KeralaNEWS

ഇടുക്കിയില്‍ കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

ഭൂമിശാസ്ത്രപരമായ പ്രയാസങ്ങള്‍ നേരിടുന്ന ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാധ്യമായ ഇടങ്ങളില്‍ കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ കഴിയുന്നതും വേഗം സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിലും, പീരുമേട് താലൂക്ക്് ആശുപത്രിയിലും ഉടന്‍ പ്ലാന്റുകള്‍ ആരംഭിക്കും. ഇടുക്കി മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ പ്ലാന്റും ഉടന്‍ ആരംഭിക്കും. ഇതിന്റെ ടെണ്ടര്‍ സ്വീകരിക്കുന്നതിനുള്ള പ്രാഥമിക നടപടി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സമിതിയുടെ തീരുമാനം. ഇപ്പോള്‍ എറണാകുളത്ത് നിന്ന് എത്തിക്കുന്ന ഓക്സിജന്‍ കൂടുതലും ആശ്രയിച്ചാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസം പകരുന്നത്. ഇപ്പോള്‍ ഉപയോഗം മുമ്പത്തേക്കാള്‍ പത്തിരട്ടി വര്‍ധിച്ചിട്ടുണ്ട്.

വേണ്ടത്ര വേഗത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ വിതരണം സാധ്യമാകുന്നില്ല. എറണാകുളത്ത് കോവിഡ് വാര്‍ റൂമില്‍ ഇടുക്കി ജില്ലയുടെ കാര്യം നോക്കുന്നതിനായി ഒരു ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ അടിയന്തിരമായി ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മെഡി. കോളേജ് പദവിയുള്ള ആശുപത്രികളില്‍ പോലും ഓക്സിജന്‍ പ്ലാന്റ് ഇല്ല. പീരുമേട് താലൂക്കാശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഇടുക്കിയില്‍ ശേഷി കൂടിയ കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം സുഗമമായി നടത്താമെന്ന് യോഗം വിലയിരുത്തി. പീരുമേട്ടില്‍ പൂട്ടിക്കിടക്കുന്ന ആശുപത്രികളുണ്ടെങ്കില്‍ അത് തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിയുക്ത എം എല്‍ എ വാഴൂര്‍ സോമന്റെ നിര്‍ദ്ദേശം പരിശോധിക്കും.

ജില്ലയില്‍ വിവിധ ആശുപത്രികളിലെ ബെഡ്ഡിന്റെ കുറവ് ഉടന്‍ പരിഹരിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളേജിലും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. വണ്ടന്‍മേട് പി എച്ച് സി യിലും ഇടുക്കി പാറേമാവ് ആയുര്‍വേദ ആശുപത്രിയിലും അടുത്ത ഘട്ടത്തില്‍ കിടക്കകള്‍ കൂട്ടും. ജില്ലയില്‍ ലോക് ഡൗണ്‍ വരും ദിനങ്ങളിലും കര്‍ശനമായി തുടരും. പ്രധാന മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ അനാവശ്യമായി എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലര്‍ പുറത്തിറങ്ങുക എന്ന ലക്ഷ്യത്തോടെ ഓരോ സാധനം ഓരോ ദിവസവും വന്ന് വാങ്ങുന്നു. ഇതൊഴിവാക്കണം. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. കഴിവതും ഒരാഴ്ചത്തേക്കുള്ള സാധനങ്ങള്‍ ഒന്നിച്ചു വാങ്ങി പോകണം. അതല്ലെങ്കില്‍ അവ വാങ്ങാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടണം. ജനങ്ങളുടെ സേവനത്തിനായി സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker