KeralaNEWS

മുറ്റത്തെ പൂന്തോട്ടങ്ങളിൽ ഇനി സൂര്യകാന്തി നട്ട് ലാഭം കൊയ്യാം

വേനലിലും നിറയെ പൂത്ത് നില്‍ക്കുന്നവയാണ് സൂര്യകാന്തി.
ഭക്ഷ്യ എണ്ണകള്‍ ഉത്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലും സൂര്യകാന്തിപ്പൂക്കള്‍ വളര്‍ത്തുന്നു. പേപ്പര്‍നിര്‍മിക്കാനും കാലിത്തീറ്റയായും സൂര്യകാന്തിയുടെ ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. കോട്ടയത്തെ വാലാച്ചിറ,ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ സൂര്യകാന്തി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.പലയിടങ്ങളിലും  കാര്‍ഷിക വിളകളുടെ നേരെയുള്ള കീടങ്ങളുടെ ആക്രമണത്തെ തടയാനായി നട്ടുപിടിപ്പിച്ച സൂര്യകാന്തി ഇന്നവർക്ക് മികച്ചൊരു വരുമാന മാർഗവും ആയിട്ടുണ്ട്.ഇലയും തണ്ടും പൂവും കായുമെല്ലാം പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സൂര്യകാന്തിയെ അടുത്തറിയാം.
ഇലയും പൂവും കായും എല്ലാം ഉപയോഗപ്പെടുത്താവുന്ന ചെടിയാണ് സൂര്യകാന്തി. സൂര്യകാന്തി മുളപൊട്ടി വരുന്ന സമയത്ത് മൈക്രോഗ്രീന്‍സ് ആയി ഉപയോഗപ്പെടുത്താം. ഇതില്‍ സിങ്ക്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തയ്യാറാക്കാന്‍ കറുത്ത ആവരണമുള്ള സൂര്യകാന്തിയുടെ വിത്തുകള്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് ചെറിയ പാത്രത്തില്‍ മണ്ണ് നിറച്ച് പാകിമുളപ്പിച്ചാല്‍ മതി. സൂര്യകാന്തിയുടെ വേരുകള്‍ ചെറുതായി നുറുക്കി ചൂടുവെള്ളത്തിലിട്ട് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്.

ഇളംതണ്ടുകള്‍ ചെറുതായി നുറുക്കി സലാഡില്‍ ചേര്‍ത്തും ഭക്ഷിക്കാം. അതുപോലെ തന്നെ ഇലകളും സലാഡില്‍ ഉപയോഗിക്കുന്നുണ്ട്. ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കി ആവിയില്‍ വേവിച്ച് ചെറുനാരങ്ങാ നീരും ഉപ്പും കുരുമുളകും ചേര്‍ത്ത് ഉപയോഗിക്കാം.

 

സൂര്യകാന്തിയുടെ ഇതളുകളും പൂര്‍ണമായും ഭക്ഷ്യയോഗ്യമാണെന്ന് പറയുന്നു. പക്ഷേ, മണം പലര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയില്ല. പൂക്കള്‍ വിരിയാന്‍ തുടങ്ങുന്ന സമയത്താണ് ഭക്ഷിക്കാന്‍ നല്ലത്. പൂവിന് താഴെയുള്ള കയ്പ്പുരസമുള്ള പച്ചനിറത്തിലുള്ള ഭാഗം ഒഴിവാക്കി പറിച്ചെടുത്ത് ആവി കൊള്ളിച്ചാണ് ഉപയോഗിക്കുന്നത്.

 

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് സൂര്യകാന്തി നടുന്നതാണ് ഉത്തമം. ഹെലിയോട്രോപിക് വിഭാഗത്തില്‍പ്പെടുന്നവയാണ് സൂര്യകാന്തിപ്പൂക്കള്‍. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് വളഞ്ഞ് വളരുന്നതിനേക്കാള്‍ നല്ലത് മുഴുവന്‍ സമയവും വെളിച്ചം കിട്ടുന്നരീതിയില്‍ കൃഷി ചെയ്യുന്നതാണ്.

 

ഒരു തോട്ടത്തില്‍ ഉയരത്തില്‍ വളരുന്ന സൂര്യകാന്തിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ മറ്റുള്ള ചെടികളെ മറച്ചുകൊണ്ട് തണല്‍ നല്‍കുന്ന രീതിയിലാണ് വളരുക. അതിര്‍ത്തി പോലെ വളര്‍ത്താന്‍ പറ്റും.

 

ദിവസവും വെള്ളമൊഴിക്കുന്നത് നന്നായി പൂവിടാന്‍ സഹായിക്കും. വരണ്ട മണ്ണില്‍ പുഷ്പിക്കാനുള്ള സാധ്യതയില്ല. കളകള്‍ പറിച്ചു നീക്കണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ പുതയിടല്‍ നല്ലതാണ്.

 

പൂക്കാലമായാല്‍ ചെടികള്‍ക്ക് താങ്ങുകൊടുക്കുന്നത് നല്ലതാണ്. മഴയിലും ശക്തമായ കാറ്റിലും താഴെ വീണുപോകാതിരിക്കാന്‍ ഇത് നല്ലതാണ്. വേലികള്‍ക്കരുകില്‍ വളര്‍ത്തിയാല്‍ ചെടി പൂവിടുമ്പോള്‍ ഭാരം കൂടി താഴെ വീണുപോകില്ല.

 

പക്ഷികളും മറ്റ് മൃഗങ്ങളും സൂര്യകാന്തിയുടെ തൈകള്‍ നശിപ്പിക്കുമെന്നതിനാല്‍ സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് സൂര്യകാന്തി വളരാന്‍ ആവശ്യം. വളരെ പെട്ടെന്ന് വളരുന്നവയാണ് ഈ ചെടികള്‍. ഫോസ്ഫറസും പൊട്ടാസ്യവും കലര്‍ന്ന വളമുണ്ടെങ്കില്‍ വളര്‍ച്ച വളരെ പെട്ടെന്ന് നടക്കുകയും ചെയ്യും.

Back to top button
error: