ColumnTRENDING

യാസർ അരാഫത് ആരായിരുന്നു പലസ്തീന്?

1948ൽ ഇസ്രായേലുമായുള്ള യുദ്ധത്തോടെ നഷ്ടമായ പലസ്തീനിയൻ അഭിമാനം തിരിച്ചുപിടിക്കാൻ 1950-ലാണ് ഫത്താ പ്രസ്ഥാനം യാസർ അരാഫത്ത് ആരംഭിക്കുന്നത്

അക്രമ പരമ്പരകൾക്ക് നേതൃത്വം നൽകിയ നരാധമൻ എന്നാവും ഇസ്രായേലിലും ചില രാജ്യങ്ങളിലും യാസർ അരാഫത്തിനുള്ള കുപ്രസിദ്ധി. എന്നാൽ പലസ്തീനിൽ യാസർ അറാഫത്ത് പലസ്തീൻ ദേശീയ പ്രസ്ഥാനത്തിന്റെ പിതാവാണ്. 2004 ൽ രാമള്ളയിലെ ആസ്ഥാനത്ത് ഇസ്രായേൽ പട്ടാളക്കാരാൽ വളഞ്ഞ് അസുഖബാധിതനായി കിടക്കുമ്പോഴും പലസ്തീനികളുടെ മനസ്സിലെ കനൽ ആയിരുന്നു യാസർ അരാഫത്.

1929ലാണ് യാസർ അരാഫതിന്റെ ജനനം. ചിലർ പറയുന്നു ഈജിപ്തിലെ കൈറോ യിലാണ് യാസർ അറാഫത്ത് ജനിച്ചതെന്ന്. ചിലർ പറയുന്നു ഗാസയിൽ ആണെന്ന്. എന്നാൽ ജെറുസലേമിൽ ആണ് തന്റെ ജനനമെന്നാണ് യാസർ അരാഫത് എപ്പോഴും പറയറുള്ളത്.

1948ൽ ഇസ്രായേലുമായുള്ള യുദ്ധത്തോടെ നഷ്ടമായ പലസ്തീനിയൻ അഭിമാനം തിരിച്ചുപിടിക്കാൻ 1950-ലാണ് ഫത്താ പ്രസ്ഥാനം യാസർ അരാഫത്ത് ആരംഭിക്കുന്നത്. ആരംഭകാലത്ത് അറബ് രാജ്യങ്ങൾ പോലും യാസർ അറാഫത്തിൻറെ പ്രസ്ഥാനത്തെ എതിർത്തു. എന്നാൽ 1967 ജൂണിലെ യുദ്ധത്തിൽ ഈജിപ്തും സിറിയയും ജോർദനും അനുഭവിച്ച കഷ്ടത അറബ് ജനതയുടെ കണ്ണു തുറന്നു. അന്നുമുതൽ യാസർ അറാഫത്തിനെ അറബ് ജനത എങ്കിലും അംഗീകരിച്ചു തുടങ്ങി. കിഴക്കൻ ജെറുസലേമും വെസ്റ്റ് ബാങ്കും ഗാസയും ഗോലാൻ കുന്നുകളും ഇസ്രയേൽ ഭരിക്കാൻ തുടങ്ങിയപ്പോൾ ഒരു ജനതയ്ക്ക് യാസർ അരാഫത് ജീവനും ശ്വാസവും ആയി.

1969 ൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ തലപ്പത്ത് യാസർ അരാഫത് എത്തി. 1974 ൽ പലസ്തീൻ ജനത പ്രതിനിധീകരിക്കുന്ന സംഘടന എന്ന് ഐക്യരാഷ്ട്രസഭ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ വിശേഷിപ്പിച്ചു. പട്ടാള യൂണിഫോമിൽ യാസർ അരാഫത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു. ” സമാധാനത്തിന്റെ ഒലിവ് ശിഖരവുമായും സ്വാതന്ത്ര്യ സമര ഭടന്റെ തോക്കും ആയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. എന്റെ കയ്യിൽ നിന്ന് ഒലിവ് ശിഖരം താഴെ വീഴാൻ ഇടവരുത്തരുത്. ” ലോകത്തെ സൈനിക ശക്തികളെ സാക്ഷിനിർത്തി യാസർ അരാഫത് പറഞ്ഞു.

തോക്കുകൾ കഥ പറയുന്ന കാലത്തോട് വിടപറയാൻ യാസർ അരാഫത് തയ്യാറായിരുന്നു. 1988 നവംബറിൽ ദ്വിരാഷ്ട്ര വാദത്തെ മുൻനിർത്തിയുള്ള ചർച്ചകൾക്ക് യാസർ അരാഫത് തയ്യാറായി. പി എൽ ഒ നേതൃത്വത്തെ അദ്ദേഹം അത് ബോധ്യപ്പെടുത്തുകയും ചെയ്തു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ 242 ആം പ്രമേയം സ്വീകരിക്കുന്നതായി ഡിസംബറിൽ യാസർ അറഫാത്ത് പ്രഖ്യാപിച്ചു. അമേരിക്ക ഇതിനെ സ്വാഗതം ചെയ്തു. രണ്ടു രാജ്യങ്ങളായി ഇസ്രായേലുമായുള്ള സമാധാനമായ സഹവർത്തിത്വം ആയിരുന്നു യാസർ അരാഫത്തിന്റെ പ്രഖ്യാപനം. എല്ലാവിധത്തിലുള്ള തീവ്രവാദത്തെയും നിരാകരിക്കുന്നതായും യാസർ അരാഫത് പ്രഖ്യാപിച്ചു.

അങ്ങനെ അമേരിക്കയുടെ മധ്യസ്ഥതയിൽ മാഡ്രിഡ് ചർച്ചകൾ ആരംഭിച്ചു. ആദ്യമായി തോക്കു കൊണ്ടല്ലാതെ ഇസ്രയേൽ പലസ്തീൻ ജനതകൾ സംസാരിച്ചു. 1993ലെ ഓസ്‌ലോ കരാറിൽ പലസ്തീനികൾക്ക് പരിമിതമായ സ്വയംഭരണാധികാരം ലഭിച്ചു. വെസ്റ്റ് ബാങ്ക്,ഗാസ എന്നീ പ്രദേശങ്ങളിൽ ഭാഗികമായ നിയന്ത്രണവും ലഭിച്ചു. അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക മന്ദിരമായ വൈറ്റ് ഹൗസിൽ വച്ച് യാസർ അരാഫതും ഇസ്രായേൽ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും കൈകുലുക്കി. ഇരുവർക്കുമത് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനും വഴിയൊരുക്കി.

പലസ്തീൻ അതോറിറ്റിയുടെ പ്രസിഡണ്ടായി 83 ശതമാനം വോട്ടോടെ യാസർ അരാഫത്ത് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ കരാറുകൾ അതേപടി നടപ്പാക്കാൻ ഇസ്രായേൽ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് ഇസ്രയേൽ – പലസ്തീൻ തർക്കങ്ങൾ വീണ്ടും ഉടലെടുത്തു. തീവ്ര ഇസ്രായേൽ പൗരനാൽ റാബിൻ വധിക്കപ്പെടുന്നു. ഓസ്ലോ കരാറിനെ അതിരൂക്ഷമായി എതിർക്കുന്ന തീവ്രവലതുപക്ഷക്കാരനായ ബെഞ്ചമിൻ നെതന്യാഹു അധികാരമേൽക്കുന്നു.

2000 ലെ ക്യാമ്പ് ഡേവിഡ് ചർച്ചയിൽ ഇരു വിഭാഗങ്ങളുടെയും അവിശ്വാസം തെളിഞ്ഞു കണ്ടു. പലസ്തീൻ അഭയാർഥികൾ, ജറുസലേമിന്റെ നിയന്ത്രണം എന്നീ വിഷയങ്ങളിൽ തട്ടി ചർച്ച അലസി. ചർച്ച അലസാൻ കാരണം യാസർ അരാഫത് ആണെന്ന് അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റനും ഇസ്രായേലും കുറ്റപ്പെടുത്തി. ഇസ്രയേൽ മുന്നോട്ടുവച്ച ഫോർമുല അമേരിക്കയുടെ പിന്തുണയോടെ അധികാരത്തിൽ വന്ന പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് തള്ളിക്കളഞ്ഞു.

പലസ്തീൻ ഇസ്രായേൽ അതിർത്തിയിൽ വീണ്ടും സായുധ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. കലാപം അടിച്ചമർത്താൻ എന്നപേരിൽ ഇസ്രയേൽ പാലസ്തീൻ നരവേട്ട നടത്തുന്നു. അമേരിക്കയിലെ ട്വിൻ ടവർ ആക്രമണത്തോടെ പ്രസിഡണ്ട് ജോർജ്ജ് ബുഷ് ഭീകരതയ്ക്കെതിരായ ആഗോള യുദ്ധം പ്രഖ്യാപിക്കുന്നു. രാമള്ളയിലെ പി എൽ ഒ ആസ്ഥാനത്ത് യാസർ അരാഫത്ത് തടങ്കലിൽ ആകുന്നു.

അരാഫത്തുമായുള്ള നേരിട്ടുള്ള ചർച്ച അസാധ്യമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ ഫത്തയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന മഹ്മൂദ് അബ്ബാസിനെ പ്രധാനമന്ത്രിയായി യാസർ അരാഫത്ത് നിയോഗിച്ചു. പലസ്തീൻ സുരക്ഷാസേനയുടെ ചുമതല തനിക്ക് നൽകുന്നില്ലെന്ന് ആരോപിച്ചു അരാഫത്തിനെതിരെ രംഗത്തുവന്ന അബ്ബാസ് രാജിവെച്ചു.പിന്നാലെ ദുരൂഹമായി അരാഫത്തിനെ അസുഖം ബാധിക്കുന്നു.2004 ഒക്ടോബറിൽ അരാഫത്ത് മരണമടയുന്നു. ലോകമെമ്പാടുമുള്ള ഇസ്രായേൽ, പലസ്തീൻ ചർച്ചകളിൽ ഇന്ന് അരാഫത്തിന്റെ മുഖം ഇല്ല. എന്നാൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പലസ്തീൻ ജനതയുടെ ഉപബോധമനസ്സിൽ ഒരു തീനാളമായി ഇപ്പോഴും യാസർ അരാഫത് അവശേഷിക്കുന്നു. മുമ്പോ ശേഷമോ യാസർ അരാഫതിനെ പോലൊരു നേതാവിനെ പലസ്തീൻ ജനതയ്ക്ക് ലഭിച്ചിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker