NEWS

ദിലീപ് അകത്തോ പുറത്തോ, ഇന്നും നാളെയും കേസിലെ നിർണായക ദിനങ്ങൾ

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധി പറയുന്നത് ഇന്നാണ്. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെയും. ഈ രണ്ടു ദിവസങ്ങളും ദിലീപിനെ സംബന്ധിച്ച് നിർണായകമാണ്

കൊച്ചി: നടൻ ദിലീപ് വീണ്ടും അകത്താകുമോ അതോ പുറത്ത് സ്വൈരവിഹാരം നടത്താനാവുമോ എന്നു നിർണയിക്കുന്ന രണ്ടു പ്രധാന ദിനങ്ങളാണ് ഇന്നും നാളെയും.
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു.

മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചു. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്‍റെ പുതിയ നീക്കമെന്ന ചോദ്യവും ഹർജി പരിഗണിക്കവെ കോടതി ഉയർത്തി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് ഹർജിയിൽ വിധി പറയുക.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയത്. ക്രൈംബ്രാഞ്ച് ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്നുണ്ട്.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം.

ഇതിനിടെ, പൾസർ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന ടാബ് ദിലീപിനെ ഏൽപ്പിച്ചു എന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നും സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ച വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ളയാണെന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ പ്രവാസിവ്യവസായിയോടൊപ്പം എത്തിയ ‘ശരത്ത് അങ്കിൾ’ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത് ആണെന്നും വ്യക്തമായി. ശരത്തിനെ ഇതിനിടെഅന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.

സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ റെക്കോർഡിങ്ങുകളിൽ ഉള്ള എല്ലാവരുടെയും ശബ്ദ സാംപിളുകളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നടൻ ദിലീപ്, ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ശബ്ദ സാംപിളുകൾ ശേഖരിക്കും.

ദിലീപിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ഐ പാഡ്, പെൻ ഡ്രൈവ്, ഹാർഡ് ഡിസ്ക് എന്നിവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
ഇതിനിടെ ‘വിഐപി’യെന്നു വിളിക്കപ്പെടാനുള്ള പ്രാധാന്യമൊന്നും മെഹബൂബ് അബ്ദുള്ളക്കില്ലെന്നാണു പൊലീസ് നൽകുന്ന സൂചന. ദിലീപിന്റെ വീട്ടിൽ ഇയാൾക്കു ലഭിച്ച പ്രാധാന്യവും അദ്ദേഹത്തോടു മറ്റുള്ളവർ കാണിച്ച ഭയഭക്തി ബഹുമാനവും കണ്ടപ്പോൾ ബാലചന്ദ്രകുമാറിന് ഇയാളൊരു വി.ഐ.പിയാണെന്നു തോന്നിയതാവാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

ദിലീപിന്റെ വീട്ടിൽ വച്ചു വ്യവസായി ഫോണിൽ വിളിച്ചതു സംസ്ഥാനത്തെ ഒരു മന്ത്രിയെയാണെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിയല്ല. സംസ്ഥാനത്തെ ജനപ്രതിനിധിയായ ഉന്നത രാഷ്ട്രീയ നേതാവുമായി വ്യവസായിക്ക് അടുത്തബന്ധമുണ്ട്. ഈ രാഷ്ട്രീയ നേതാവിനെയാണു വ്യവസായി, ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ വിളിച്ചു സംസാരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണകളും, രഹസ്യ വിചാരണ നടത്തുന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെ നടത്തുന്ന സമാന്തര മാധ്യമ വിചാരണയും തടയണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ ശ്രീജിത് പെരുമന നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്തത്.

Back to top button
error: