NewsThen Special

സണ്ണി ലിയോണിന് ജന്മദിനാശംസകൾ…

വിപിൻദാസ് ജി

കഴിഞ്ഞ രണ്ടു വർഷങ്ങളോളമായി അവരുടെ പിറന്നാളിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടാറുണ്ട്. ആദ്യത്തെ പോസ്റ്റിനു ലൈക്കിനെക്കാളും ലൗ റിയാക്ഷനേക്കാളും സ്മൈലി ഇമ്മോജി കൊണ്ട് സമ്പന്നമായിരുന്നു. കഴിഞ്ഞ വർഷം അത് രണ്ട് സമൈലി ഇമ്മോജി ആയി കുറഞ്ഞു. ഇത്തവണ പരിഹാസച്ചിരിയുടെ ഒരു ഇമ്മോജിയും വീഴില്ലെന്ന് ഉറപ്പുണ്ട്. എന്തെന്നാൽ, ഫേസ്ബുക് തുറന്നപ്പോൾ ന്യൂസ്‌ ഫീഡുകളിൽ സണ്ണി ലിയോണിനുള്ള ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. മാദക ശരീരത്തിന്റെ സാധ്യതകളാൽ അടയാളപ്പെടുത്തിയ സിൽക് സ്മിതക്ക്‌ ജീവച്ചിരുന്നപ്പോഴും, ഷക്കീലക്ക് അവരുടെ സജീവമായ സിനിമ കരിയറിലും കിട്ടാതിരുന്ന സ്വീകാര്യത ഇന്ന് സണ്ണി ലിയോണിന് കിട്ടുന്നു. സത്യത്തിൽ ഇത് സണ്ണിക്ക്‌ മാത്രമല്ല, സ്മിതയും ഷക്കീലയും ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമയുടെ മാദകമുഖങ്ങൾക്കുള്ളതാണ്.

രഹസ്യമായി ആസ്വദിച്ചു, പരസ്യമായതിനെ അശ്ലീലമായിക്കണ്ടു അതിലും വലിയ അശ്ലീലം വായിൽ നിന്ന് പുറപ്പെടുവിച്ചു മാന്യശ്രീ ആയി നടന്നിരുന്ന ഒരു ജനതയ്ക്ക് സംഭവിച്ച പരിണാമചരിത്രത്തിന്റെ നാൾ വഴിയാണ് കുറച്ചു വർഷങ്ങളായി സണ്ണി ലിയോണിന്റെ ഓരോ ജന്മദിനവും കുറിക്കുന്നത്. പടിഞ്ഞാറൻ ജനപഥങ്ങളിൽ പോൺ ഇൻഡസ്ട്രിയേയും പോൺ താരങ്ങളേയും സ്വാഭാവികമായി കാണുമ്പോൾ, കാമശാസ്ത്രത്തിന്റെയും രതി ശില്പങ്ങളുടെയും ഇന്ത്യയിൽ അത് പൂർണ്ണമായും അശ്ലീലമായിരുന്നു. എന്നാൽ അശ്ലീലങ്ങളെ ഗോപ്യമായി ആസ്വദിക്കുന്ന ഒരു ജനത ഇവിടെയല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ? പ്രത്യേകിച്ച് മലയാളി സദാചാര സമൂഹം ഷക്കീലയോട് കലഹിച്ച കാലം വരെ ഇന്ന് അവരുടെ പേരിൽ സിനിമയായി മുന്നിൽ ഉണ്ട്.

പത്തൊമ്പതാം നൂറ്റാണ്ട് വരെ ദാസി നമോച്ഛാരണം പാപമായിക്കണ്ടു മുങ്ങി കുളിച്ചു ശുദ്ധി വരുത്തിയിരുന്ന വിചിത്രജീവികൾ കേരളത്തിൽ അധികാരം കയ്യാളിയിരുന്ന ചരിത്രം നമുക്കുണ്ട്. അന്നും ദാസികളെ സൃഷ്ടിക്കുന്നതിൽ മാത്രം യാതൊരു ഭ്രഷ്ടും ഉണ്ടായിരുന്നില്ല. തീർത്തും മനുഷ്യന്റെ ശാരീരികമായ ചോദനകളെ തൃപ്തിപ്പെടുത്തുകയോ, ത്രസിപ്പിക്കുകയോ ചെയ്തിരുന്നവർ തീണ്ടാപ്പാടകലെ നിൽക്കാൻ വിധിക്കപ്പെട്ട വൈരുദ്ധ്യത്തെ ആരും ചോദ്യം ചെയ്തിരുന്നുമില്ല.

കേരളശ്ശേരിയിൽ നിന്നോ, കോങ്ങാട് നിന്നോ വി.സി.ആർ-ഉം വീഡിയോ കാസറ്റും സൈക്കിളിൽ കെട്ടിവലിച്ചുകൊണ്ടുവന്ന് വീട്ടിലെ ഡയനോരയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ ഘടിപ്പിച്ച് ബന്ധുമിത്രാദികളോടൊരുമിച്ച് സിനിമ കണ്ടിരുന്ന 90’കൾ. മൂൺട്രാം പിറയും അഥർവവുമൊക്കെ കാണെ സിൽക് സ്മിതയുടെ സീനുകൾ വരുമ്പോൾ ചിലർ അസ്വസ്ഥരാവുകയും ചിലർ ടീവിയിൽ തറച്ചു നോക്കിയും ഇരുന്നിരുന്നത് ഓർക്കുന്നു. മണ്ണാർക്കാട് ‘ആരാധന’യിലോ ‘പ്രതിഭ’യിലോ ഷക്കീല പടങ്ങൾക്ക്‌ ഒളിച്ചു പോയിരുന്ന നാട്ടിലെ ചില ചെറുപ്പക്കാരെ വിചാരണ ചെയ്ത കഥകൾ…. മുണ്ടിലും ഷഢിയിലും ഒളിപ്പിച്ചു സ്കൂളിലേക്ക് കടത്തികൊണ്ടുവന്ന് മൂത്രപ്പുരയിൽ വച്ച് തുറന്നിരുന്ന മുത്തുച്ചിപ്പിയും ഫയറും. അത് നോക്കിയാൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് കരുതി പരബ്രഹ്മം ചമയാൻ നോക്കിയത്… ഒന്ന് വായിച്ചു പോയതിന് സദാചാരവിരുദ്ധനായത്… വലിയ വീഡിയോ കാസറ്റിൽ നിന്ന് ഇത്തിരിപോന്ന സിഡിയിലേക്ക് കുത്സിതം വളർന്നിട്ടും ആളുകളുടെ മനോഭാവം മാത്രം മാറിയിരുന്നില്ല.

സിൽക് സ്മിതയുടെ സിനിമ ഇഷ്ടമല്ലെന്നും ഷക്കീല സിനിമകൾ കണ്ടിട്ടില്ലെന്നും പറയുന്നത് മാന്യതയായി കണക്കാക്കിയിരുന്നതിൽ നിന്ന് സണ്ണി ലിയോണിനെ കാണാൻ, ഒപ്പം ഒരു സെൽഫി എടുക്കാൻ പരസ്യമായി കൊച്ചിയിൽ തൃശ്ശൂർ പൂരത്തിന്റെ തിക്കും തിരക്കും കൂട്ടുന്നതിലേക്ക്, അവിടെ നിന്ന് സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈലിൽ അവർക്ക് പിറന്നാൾ ആശംസകൾ നേരുന്നതിലേക്ക് വളരുക എന്നതൊക്കെ സദാചാരകേരളത്തിൽ അത്ര ചെറുതല്ലാത്ത മാറ്റം തന്നെയാണ്. മരിച്ച ശേഷം സിൽക് സ്മിതയെ വാഴ്ത്തുന്നതും, വർഷങ്ങൾക്ക് ശേഷം ഷക്കീലയെ അംഗീകരിക്കുന്നതും സിനിമയിലും സാമൂഹിക ഇടപെടലുകളിലും സജീവമായിരിക്കുന്ന സണ്ണി ലിയോണിനെ ഈ അവസരത്തിൽ അംഗീകരിക്കുന്നതിലും ഒരു രാഷ്ട്രീയമുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നു. ഒരിക്കൽകൂടി പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker