനാവാത്തതും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കുള്ളതുമായ ഉദ്യോഗസ്ഥരുണ്ട്. ഇവരാകെ അടച്ചുകെട്ടിയ ഒരു ഹാളില്‍ ദീര്‍ഘസമയം ചെലവഴിച്ചു സത്യപ്രതിജ്ഞ നടത്തുന്നത് ഒഴിവാക്കാനാണ് ആലോചിച്ചത്. ഇതു കൂടി കണക്കിലെടുത്താണ് സ്റ്റേഡിയത്തിലാക്കുന്നത്.
സ്റ്റേഡിയത്തില്‍ എന്നു പറഞ്ഞാൽ തുറസ്സായ സ്ഥലം, സാമൂഹ്യ അകലം, വായുസഞ്ചാരം, ഒഴിവാക്കാനാവാത്തവരുടെ മാത്രം സാന്നിധ്യം തുടങ്ങിയവയാല്‍ ആകും സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധിക്കപ്പെടുക.

ഭരണഘടനാ പദവി വഹിക്കുന്നവര്‍, പ്രോട്ടോകോള്‍ പ്രകാരം അനിവാര്യമായവര്‍, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികള്‍ തുടങ്ങി നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍ മാത്രമാണ് ഉണ്ടാവുക.

ജനലക്ഷങ്ങളോടായി ഒരു കാര്യം പറയട്ടെ. സെന്‍ട്രല്‍ സ്റ്റേഡിയമല്ല, സത്യത്തില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരള ജനതയിലെ ഒരോരുത്തരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദി.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടിവരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിച്ച് നിര്‍ത്തേണ്ടിവരുന്നത്. ഈ പരിമിതിയില്ലായിരുന്നുവെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നെന്ന് ഞങ്ങള്‍ക്കറിയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചുകൊണ്ട്, ഈ രണ്ടാമൂഴം ചരിത്രത്തില്‍ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങള്‍. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികള്‍ ആവേശപൂര്‍വ്വം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങള്‍. നിങ്ങള്‍ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവും.

കോവിഡ് മഹാമാരിമൂലം നിയുക്ത ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ ഇടയിലേക്ക് തിരിച്ച് ചെന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്കാവട്ടെ ഇവിടേക്ക് വരുന്നതിന് മഹാമാരിമൂലം തടസ്സമുണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിന്‍റെ പ്രത്യേകതമൂലം വരാന്‍ ആഗ്രഹിച്ചിട്ടും വരാന്‍ കഴിയാത്ത ജനതയെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.
ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ അത് അതിഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ ആരും തടയില്ല. ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്‍റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്‍റെ ആവേശവും ആഹ്ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്‍റെ പുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍.
സത്യപ്രതിജ്ഞ അല്‍പ്പം ഒന്ന് വൈകിച്ചതുപോലും ജനാഭിലാഷം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് അവസരം ഉണ്ടാകുമോ എന്ന് നോക്കാനാണ്. കഴിയുന്നത്ര ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അവര്‍ക്കാകെ തൃപ്തി വരുന്ന വിധത്തില്‍ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ഭരണഘടനാപരമായ ഉത്തരവാദിത്തം അനിശ്ചിതമായി വൈകിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പരിമിതികള്‍ക്കു വിധേയമായി ചടങ്ങ് നടത്തേണ്ടിവരും.

നാട്ടില്‍ ഉള്ളവര്‍ മുതല്‍ പ്രവാസി സഹോദരങ്ങള്‍ വരെ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് സത്യപ്രതിജ്ഞാ ചടങ്ങെന്നറിയാം. ചടങ്ങ് കാണാനായി മാത്രം കടല്‍ കടന്ന് ഇവിടേക്ക് വരാന്‍ കാത്തിരുന്ന നൂറുകണക്കിന് ആളുകളുണ്ട്. ശാരീരിക വൈഷമ്യങ്ങളും രോഗാവസ്ഥയും പോലും മറന്ന് കേരളത്തിന്‍റെ തന്നെ വിദൂര ദിക്കുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ നിശ്ചയിച്ചിരുന്നവരുണ്ട്. അവരൊക്കെ അവരുടെ ജയമായി തന്നെയാണ് ഇതിനെ കാണുന്നത്.
അവരുടെയൊക്കെ ആത്മാര്‍ത്ഥമായ സ്നേഹത്തിന് വാക്കുകള്‍ കൊണ്ട് നന്ദി പറഞ്ഞ് തീര്‍ക്കാനാവില്ല. നേരിട്ടുവന്ന് പങ്കെടുത്ത പോലെ കരുതണമെന്നും ദൃശ്യമാധ്യമങ്ങളിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണണമെന്നും അങ്ങനെ കാണുമ്പോഴും നേരിട്ട് കണ്ടതായി തന്നെ കരുതണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.

നിങ്ങളുടെ കരുതല്‍ ശരിയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണത്തുടര്‍ച്ചയില്‍ അകമഴിഞ്ഞ് ആഹ്ളാദിക്കുന്ന വലിയ വിഭാഗം നാട്ടിലും പുറത്തുമുണ്ട്. രക്തസാക്ഷി കുടുംബങ്ങള്‍ മുതല്‍ ഈ വിജയം ഉറപ്പിക്കാനായി നിസ്വാര്‍ത്ഥമായി അഹോരാത്രം പണിപ്പെട്ടവര്‍ വരെ. ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ ഈ നാട്ടില്‍ എക്കാലവും പുലരണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍.
ക്ഷേമത്തിന്‍റെയും വികസനത്തിന്‍റെയും പാതയിലൂടെ കേരളം എന്നും പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍. ഒരുപാട് സഹിച്ചവരുണ്ട്. കടുത്ത യാതനാനുഭവങ്ങളിലൂടെ കടന്നുപോയവരുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ജീവന്‍ പോലും തൃണവത്ഗണിച്ച് സ്വയം അര്‍പ്പിച്ചവരുണ്ട്. എല്ലാവരോടുമായി പറയട്ടെ. സ്ഥിതിഗതികള്‍ മാറുമ്പോള്‍ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കേരള ജനതയ്ക്കാകെയുമുണ്ടായ ഈ വിജയം നമുക്ക് ഒരുമിച്ച് വിപുലമായ തോതില്‍ ആഘോഷിക്കാനാവും.

പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി അറിയിക്കട്ടെ. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണ്ടതും 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആര്‍ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, ആന്‍റിജന്‍ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്.
നിയുക്ത എല്‍എല്‍എമാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം എംഎല്‍എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് 1ലും എര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിര്‍വശത്തുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്.
കാര്‍ പാര്‍ക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ് 2, കേരള യൂണിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്ക് ധരിക്കേണ്ടതും കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. പ്രത്യേക കാര്‍ പാസുള്ളവര്‍ക്ക് മറ്റു പാസുകള്‍ ആവശ്യമില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker