LIFEMovie

മലയാളത്തിലെ ഏറ്റവും മികച്ച 17 സിനിമാ നടിമാർ

പുരുഷാധിപത്യ സിനിമാ ചട്ടക്കൂടിലും തങ്ങളുടേതായ പ്രതിഭ കൊണ്ട് മാത്രം നക്ഷത്രങ്ങളായവർ ആണിവർ

പ്രതിഭാസമ്പന്നരായ നിരവധി നടിമാരെ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. പുരുഷാധിപത്യ സിനിമാ ചട്ടക്കൂടിലും തങ്ങളുടേതായ പ്രതിഭ കൊണ്ട് മാത്രം നക്ഷത്രങ്ങളായവർ ആണിവർ.

കവിയൂർ പൊന്നമ്മ ആണ് പതിനേഴാം സ്ഥാനത്ത്. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നാലു തവണ നേടിയ നടിയാണ് കവിയൂർ പൊന്നമ്മ. 14 വയസ്സു മുതൽ അഭിനയ രംഗത്തുള്ള കവിയൂർ പൊന്നമ്മ അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്.

കൽപ്പനയാണ് പതിനാറാം സ്ഥാനത്ത്. കലാകാരികളുടെ കുടുംബത്തിൽ പിറന്ന കല്പന ഹാസ്യതാരമായും സ്വഭാവ നടിയായും തിളങ്ങി. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള കൽപ്പന അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി.

ശാന്തകുമാരി എന്ന സീമയാണ് പതിനഞ്ചാം സ്ഥാനത്ത്. നർത്തകിയായി തുടങ്ങി നായികയായി തിളങ്ങിയ താരമാണ്. പത്തൊമ്പതാം വയസ്സിലെ ആദ്യ സിനിമ അവളുടെ രാവുകൾ മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി.

ശ്രീവിദ്യ ആണ് പതിനാലാം സ്ഥാനത്ത്.തെന്നിന്ത്യൻ താരറാണി ആയിരുന്നു ഒരുകാലത്ത് ശ്രീവിദ്യ. മികച്ച ഗായിക കൂടിയായിരുന്നു ശ്രീവിദ്യ.

ഫിലോമിനയാണ് പതിമൂന്നാം സ്ഥാനത്ത്. മുത്തശ്ശിയും അമ്മയായും ഹാസ്യതാരമായി സ്വഭാവനടിയായും ഫിലോമിന തിളങ്ങി. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ പ്രസിദ്ധം.

സുകുമാരി ആണ് പന്ത്രണ്ടാം സ്ഥാനത്ത്.പത്താംവയസ്സിൽ അഭിനയ ജീവിതം ആരംഭിച്ച സുകുമാരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാര ജേത്രിയാണ് സുകുമാരി.

മാധവിയാണ് പതിനൊന്നാം സ്ഥാനത്ത്. ആന്ധ്ര സ്വദേശിയായ മാധവി ഒരു വടക്കൻ വീരഗാഥ,ആകാശദൂത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ ഹൃദയം കീഴടക്കി. മികച്ച നടിയ്ക്കും സഹനടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ മാധവി നേടിയിട്ടുണ്ട്.

ഷീലയാണ് പത്താം സ്ഥാനത്ത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. തന്റെ കാലത്ത് നായകനടനോളം പ്രതിഫലം പറ്റിയിരുന്ന നടിയാണ് ഷീല. പ്രേം നസീറിനൊപ്പം നായികയായി 130 ചിത്രങ്ങളിൽ അഭിനയിച്ച് ലോക റെക്കോർഡിന് ഉടമയായി.

ലക്ഷ്മി ഭാരതി എന്ന ജയഭാരതിയാണ് ഒൻപതാം സ്ഥാനത്ത്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം രണ്ട് തവണ ജയഭാരതി നേടിയിട്ടുണ്ട്. ദേശീയ തലത്തിൽ പ്രത്യേക ജൂറി പുരസ്കാരവും നേടി. രതിനിർവേദം എന്ന സിനിമയിലേതുപോലെ ധീരമായ കഥാപാത്രങ്ങൾക്ക് ജയഭാരതി ജീവൻ നൽകി.

ആന്ധ്ര സ്വദേശിനി സരസ്വതി ദേവി എന്ന ശാരദ മലയാള സിനിമയുടെ വളർത്തു പുത്രിയാണ്. ശാരദയാണ് എട്ടാം സ്ഥാനത്ത്.മൂന്നു തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മൂലധനം പോലുള്ള ചിത്രങ്ങളിലൂടെ അനശ്വര കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

പാർവ്വതി തിരുവോത്ത് ആണ് ഏഴാം സ്ഥാനത്ത്. പുതുതലമുറ നടിയായ പാർവതി നിരവധി ഭാഷകളിൽ അഭിനയിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം രണ്ട് തവണ നേടി. ദേശീയ തലത്തിൽ പ്രത്യേക ജൂറി പുരസ്കാരം നേടി. ജീവിതത്തിലും ധീരമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയയാണ് പാർവതി തിരുവോത്ത്.

മീരാ ജാസ്മിനാണ് ആറാം സ്ഥാനത്ത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേത്രിയാണ്. രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടി. തമിഴിൽ കലൈമാമണി പുരസ്കാരവും നേടി.

ആശാ കേളുണ്ണി എന്ന രേവതിയാണ് അഞ്ചാം സ്ഥാനത്ത്. തമിഴ്,മലയാള സിനിമകളിൽ മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മികച്ച നർത്തകി കൂടിയായ രേവതി ജീവിതത്തിൽ ധീരമായ നിലപാടുകൾ കൈക്കൊള്ളുന്ന വ്യക്തികൂടിയാണ്.സംവിധായക കൂടിയായ രേവതിയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കെ പി എ സി ലളിതയാണ് നാലാം സ്ഥാനത്ത്. കെപിഎസിയിലൂടെ സിനിമാരംഗത്തെത്തിയ മഹേശ്വരിയമ്മ എന്ന ലളിത അഞ്ച് പതിറ്റാണ്ടായി മലയാള സിനിമാ രംഗത്തുണ്ട്. പ്രശസ്ത സംവിധായകൻ ഭരതന്റെ ഭാര്യയാണ്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണയും സംസ്ഥാന സർക്കാർ പുരസ്കാരം നാലു തവണ നേടിയിട്ടുണ്ട്.

ശോഭനയാണ് മൂന്നാം സ്ഥാനത്ത്. മികച്ച നർത്തകി കൂടിയായ ശോഭന മലയാളം അടക്കം നിരവധി ഭാഷകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്.

മഞ്ജുവാര്യർ ആണ് രണ്ടാം സ്ഥാനത്ത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവാര്യർ അറിയപ്പെടുന്നത്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്.

മലയാളികളുടെ പ്രിയതാരം ഉർവശി ആണ് ഒന്നാം സ്ഥാനത്ത്.ഏതു റോളുകളും വഴങ്ങുന്ന അസാധാരണ നടിയാണ് ഉർവശി.നിരവധി ഭാഷകളിൽ നായിക നടിയായി തിളങ്ങി.മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും നേടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker