CultureLIFE

എന്റെ അമ്മ അന്നമ്മ

ജോൺ ബ്രിട്ടാസ്

പ്രകൃതിയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് അമ്മ. മാഞ്ഞുപോകുന്തോറും മിഴിവു വർദ്ധിക്കുന്ന മഹാത്ഭുതം. ജീവിച്ചിരുന്നപ്പോൾ അമ്മയുടെ വില മനസ്സിലാക്കാതിരുന്നവർ അവരുടെ വിയോഗത്തിനു ശേഷം അതിൽ പശ്ചാത്തപിച്ചിട്ടുണ്ടാവും. നിർവചനങ്ങൾക്കപ്പുറമാണ് അമ്മ എന്ന സംജ്ഞ. ഓരോ വ്യക്തിയും തന്റെ അമ്മയെ കാണുന്നത് വ്യത്യസ്ത രീതിയിലാണ്. അമ്മയുടെ സാന്നിദ്ധ്യവും സ്വാധീനവും പ്രദാനം ചെയ്യുന്നത് വ്യതിരിക്തങ്ങളായ ഭാവതലങ്ങളാണ്.
അച്ചടി മഷിയുടെ പരിപ്രേക്ഷ്യത്തിൽ വരാനുള്ള നിയത മാനദണ്ഡങ്ങളൊന്നും എന്റെ അമ്മക്കില്ല. പേര് അന്നമ്മ. വളരെ സാധാരണക്കാരിയായ ഒരു സ്ത്രീ. പത്രം വായിക്കാൻ മാത്രമുള്ള അക്ഷരവിദ്യാഭ്യാസം. 40 വയസ്സിൽ വിധവയായി, പറക്കമുറ്റാത്ത ഏഴു മക്കളെ മറുകരയിലെത്തിക്കാൻ അക്ഷീണം അദ്ധ്വാനിച്ചു.

ക്ഷണിക ഓർമ്മയിൽ പരാജയമേറ്റുവാങ്ങുമ്പോഴും അനന്തമായ ഭൂതസ്മൃതിയിൽ അമ്മ അഭിരമിക്കുന്നു, അഭിമാനം കൊള്ളുന്നു. ഓർമ്മകളുടെ നിലാവിൽ അമ്മ ഉലാത്തുകയാണ്.
ജീവിച്ചിരിക്കുമ്പോൾ എന്റെ അമ്മയെ സ്മരിക്കണമെന്നത് എന്റെ അടങ്ങാത്ത ആഗ്രഹമാണ്. മരിക്കുമ്പോൾ മഹത്തരമായ കാര്യങ്ങൾ പറയുന്നതിനേക്കാൾ എത്രയോ ഭേദമാണ് ജീവിച്ചിരിക്കുമ്പോൾ ഓർമ്മകൾക്ക് അലകും പിടിയും സമ്മാനിക്കുന്നത്. അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ എന്റെ ഇടനെഞ്ചിലൊരു വിങ്ങലാണ്. കത്തിതീരുന്ന മെഴുകുതിരിയുടെ രൂപം മനസ്സിലേക്ക് വരും. ജീവിതത്തിൽ എന്തെങ്കിലും കാര്യമായ സുഖസൗഖ്യങ്ങൾ അവർ അനുഭവിച്ചിട്ടുണ്ടാവില്ല. അനിവാര്യതയിലേക്ക് പ്രയാണം ചെയ്യുമ്പോൾ മക്കൾക്കുവേണ്ടി ഇനിയും ഏന്തെങ്കിലും ചെയ്യാൻ കഴിയണമേ എന്ന ചിന്ത മാത്രമാണ് എന്റെ അമ്മക്കുള്ളത്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും സ്വാധീനവുമാണ് ഞാൻ “അമ്മച്ചി” എന്നു വിളിക്കുന്ന അമ്മ. അമ്മക്ക് നാൽപ്പത് കഴിഞ്ഞപ്പോഴാണ് അച്ഛൻ മരിച്ചത്. പൊടുന്നനെയുള്ള വിയോഗമായിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും കരുതിവെക്കുകയോ കണക്കുകൂട്ടുകയോ ചെയ്യാതെ സംഭവിച്ച ആ ദുരന്തം ശൂന്യതയുടെ അപാരഗർത്തമായിരിക്കണം അമ്മക്കു മുന്നിൽ സൃഷ്ടിച്ചത്. ഞാൻ ചാച്ചനെന്നു വിളിച്ചിരുന്ന അച്ഛന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ അലമുറയിട്ടു കരഞ്ഞ അമ്മയുടെ രൂപം പിന്നീട് കണ്ടില്ല. ജീവിത യാഥാർത്ഥ്യങ്ങളെ സ്വന്തം വരുതിയിൽ വരുത്താനുള്ള യുദ്ധമായിരുന്നു പിന്നീടുള്ള കാലം. അന്നത്തെ സാധാരണ കർഷക കുടുംബങ്ങളുടെ താങ്ങു നഷ്ടപ്പെട്ടാൽ അതിജീവനം അവതാളത്തിലാവും. നാണ്യവിളകളുടെ സമൃദ്ധിയൊന്നും അന്നത്തെ സാധാരണ കർഷക കുടുംബങ്ങൾക്കില്ലായിരുന്നു. അരിഷ്ടിച്ച് കഴിഞ്ഞുപോകാം. പ്രത്യേകിച്ച് ആരുടെയും സഹായമൊന്നുമില്ലാതെ ഒറ്റക്കാണ് അമ്മ തുഴച്ചിൽ ആരംഭിച്ചത്. ഏറെ വൈകി കിടന്നുറങ്ങുകയും ഏറ്റവും ആദ്യം എഴുന്നേൽക്കുകയും ചെയ്യുന്നത് അമ്മയായിരുന്നു. ഒരിക്കലും സുര്യന് അമ്മയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഗൃഹോപകരണങ്ങളോ യന്ത്രസാമ്രഗികളോ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ ഏഴു കുട്ടികളെ വളർത്തി അവരോടൊപ്പം പശുവിനേയും ആടിനേയും കോഴിയേയും പരിപാലിച്ച് കൃഷിയിടങ്ങളിലെ നീരൊഴുക്ക് നിലനിർത്തുക എന്നത് ചെറിയ കാര്യമല്ല.

അന്നൊന്നും ഈ കഷ്ടപ്പാടിന്റെ ഏതെങ്കിലുമൊരു ഏട് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
എന്റെ പോലൊരു കുടുംബത്തിൽ ഇന്നേവരെ ഞങ്ങൾ മനസ്സിലെ വികാരങ്ങൾ പങ്കുവെച്ചിട്ടില്ല. അത്തരം വികാരപരമായ പ്രതിപാദനങ്ങൾ ഇടത്തരം ക്രൈസ്തവ കർഷക കുടുംബങ്ങളുടെ സംസ്കാരത്തിനു ചേരുന്നവയല്ല. കണിശതയും കാർക്കശ്യവുമാണ് അളവുകോലുകൾ. സഹോദരന്മാർക്കിടയിൽപ്പോലും മുഴച്ചു നിൽക്കേണ്ടത് ഇത്തരം ഭാവങ്ങളാണ്. മനസ്സിന്റെ ആർദ്രതക്ക് വലിയ സ്ഥാനമൊന്നും ക്രൈസ്തവ കുടുംബത്തിലുണ്ടാവാറില്ല. കുടുംബത്തിന്റെ കാര്യം നോക്കുന്നത് അച്ഛനാണെങ്കിൽ അദ്ദേഹമാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. അച്ഛനില്ലെങ്കിൽ കാര്യം നടത്തുന്ന മുത്ത ആൾക്കാണ് ആ സ്ഥാനം ലഭിക്കുക. ചോദ്യവും പറച്ചിലുമൊക്കെ വളരെ അപൂർവ്വമായിരിക്കും. അച്ഛന്റെ വിയോഗം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെയും നഷ്ടബോധത്തിന്റെയും വിങ്ങലുകൾക്ക് വിരാമം സൃഷ്ടിച്ചത് അമ്മയുടെ ദീപ്തമായ ഇടപെടലുകളായിരുന്നു. തിങ്കളാഴ്ചകളിൽ കോളേജിലേക്ക് പോകുമ്പോൾ പാലു വിറ്റുകിട്ടിയ നാണയത്തുട്ടുകളും കുറച്ച് മുഷിഞ്ഞ നോട്ടുകളും കൈയ്യിൽ വച്ചുതരുന്നത് ഇന്നും എനിക്ക് ഓർമ്മയുണ്ട്. ആ നാണയങ്ങളുടെ മൂല്യം വിലമതിക്കാൻ കഴിയാത്തതായിരുന്നു. പോക്കറ്റിൽ കിലുങ്ങുമ്പോൾ അവ സൃഷ്ടിക്കുന്ന സുരക്ഷിത ബോധവും മനസ്സിലേക്കു പ്രസരിക്കുന്ന സ്നേഹത്തിന്റെ ഊഷ്മളതയും ഇന്നും പലകുറി മനസ്സിലേക്ക് തികട്ടിയെത്താറുണ്ട്.

എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. രണ്ടിലോ മൂന്നിലോ മറ്റോ പഠിക്കുന്ന സമയം. ഗ്രാമത്തിൽ ആദ്യമായി ആംബുലൻസ് വന്നത് അന്നായിരുന്നു. മൃതദേഹം തിണ്ണയിൽ കിടത്തി അമ്മയും സഹോദരങ്ങളും വിലപിച്ചപ്പോൾപ്പോലും എന്റെ ശ്രദ്ധ ആംബുലൻസിലായിരുന്നു. മറ്റു കുട്ടികൾക്കൊപ്പം ആംബുലൻസിനെ തൊട്ടും തലോടിയും സമയം തള്ളിനീക്കി. സ്കുളിന്റെ പി.ടി.എ പ്രസിഡന്റ് എന്ന നിലക്ക് പിറ്റേന്ന് അവധി പ്രഖ്യാപിച്ചതിൽ ഞാനല്പ്പം അഹങ്കരിച്ചു. എന്റെ അച്ഛന്റെ മരണം കാരണമാണല്ലോ സ്കൂളിന് അവധി കിട്ടിയത്. വർഷങ്ങൾക്കുശേഷം തൃശ്ശൂർ ബോർഡിംഗിൽ എത്തിയപ്പോഴേക്കും മാഞ്ഞുപോയിരുന്ന അച്ഛന്റെ ചിത്രം മനസ്സിലേക്ക് സാവധാനം വന്നു തുടങ്ങി. ഒരുപക്ഷേ അമ്മയുടെ സാന്നിദ്ധ്യ പ്രസരണത്തിൽ നിന്ന് മാറിനിന്നതായിരിക്കാം ഇതിനുള്ള കാരണം. മറ്റു കുട്ടികളെ കാണാൻ സമ്മാനപ്പൊതികളുമായി അവരുടെ പിതാക്കന്മാർ വരുന്നതും മനസ്സിനെ കൊളുത്തി വലിച്ചിട്ടുണ്ടാകാം. മരണത്തിൽ കരയാത്ത മകനോടുള്ള പ്രതികാരം തീർക്കാനായിരിക്കണം അച്ഛൻ അന്ന് എന്നെ പരീക്ഷ കാലത്തുപോലും വേട്ടയാടിക്കൊണ്ടിരുന്നത്. പത്താം ക്ലാസ്സ് പരീക്ഷ തുടങ്ങുന്ന കാലത്താണ് ഞാൻ അച്ഛനോട് അവസാനമായി സ്വപനത്തിൽ കലഹിച്ചത്. എന്റെ രാത്രികളെ ഇങ്ങിനെ വേട്ടയാടിയാൽ ഈ പരീക്ഷയിൽ ഞാൻ തോൽക്കുമെന്ന് വിലപിച്ചത് എനിക്കോർമ്മയുണ്ട്. അന്ന് അദ്ദേഹം പോയിമറഞ്ഞതാണ്. പിന്നീട് ഒരിക്കലും ഈ മകനുവേണ്ടി അദ്ദേഹം ഒരു മിന്നലാട്ടംപോലും നടത്തിയിട്ടില്ല.

അമ്മയാണ് നമ്മുടെ ഡിഎൻഎയിൽ സ്ഥാനം പിടിക്കുന്നത്. എന്റെ അമ്മ പറഞ്ഞിട്ടുള്ള പഴഞ്ചൊല്ലുകളൊക്കെ ഞാൻ ഓർത്തു വെക്കാറുണ്ട്. “ആകാശം മുട്ടെ പറന്നാലും നിലത്തുവന്നേ സമ്മാനമുള്ളൂ” എന്ന അമ്മയുടെ സ്ഥിരം മൊഴിയിൽ ഞാൻ എന്നെ ഏത്രയോ തവണ നിയന്ത്രിച്ചു നിർത്തിയിരിക്കുന്നു. ജീവിത പ്രയാണത്തിൽ ഉണ്ടാവുന്ന ചില്ലറ നേട്ടങ്ങളിൽപ്പോലും ചിലപ്പോൾ അഹങ്കരിക്കാൻ മുതിരുമ്പോൾ അമ്മയുടെ വാചകം ജാഗ്രതയുടെ കൊളുത്തിടും. അമ്മ നൽകുന്നത് മൂല്യബോധത്തിന്റെ അനന്തമായ തലമാണെന്ന് മാർക്ക് ട്വയിൻ പറഞ്ഞത് വെറുതെയല്ല. സത്യം പറയുന്നവർക്ക് ഒന്നും ഓർമ്മ വെക്കേണ്ട കാര്യമില്ല. ഞാൻ ഏല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കും. തലയിൽ എണ്ണ പൊത്തിയില്ലെങ്കിൽ അന്നത്തെ ദിവസം പോക്കാണ്. അമ്മയിൽ നിന്ന് പകർന്നു കിട്ടിയതാണ് ഈ എണ്ണ സംസ്കാരം. കുഞ്ഞായിരിക്കുമ്പോൾ തലയിൽ എണ്ണ തേക്കുന്നത്രയും ഈർഷ്യ മറ്റൊരു കാരൃത്തിലും ഉണ്ടായിരുന്നില്ല. പുറകിലൂടെ പതുങ്ങിവന്ന് തലയിൽ അമ്മ എണ്ണ പൊത്തും. ദേഷ്യം കൊണ്ട് ചാടിയിട്ടൊന്നും കാര്യമില്ല. പിന്നീട് അത് നെറുകയിൽ തേച്ചുപിടിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇന്ന് എണ്ണ പൊത്തുമ്പോൾ പലപ്പോഴും അമ്മയെ ഓർമ്മ വരും. അമ്മ ചെയ്തത് ഞാൻ ഇന്ന് എന്റെ മകൻ ആനന്ദിന്റെ തലയിൽ പ്രയോഗിക്കാറുണ്ട്. ഞാൻ കുഞ്ഞുനാളിൽ പ്രകടിപ്പിച്ചിരുന്ന ദേഷ്യവും ഈർഷ്യയുമൊക്കെ അവന്റെ മുഖത്തും കാണാം.

എനിക്ക് മകൾ ജനിച്ചപ്പോൾ അവൾക്ക് അമ്മയുടെ പേരാണ് ഇട്ടത് – അന്ന. പഴമയിൽ പുതുമ കണ്ടെത്താനാണ് ഇതെന്ന് ചിലർ പറഞ്ഞു. ഏക വാസ്തവം അമ്മ മാത്രമായിരുന്നു. ഡൽഹിയിൽ പഠിക്കുന്ന മകൾക്ക് ആദ്യമൊക്കെ പേരിനോട് ഈർഷ്യയായിരുന്നു. ടീച്ചറും കുടെ പഠിക്കുന്നവരും “അണ്ണ” എന്നാണ് വിളിച്ചു തുടങ്ങിയത്. ഹിന്ദിക്കാർക്ക് അന്നയേക്കാൾ കൂടുതൽ പരിചിതം അണ്ണയാണല്ലോ. പേരുമാറ്റാൻ പല രൂപത്തിലുള്ള പ്രയോഗങ്ങൾ അവൾ നടത്തിനോക്കിയിട്ടുണ്ട്. ഇതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിനു മുൻപിൽ അവൾ തോറ്റു പിൻവാങ്ങി. സാവധാനത്തിലാണെങ്കിലും അവളും അന്നയുടെ ദീപ്തി മനസ്സിലാക്കുന്നു. ഇന്ന് അവൾക്ക് അന്ന പ്രിയപ്പെട്ടതാവുമ്പോൾ എനിക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.

അമ്മയുടെ ഭക്ഷണത്തിന്റെ രുചി വേറൊന്നിനുമില്ലെന്ന് എന്റെ മുത്ത ജേഷ്ഠൻ ഇടക്കിടക്ക് പറയും. ഏട്ടത്തിയമ്മക്ക് ഇത്രത പിടിക്കാറുമില്ല. അതുപോലെ ഉണ്ടാക്കാൻ അവർ കഷ്ടപ്പെട്ടിട്ടുണ്ടാവണം. എങ്കിലും രുചി അതുപോലെ ആകുന്നില്ല. ഉസ്താദ് ഹോട്ടലിൽ പറഞ്ഞതുപോലെ “സ്നേഹം ചാലിച്ചാണ്” അമ്മ ഉണ്ടാക്കുന്നതെന്ന് ഏട്ടത്തിയമ്മ സ്വന്തം മകനിലൂടെ തിരിച്ചറിഞ്ഞു. ബാംഗ്ലൂരിൽ അനിമേറ്ററായ അരുൺ പോൾ ഒരു ദിവസം തികച്ച് അവധി കിട്ടിയില്ലെങ്കിൽപ്പോലും ഓടിക്കിതച്ച് നാട്ടിലേക്ക് വരുന്നതിന്റെ പൊരുൾ അന്വേഷിച്ചപ്പോഴാണ് ചേട്ടത്തി ലിസ്സിക്ക് ചിത്രം വ്യക്തമായത്. എന്റെ നാട്ടിൽ അവലോസ് പൊടിയും അവലോസ് ഉണ്ടയും പ്രചാരത്തിന്റെ കാര്യത്തിൽ പരിപൂർണ്ണമായി കടപ്പെട്ടിരിക്കുന്നത് എന്റെ അമ്മയോടാണ്. വീട്ടിൽ ആരു കയറിവന്നാലും അമ്മ വെച്ചുനീട്ടുന്നത് അവലോസ് ഉണ്ടയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ചിലർ വീട്ടിൽ കയറാതെ ഒഴിഞ്ഞുമാറി നടക്കാറുണ്ട്. ചില ബന്ധുക്കളാകട്ടെ വന്നുകയറിയാൽ ഉടൻ അവലോസ് ചോദിച്ചു വാങ്ങി കഴിക്കും. എന്റെ അമ്മയുടെ മുഖത്ത് അതുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

ഞങ്ങളൊക്കെ കുഞ്ഞുങ്ങളായിരിക്കുമ്പോൾ എഴുന്നേറ്റു വരുമ്പോൾ ചായയും ലഘുഭക്ഷണവും തയ്യാറായിരിക്കും. കൊഴുക്കട്ടയും അടയുമാണ് അമ്മയുടെ ഇഷ്ട പ്രയോഗങ്ങൾ. നെയ്യപ്പത്തിന്റെ കാര്യത്തിലും പ്രാവീണ്യം പുറത്തെടുക്കും. അതിഥികൾ വരുമ്പോൾ സൽക്കരിക്കാൻ പണ്ടൊക്കെ നെയ്യപ്പമുണ്ടാക്കി ചില്ലു ഭരണിയിൽ നിറച്ച് പത്തായത്തിനുള്ളിൽ ഒളിപ്പിച്ചുവെക്കുമായിരുന്നു. ഞങ്ങൾ കുട്ടികൾ അമ്മയില്ലാത്തപ്പോൾ കയറിയിറങ്ങി ചില്ലുഭരണി കാലിയാക്കും. അതിഥികൾക്കു നൽകാനായി പത്തായം തുറന്ന് നോക്കുമ്പോഴാണ് പൊട്ടും പൊടിയുമില്ലാതെ ഭരണി ശൂന്യമായി കാണുന്നത്. ഇതിനൊന്നും അമ്മ ദേഷ്യപ്പെട്ടിട്ടില്ല.

എനിക്ക് ഓർമ്മവെച്ച നാൾമുതൽ വീട്ടിൽ പശുവുണ്ടായിരുന്നു. അവയെ കറക്കുന്നതാകട്ടെ അമ്മയും. കൊടും മഴയിൽപ്പോലും തൊഴുത്തിൽപ്പോയി പശുവിനെ കറന്നുകൊണ്ടുവരും. അതിലൊരുപാതി പുറത്തുകൊടുത്താണ് തന്റെ സമാന്തര ബാങ്ക് അമ്മ പ്രവർത്തിപ്പിച്ചിരുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തിലും അമ്മക്ക് രക്ഷയായത് ഈ ബാങ്കാണ്. നിർധനരായ പലരും അടുക്കളപ്പുറത്തുവന്നാൽ എന്തെങ്കിലും കൊടുത്ത് അവരുടെ വിശപ്പടക്കും.“ചേട്ടത്തിയുടെ കഞ്ഞിവെള്ളം കുടിച്ചാണ് വളർന്നത്” എന്ന് അവരിൽ പലരും പറയുമ്പോൾ അഭിമാനം തോന്നും. സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ പഴയകാലത്തെ പല കാര്യങ്ങളെയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് നമ്മുടെയൊക്കെ രീതികളാണ്. പണ്ടൊക്കെ അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട കറി ചക്കക്കുരുവും മാങ്ങയുമായിരുന്നു. ഇതിലൊന്നും പ്രത്യേക നൈപുണ്യം ഉണ്ടായിരുന്നതു കൊണ്ടല്ല ഇത് ദിവസേനയെന്നോണം ഉണ്ടാക്കിയിരുന്നത്. അന്ന് യാതൊരു ചിലവുമില്ലാത്ത ചേരുവയായിരുന്നു എന്ന ഒറ്റ കാരണം മാത്രമായിരുന്നു അതിനു പിന്നിൽ. അരിഷ്ടിച്ചു നീങ്ങുന്ന ഒരു കാലഘട്ടത്തിൽ എന്റെ അമ്മക്ക് തുണയായത് ചക്കക്കുരുവും മാങ്ങയുമായിരുന്നു. ഇതൊക്കെയാണെങ്കിലും അത്താഴം കഴിക്കാതെ ഞങ്ങളെയാരെയും അമ്മ ഉറക്കിയിരുന്നില്ല. വൈകീട്ട് എന്തു കഴിച്ചാലും രാത്രി അൽപം ചോറു കഴിക്കണമെന്ന് അമ്മക്ക് നിർബ്ബന്ധമാണ്. “അത്താഴ പഷ്ണിക്കാരുണ്ടോ എന്നു ചോദിച്ച് കണ്ണട സഞ്ചി വരും” എന്നു പറഞ്ഞു പേടിപ്പിച്ചാണ് ഞങ്ങളെ രാത്രി ഭക്ഷണം കഴിപ്പിച്ചിരുന്നത്. “കണ്ണട സഞ്ചി” എന്താണെന്ന് അമ്മക്ക് ഇന്നും പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോഴും ഞാൻ ഈ കാര്യം എടുത്തുചോദിച്ചു. പിള്ളാരെ പിടിക്കാൻ വരുന്ന ഒരാളിനെയായിരിക്കണം അമ്മ ഉദ്ദേശിച്ചിട്ടുണ്ടാവുക.
പ്രായോഗിക ബുദ്ധിയുടെ കാര്യത്തിൽ എന്റെ അമ്മയെ വെല്ലുന്ന ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഒരുമാതിരിപ്പെട്ട എല്ലാ അസുഖങ്ങൾക്കും മരുന്ന് അമ്മയുടെ കയ്യിലുണ്ട്. അതൊക്കെ പറമ്പിലെ തുളസി തുടങ്ങി പലയിനം ചെടികളും പള്ളുകളുമാണ്. ഇന്നേവരെ എന്റെ ചാച്ചനെ അമ്മ കുറ്റംപറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ചിന്തയുടെ തലത്തിൽ അവർ വിരുദ്ധ ധ്രുവങ്ങളായിരുന്നു. അമ്മ മുടങ്ങാതെ പള്ളിയിൽ പോകുന്ന ദൈവഭയമുള്ള ഒരു സാധാരണ സ്ത്രീ. ചാച്ചനാകട്ടെ പള്ളിയേയും പട്ടക്കാരെയും നിഷേധിച്ച കമ്മ്യൂണിസ്റ്റ്കാരുടെ സഹചാരിയും. ഇതിലൊന്നും അവർക്ക് പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. മക്കൾ പള്ളിയിൽ പോയിക്കാണാൻ അമ്മക്ക് ആഗ്രഹമുണ്ട്. എന്നാൽ അതാണ് ഏറ്റവും വലിയ കാര്യമെന്ന് അവർ ധരിക്കുന്നുമില്ല.

ഈ അടുത്ത കാലംവരെ മാർക്സിന്റെയും എങ്കൽസിന്റെയും ലെനിന്റെയും ചിത്രങ്ങൾക്കൊപ്പമായിരുന്നു ഭിത്തിയിൽ ക്രിസ്തുവിന്റെ സ്ഥാനം. പേരക്കിടാങ്ങളെ നിർബന്ധിച്ച് അമ്മ പ്രാർത്ഥനക്കിരുത്തും. ഇവരിൽ കുസൃതിക്കാരിയായ ദീപ്തി അമ്മയെ കുഴക്കാൻ ഒരു സംശയം ചോദിച്ചു. “അമ്മച്ചി ഇവരിലാരാണ് നമ്മുടെ പ്രാർത്ഥന കേൾക്കുക?” ഒരു സെക്കന്റ് നേരം പോലും അമ്മക്ക് ആലോചിക്കാനുണ്ടായിരുന്നില്ല. “നീയങ്ങു പ്രാർത്ഥിച്ചാൽ മതി, അവർക്ക് ആവശ്യമുള്ളത് ഓരോരുത്തരും എടുത്തുകൊള്ളും”. യുക്തി പ്രയോഗത്തിൽ കേമിയെന്നു കരുതിയിരുന്ന ദീപ്തി പിന്നെ പ്രാർത്ഥന കഴിയുന്നതുവരെ വാ തുറന്നില്ല.
പള്ളിയും പള്ളിക്കൂടവുമായി അതിർത്തി പങ്കുവെച്ചുകൊണ്ടാണ് എന്റെ വീട് സ്ഥിതിചെയ്യുന്നത്. വീടിനു തൊട്ടുമുൻപിൽ പ്രധാന നിരത്താണ്. വഴിയിലൂടെ ഏതു അപരിചിതർ നടന്നു പോയാലും അമ്മ വിടില്ല. “നീ ഏതാടി പെണ്ണേ?” ഈ ചോദ്യം വിശദമായ സംവാദത്തിലേക്കായിരിക്കും നയിക്കുക. പറഞ്ഞു വരുമ്പോൾ ആ വ്യക്തിയുടെ പലരേയും അമ്മക്ക് നല്ല പരിചയം. പതിറ്റാണ്ടുകൾ പിന്നിലേക്ക് ഊളിയിട്ട് തിരിച്ചുവരുമ്പോൾ അമ്മക്ക് എന്തെന്നില്ലാത്ത സംതൃപ്തി. വീട്ടിലെ പുതുതലമുറക്കാർക്കൊന്നും ഇത് അത്ര പിടിക്കില്ല. കാലഘട്ടങ്ങളുമായി പൊക്കിൾക്കൊടി ബന്ധം നിലനിർത്തുന്നതിങ്ങിനെയാണെന്ന് അവരുണ്ടോ അറിയുന്നു.
അമ്മയുടെ മുലപ്പാലിനും സ്നേഹത്തിനും ഏറ്റവും കൂടുതൽ പ്രാപ്തനായത് മക്കളിൽ ആരെങ്കിലും ആയിരുന്നില്ല. മുലപ്പാൽ വറ്റിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്നേഹത്തിന്റെ ചുരത്തലിന് ഒരു കുറവും വരുത്തിയിട്ടില്ല. ചാച്ചന്റെ അനുജന്റെ മകൻ സിറോഷിന് പിറന്നുവീണ ഉടൻ അമ്മ നഷ്ടപ്പെട്ടു. പിന്നീട് അവന്റെ അമ്മയും ലോകവും എന്റെ അമ്മയായി മാറി. എന്റെ അനുജൻ ജിമ്മിയുടെ മുലപ്പാൽ കുടി അവൻ നിർത്തിച്ചു. അമ്മക്കുമേലുള്ള സമ്പൂർണ്ണ അധികാരം ഞങ്ങൾ “സീറോ മുട്ട” എന്നു വിളിക്കുന്ന സിറോഷ് കൈക്കലാക്കി. തൊട്ട് അയൽവക്കത്തുള്ള സിറോഷിനെ ഒരു പ്രാവശ്യമെങ്കിലും കണ്ടില്ലെങ്കിൽ അമ്മക്ക് ഇന്നും സ്വസ്ഥതയില്ല.

എന്റെ നിർബ്ബന്ധത്തിനു വഴങ്ങി ഏതാനും ദിവസം തിരുവനന്തപുരത്ത് എന്നോടൊപ്പം അമ്മ താമസിച്ചു. പച്ചമണ്ണിൽ ചവിട്ടിയില്ലെങ്കിൽ അമ്മക്ക് ശ്വാസമെടുക്കാൻ കഴിയില്ലെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഒരുവിധത്തിൽ നാട്ടിൽ തിരിച്ചെത്തിയ അമ്മയോട് അയൽവക്കത്തുള്ളവർ മകന്റെ കാര്യം ചോദിച്ചു. “അവനെന്തായാലും പട്ടിണി കിടക്കില്ല “അത്യാവശ്യം അടുക്കളയിൽ കയറി പെരുമാറാൻ ഉള്ള എന്റെ കഴിവാണ് അമ്മക്ക് സന്തോഷം പകർന്നത്. എന്റെ ജോലിയുടെ പ്രത്യേകതകളൊന്നും അമ്മയെ സ്വാധീനിച്ചതേയില്ല. എന്റെ അനുജൻ സിഎ പാസ്സായപ്പോൾ അതു വിശദീകരിച്ചു കൊടുക്കാൻ ശ്രമിച്ചു. ഇതിലൊക്കെ എന്തിരിക്കുന്നു, അവൻ സ്വന്തം കാലിൽ നിൽക്കാറായി എന്നു പറഞ്ഞാൽപ്പോരെ’, ഇത്രയും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പിൻവാങ്ങിയപ്പോൾ ഞാൻ വലിയൊരു തത്വം ഉൾക്കൊള്ളുകയായിരുന്നു. മകൻ പറക്കാറായി എന്നു മാത്രം അറിയുന്നതിലാണ് അമ്മയുടെ താൽപ്പര്യം. അതിനപ്പുറത്തായി എന്റെ അമ്മയുടെ മനസ്സിൽ മറ്റൊന്നുമില്ല. കുട്ടികളൊക്കെ ഒരു നിലക്കെത്തുന്നതുവരെ എന്റെ അമ്മ ഒരു ദിവസംപോലും അസുഖമായി കിടക്കുന്നത് ഞാൻ കണ്ടിട്ടില്ല. കിടന്നാൽ അതോടെ കാര്യങ്ങൾ താളം തെറ്റുമെന്ന് അവർക്കറിയാമായിരിക്കണം.

“താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുള്ളു” – അമ്മ എടുത്തു പ്രയോഗിക്കുന്ന മറ്റൊരു പഴമൊഴിയാണ്. “ഉന്തി മരം കയറ്റിയാൽ കൈവിടുമ്പോൾ താഴെ” എന്ന പഴമൊഴിയും ഞങ്ങളെ തുടർച്ചയായി വേട്ടയാടിയിരുന്നു.
യൗവനത്തിൽ വിധവയായ ഒരു സ്ത്രീയുടെ വികാര വിക്ഷോഭങ്ങളെക്കുറിച്ച് മക്കൾക്കറിവുണ്ടാവില്ല. മക്കളുടെ അറിവില്ലായ്മ പലതും സഹിച്ചാണ് അമ്മ തന്റെ കുടുംബത്തെ മുന്നോട് നയിച്ചത്. പെട്ടെന്നൊരുനാൾ മുത്ത മകൻ മാറി താമസിച്ചപ്പോൾ പോലും അമ്മ ചഞ്ചലയായില്ല. മകന്റെ ശൗര്യമൊക്കെ തീരുമെന്നും പുതിയ അറിവുകൾക്കൊപ്പം തന്റെ സ്നേഹം തിരിച്ചറിയുമെന്നും ആ സാധു സ്ത്രീ വിശ്വസിച്ചു. അത് ശരിയുമായിരുന്നു. ഇന്ന് അമ്മയുടെ അടുത്ത് ഇരിക്കുമ്പോഴാണ് എന്റെ മുത്ത ജേഷ്ഠന് ഏറ്റവും കൂടുതൽ ആശ്വാസം ലഭിക്കുന്നത്. ഒരു പേരക്കിടാവ് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചപ്പോൾ മറ്റൊരു ജേഷ്ഠൻ ഉടക്കി. കല്യാണത്തിന് അമ്മ പോയതിൽ പ്രതിഷേധിച്ച് ദിവസങ്ങളോളം അമ്മയെ കാണാൻ വന്നില്ല. അമ്മക്കിതിലൊന്നും പരിഭവമില്ല. മക്കളൊക്കെ അമ്മയുടെ നിലയിലെത്തുമ്പോൾ ഇതൊക്കെ തിരിച്ചറിയുമെന്ന വിശ്വാസമാകാം കാരണം. അവധിക്ക് നാട്ടിൽ പോകുമ്പോൾ ഞാൻ നിശ്ചയമായും എന്റെ മകനെയും കൊണ്ട് തോട്ടിൽ പോകും. കുഞ്ഞുനാളുകളിൽ ഞങ്ങളുടെ നല്ലൊരു സമയം ചിലവിട്ടത് തോട്ടിലായിരുന്നു. തോടിനു കുറുകെയുണ്ടായിരുന്ന തടയിണയിലെ വെള്ളം സാമ്പാറക്കിയിട്ടു മാത്രമേ ഞങ്ങൾ കരക്കു കയറിയിട്ടുള്ളൂ. ഉപ്പൻ എന്ന പക്ഷിയുടേതുപോലെ ചുവപ്പിച്ച കണ്ണുകളുമായാണ് ഞങ്ങൾ വീട്ടിലെത്തുന്നത്. അതോർത്തിട്ടായിരിക്കണം ഇന്നും അമ്മ ചോദിക്കും “മോനെയും കൊണ്ട് തോട്ടിലൊന്നും പോകുന്നില്ലേ?”. ദൈവത്തിന്റെ ഭൂമിയിലെ സ്പർശമാണ് അമ്മയെന്ന് ഭാവാത്മകമായി പറയുന്നവരുണ്ട്. അമ്മയുടെ സ്പർശമാണ് ദൈവമെന്നു കരുതുന്നതാണ് ശരി. കെട്ടിവന്ന പെണുങ്ങൾക്കൊക്കെ പലപ്പോഴും അമ്മയെക്കുറിച്ച് ചില്ലറ പരാതികളും പരിഭവങ്ങളും ഉണ്ടാവുക സ്വാഭാവികം. ഓരോരുത്തരുടെയും രീതികൾ വെവ്വേറെയാണല്ലോ. എത്ര നല്ല അലമാരി ഉണ്ടെങ്കിലും എന്റെ അമ്മ തന്റെ കല്യാണത്തിനു കിട്ടിയ ചെറിയ ഒരു പെട്ടിയിലേ തുണികൾ വെക്കൂ. ഇന്നേവരെ തന്റെ ഒരു തുണിയും ഇസ്തിരിയിടുന്നത് കണ്ടിട്ടില്ല. അലക്കിയുണങ്ങുന്ന തുണി മടക്കി തലയണക്കീഴിൽ വെച്ച് പിന്നീട് തന്റെ ഏക സമ്പാദ്യമെന്നു വിശ്വസിക്കുന്ന പഴയപെട്ടിയിൽ തിരുകും. ഒരു ചുളിവുമില്ലാതെ അത് അവിടെ എങ്ങിനെയിരിക്കുന്നുവെന്ന് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “ഈ അമ്മച്ചിയുടെ ഒരു കാര്യം……” എന്നു പറഞ്ഞ് എന്റെ ഭാര്യ ഷീബ തുടങ്ങുമ്പോൾ ഞാൻ ഇടപെടും. “അമ്മയെക്കുറിച്ചു മാത്രം നീ ഒന്നും പറയണ്ട, എനിക്കറിയാവുന്ന അമ്മയെ നിങ്ങൾക്കാർക്കുമറിയില്ല. ഇനിയെന്തെങ്കിലും പറഞ്ഞാൽ എനിക്ക് സമനില തെറ്റുമെന്നറിഞ്ഞുകൊണ്ട് ഭാര്യ മറ്റൊരു വിഷയത്തിലേക്കു കടക്കും.

കുഞ്ഞു ജനിക്കുമ്പോഴാണ് ഒരമ്മയും ജനിക്കുന്നത്. ഒരുപക്ഷേ കുഞ്ഞിനേക്കാൾ വലിയൊരു സൃഷ്ടിപരത അമ്മയുടെ ജന്മത്തിനുണ്ട്. നമ്മുടെ സുഖദുഃഖങ്ങളിൽ മനസ്സു ചാലിക്കുന്ന മറ്റൊരാളുമുണ്ടാവില്ല. അമ്മയുടെ മരണമായിരിക്കും അമ്മയുടെ കൂട്ടില്ലാതെ നമ്മൾ അനുഭവിക്കുന്ന ആദ്യത്തെ ദുരന്തവും. അത്തരമൊരു ദുരന്തം ഉണ്ടാകരുതേ എന്നായിരിക്കും ആരുടെയും പ്രാർത്ഥന. ഏന്തിവലിഞ്ഞ് പാതി വഴിയിൽ നിന്ന് ശ്വാസമെടുത്ത് പള്ളിയിലേക്കു പോകുന്ന കുറുകിയ രൂപം ദൈവത്തിന്റെ സ്പർശമാകുന്നത് വെറുതെയല്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker