IndiaNEWS

കായൽപ്പട്ടിണം അഥവാ കടൽത്തീരത്തെ പള്ളികളുടെ പട്ടണം

കേട്ടറിഞ്ഞതിലും വലിയ വിസ്മയമാണ് കായൽപട്ടിണം എന്ന തമിഴ്നാടൻ തീരദേശ ഗ്രാമം.സാധാരണ തമിഴ് കാഴ്ചകളിൽ നിന്നും കെട്ടിലും മട്ടിലും തീർത്തും വ്യത്യസ്തമായ നാട്. പള്ളികളിൽ തുടങ്ങി പള്ളികളിൽ അവസാനിക്കുന്ന കാഴ്ചകൾ. തമിഴ്നിനാടിന്‍റെ തെക്കെ അറ്റത്തെ കായിൽപട്ടിണത്തിന്റെ വിശേഷങ്ങൾ…
സൂഫികളുടെ നാട്….ഇന്ത്യയിലെ കെയ്റോ…വിശേഷങ്ങളും വിശേഷണങ്ങളും ഒരുപാടുണ്ട് കായിൽപ്പട്ടിണമെന്ന ഈ തമിഴ്നാടൻ തീരദേശ ഗ്രാമത്തിന്. തമിഴ്നാട്ടിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പുരാതനമായ മുസ്ലീം അധിവാസ കേന്ദ്രമായ ഇവിടം ചരിത്രത്തിനും സഞ്ചാരികൾക്കും കാണാക്കാഴ്ചകൾ തേടി നടക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു. അറബിയിൽ മാത്രമല്ല, തമിഴിലും കവിതകളെഴുതിയിരുന്ന സൂഫിവര്യന്മാർ ഇവിടെയുണ്ടായിരുന്നുവത്രെ. അറിയപ്പെടാത്ത കഥകളും കേൾക്കാത്ത ചരിത്രങ്ങളും ഒക്കെയായി തികച്ചും ശാന്തമാണ് അന്നും ഇന്നും കായൽപട്ടിണം. ലോക പ്രശസ്ത സഞ്ചാരിയായിരുന്ന മാർക്കോ പോളോയുടെ യാത്ര കുറിപ്പുകളിലും കാൽപട്ടിണത്തെക്കുറിച്ച് പറയുന്നുണ്ട്. ഈജിപ്തിലെ കെയ്റോയിൽ നിന്നുള്ള വ്യാപാരികളും സൂഫിവര്യന്മാരും വന്നുപോയ ചരിത്രമാണ് കായല്‍പട്ടിണത്തിനുള്ളത്.
അറബിയിൽ ഖാഹിറ എന്നാണ് കായൽപട്ടിണം അറിയപ്പെടുന്നത്. ഖാഹിറ എന്നാൽ ഈജിപ്തിലെ കെയ്റോ പട്ടണത്തിന് അറബിയിൽ പറയുന്ന പേരാണ്. മുൻ കാലത്ത് ഇവിടെ ജീവിച്ചിരുന്ന മുസ്ലിം പണ്ഡിതരുടെ പേരിനൊപ്പം ഈ സ്ഥലപ്പേര് ഉൾപ്പെടുത്തി ഖ്വാഹിരി( കായല്പട്ടിണത്തുകാരൻ) എന്ന് പറഞ്ഞുപോന്നിരുന്നു എന്നു ചരിത്രം പറയുന്നു.
ഇസ്ലാം വിശ്വാസികളുടെ ദേവാലയങ്ങളാൽ സമ്പന്നമായാ നാടാണ് കായൽപ്പട്ടിണം. ഒരു കൊച്ചു ഗ്രാമത്തിൽ 150 ൽ അധികം ദേവാലയങ്ങൾ എന്നത് വിശ്വസിക്കുവാൻ പാടാണെങ്കിലും ഇവിടെ എത്തിയാൽ ആ സംശയം മാറും. എത്ര പ്രാർഥിച്ചും മതിയാവാതെ , പ്രാർഥനയിൽ അലിഞ്ഞു ജീവിക്കുന്ന ഇവിടുത്തെ ജീവിതം ഒരിക്കലെങ്കിലും കണ്ടിരിക്കണം. മസ്ജിദുകൾ മാത്രമല്ല, മുഗൾ ചക്രവർത്തിമാർ പണികഴിപ്പിച്ച ദര്‍ഗകളും ഇവിടെ ധാരാളമുണ്ട്.
മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകമായി പല കാര്യങ്ങളും ഇവിടെ, ഈ ഗ്രാമത്തിൽ കാണാന്‍ സാധിക്കും. അതിലൊന്ന് ഇവിടുത്തെ രണ്ടു വാതിലുള്ള വീടുകളാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി പുറത്തിറങ്ങുവാനാണ് ഈ വാതിലുകളുള്ളത്. അറേബ്യൻ സംസ്കാരത്തിന്റെ പിന്തുടർച്ചായാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഇന്നും ഇവിടെ വീടുകൾ നിർമ്മിക്കുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം വാതിലുകൾ നിർമ്മിക്കാറുണ്ട്. ചിലയിടങ്ങളിൽ സ്ത്രീകൾക്കു മാത്രമായുള്ള നടപ്പാതയും കാണാൻ സാധിക്കും.
കായൽപ്പട്ടണത്തിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ ബീച്ചാണ്. തമിഴ്നാട്ടിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായി അറിയപ്പെടുന്നതും ഇത് തന്നെയാണ്. ചിപ്പിയും പവിഴപ്പുറ്റും കാണാൻ സാധിക്കുന്ന ഇവിടം തിരക്ക് തീരെ അനുഭവപ്പെടാത്ത സ്ഥലം കൂടിയാണ്. അതുകൊണ്ട് തന്നെ തിരുച്ചെണ്ടൂര് പോകുന്നവരും തൂത്തുക്കുടി യാത്രക്കാരും ഒക്കെ ഇവിടുത്തെ ബീച്ച് കാണാനായി എത്താറുണ്ട്. യാതൊരു വിധ ബഹളങ്ങളും ഇല്ലാതെ സമയം ചിലവഴിക്കാം എന്നതാണ് ഇവിടുത്ത ആകർഷണം. ധാരാളം മുസ്ലീം ദേവാലയങ്ങളുള്ളതുകൊണ്ടുതന്നെ സഞ്ചാരികളേക്കാൾ അധികം തീർഥാടകരാണ് ഇവിടെ എത്തുന്നത്.

Back to top button
error: