NEWSWorld

ഗാസ സംഘർഷത്തിൽ 56 പലസ്തീനികളും 6 ഇസ്രയേലികളും കൊല്ലപ്പെട്ടു, ഹമാസ് ടെൽ അവീവിനെ ഉന്നം വച്ചതിൽ അമ്പരന്ന് ഇസ്രയേൽ

2014 ന് ശേഷം ഇസ്രയേലും പലസ്തീനും തമ്മിൽ ഇത്രയും രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ ഇതാദ്യമാണ്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. ഗാസ ഉന്നംവച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 56 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 13 പേർ കുട്ടികളാണ്. ടെൽഅവീവ്, ബീർഷേബ നഗരങ്ങളെ ലക്ഷ്യമിട്ട് ഹമാസ് തൊടുത്ത റോക്കറ്റുകൾ 6 ഇസ്രയേലികളുടെ ജീവൻ അപഹരിച്ചു.

2014 ന് ശേഷം ഇസ്രയേലും പലസ്തീനും തമ്മിൽ ഇത്രയും രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ ഇതാദ്യമാണ്. നൂറുകണക്കിന് വ്യോമ ആക്രമണങ്ങളാണ് ഇസ്രയേൽ ഒരുദിവസംമാത്രം നടത്തിയത്. ഹമാസിന്റെ മൂന്ന് നേതാക്കളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നു. ഹമാസിന്റെ ആയുധ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് ഇസ്രയേൽ ആക്രമണം.

ഹമാസിന്റെ പ്രഹരശേഷിയെ തെല്ല് അത്ഭുതത്തോട് കൂടിയാണ് ഇപ്പോൾ ഇസ്രയേൽ നോക്കികാണുന്നത്. വാണിജ്യ തലസ്ഥാനമായ ടെൽ അവീവിനെ ലക്ഷ്യം വെക്കാൻ ഹമാസിന് കഴിഞ്ഞത് ഇസ്രയേലിനെ അമ്പരപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷം 210 റോക്കറ്റുകളാണ് നഗരത്തെ ലക്ഷ്യമിട്ട് ഹമാസ് തൊടുത്തത്.

പലസ്തീനെതിരെ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിന് തങ്ങളുടെ പ്രഹരശേഷി കാട്ടി കൊടുക്കുകയാണ് ഉദ്ദേശമെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹാനിയെ മറുപടി നൽകി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker