KeralaNEWS

പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് നഷ്ടപരിഹാരം നൽകണം

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്.

 

ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ്  നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും.

 

വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. ചികിത്സാ ചെലവിനായി പരമാവധി ഒരു ലക്ഷം രൂപവരെ ലഭിക്കും. പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാ ചെലവിന് പരിധിയില്ല. സ്ഥായിയായ അംഗവൈകല്യം സംഭവിച്ചവര്‍ക്കും മരണമടയുന്നവരുടെ ആശ്രിതര്‍ക്കും രണ്ട് ലക്ഷം രൂപ ലഭിക്കും. പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍ ചികിത്സയ്ക്ക് ശേഷം വിശ്രമം പറഞ്ഞിരിക്കുന്ന കാലയളവിലേക്ക് നഷ്ടപ്പെട്ട തൊഴില്‍ ദിനത്തിനും നഷ്ടപരിഹാരം ലഭിക്കും.

 

ചികിത്സ നടത്തിയ രജിസ്‌ട്രേഡ് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ആശുപത്രി ബില്ലുകള്‍, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച വണ്ടിയുടെ ട്രിപ് ഷീറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, ഡിസ്ചാര്‍ജ്ജ് സമ്മറി, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍ എന്നീ രേഖകളാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.

Back to top button
error: