NEWS

എം.ടിയുടെ തിരക്കഥ സംവിധാനം ചെയ്യുന്നത് മകള്‍ അശ്വതി, നായകന്‍ ആസിഫ് അലി

എം.ടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയിൽ ‘വില്‍പ്പന’ എന്ന കഥ സംവിധാനം ചെയ്യുന്നത് മകൾ അശ്വതി വി. നായര്‍ ആണ്. ആസിഫ് അലിയാണ് നായകൻ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പി’ൽ മമ്മൂട്ടിയാണ് നായകൻ

എം. ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി ചലച്ചിത്ര സംവിധായികയാവുന്നു.
എം.ടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജി ചലച്ചിത്രത്തിലെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് അശ്വതി വി. നായര്‍ ആണ്.
എം.ടിയുടെ ‘വില്‍പ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥ എം.ടിയുടേത് തന്നെ. ആസിഫ് അലിയും മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആന്തോളജിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ചുമതലയുമുണ്ട് അശ്വതിക്ക്.

എം.ടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരാണ് അണിനിരക്കുന്നത്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നത്. ‘ഷെര്‍ലക്ക്’ എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ഇതില്‍ നായകന്‍. ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Back to top button
error: