KeralaNEWS

സ്വയംവിമർശനം കോൺഗ്രസിൻ്റെ അജണ്ടയിലുണ്ടെങ്കിൽ ശബരിമല നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പു പറയണം– തോമസ് ഐസക്കിൻ്റെ എഫ്ബി പോസ്റ്റ്

ആചാരസംരക്ഷണ നിയമവുമായി രംഗത്തിറങ്ങിയവരെ മൂലയ്ക്കിരുത്തണം

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ടി എം തോമസ് ഐസക്ക്. ഫേസ്ബുക് പോസ്റ്റിലാണ് വിമർശനം.

ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് –

2019ലെ പാർലമെൻ്റ് ഫലത്തിൻ്റെ തനിയാവർത്തനം സ്വപ്നം കണ്ട് ശബരിമല തിരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നൽകിയത്. വിശ്വാസവും ആചാരവുമൊന്നും രാഷ്ട്രീയക്കളിയ്ക്കുള്ള കരുക്കളല്ലെന്ന് അവർക്ക് ഇപ്പോൾ ബോധ്യമായിക്കാണും. പൊതുബോധത്തിൽ നഞ്ചുകലക്കി മീൻപിടിക്കാനിറങ്ങിയവരെ ജനം ആഞ്ഞു തൊഴിച്ചു. പരിചയ സമ്പത്തും അനുഭവപരിചയവും കൊണ്ട് മാതൃകയാകേണ്ടവരും യൂത്തുകോൺഗ്രസിലും കെഎസ് യുവിലും പിച്ചവെച്ചു തുടങ്ങിയവരും ഒരുപോലെ തിരഞ്ഞെടുപ്പു വിജയം സ്വപ്നം കണ്ടത് ആചാരത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിലാണ്. നമ്മുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സാക്ഷരതയ്ക്കും തീരാക്കളങ്കമായി അവരൊക്കെ ചരിത്രത്തിൽ ഇടം നേടും.

കഴിഞ്ഞ പാർലമെൻ്റു തിരഞ്ഞെടുപ്പുഫലവുമായി താരതമ്യം ചെയ്യുമ്പോഴാണ് യുഡിഎഫ് ബിജെപി സംയുക്ത മുന്നണിയുടെ പതനത്തിൻ്റെ ആഴവും കേരള ജനത നൽകിയ പ്രഹരത്തിൻ്റെ ഊക്കും മനസിലാവുക. 2019ൽ 96 ലക്ഷം വോട്ടു കിട്ടിയ യുഡിഎഫിൻ്റെ വിഹിതം ഇക്കുറി 82 ലക്ഷമായി ഇടിഞ്ഞു. ബിജെപിയുടെ 31 ലക്ഷം വോട്ടുകൾ 26 ലക്ഷമായി.

രണ്ടു കൊല്ലത്തെ ഇടവേളയിൽ വർഗീയ മുന്നണിയിൽ നിന്ന് ചോർന്നത് പതിനാലും അഞ്ചും പത്തൊമ്പത് ലക്ഷം വോട്ടുകൾ. അതേസമയം എൽഡിഎഫിൻ്റെ വോട്ടുകൾ 71 ലക്ഷത്തിൽ നിന്ന് 94 ലക്ഷമായി കുതിച്ചുയർന്നു. 23 ലക്ഷം വോട്ടിൻ്റെ വർദ്ധന. ഭീമമായ ഈ വോട്ടു വ്യതിയാനമാണ് യുഡിഎഫിൻ്റെയും ബിജെപിയുടെയും മനക്കോട്ട തകർത്തത്. കച്ചവടത്തിനുറപ്പിച്ച വോട്ടിൻ്റെ എത്രയോ മടങ്ങ് ചോർന്നുപോയി.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച 96 ലക്ഷം വോട്ടിൽ കണ്ണുവെച്ചാണ് യുഡിഎഫ് നേതാക്കൾ ആത്മവിശ്വാസത്തിൻ്റെ ഉമിനീരു നുണഞ്ഞത്. വോട്ടെണ്ണലിൻ്റെ തലേന്നു വരെ എന്തൊരു ആത്മവിശ്വാസമായിരുന്നു. എന്തൊക്കെയായിരുന്നു തയ്യാറെടുപ്പുകൾ!

സത്യപ്രതിജ്ഞയ്ക്ക് തീയതി കുറിക്കുന്നു, വകുപ്പു സെക്രട്ടറിമാരെ തീരുമാനിക്കുന്നു, താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നു, വേണ്ടപ്പെട്ട പ്രമാണിമാർക്ക് സുപ്രധാന ലാവണങ്ങൾ മുൻകൂട്ടി പറഞ്ഞു വെയ്ക്കുന്നു…. അങ്ങനെ സ്വപ്നാടനത്തിനിടയിൽ എന്തെല്ലാം കാട്ടിക്കൂട്ടി?

96 ലക്ഷത്തിൽ നിന്ന് എത്ര കുറഞ്ഞാലും ജയിക്കാനുള്ള വോട്ടും സീറ്റും ലഭിക്കുമെന്നായിരുന്നു യുഡിഎഫിൻ്റ് പ്രതീക്ഷ. അഭിപ്രായ സർവെകളെ പുച്ഛിച്ചു തള്ളാൻ കുഞ്ഞാലിക്കുട്ടിയ്ക്കും സംഘത്തിനും ആവേശം നൽകിയത് ഈ വോട്ടു കണക്കാണ്. ബിജെപിയുടെ കൈസഹായം കൂടിയാകുമ്പോൾ ഒന്നും പേടിക്കാനേയില്ലെന്നും മനക്കോട്ട കെട്ടി.
അങ്ങനെയാണ് ആചാരസംരക്ഷണ നിയമത്തിന്റെ കരടുമായി ബുദ്ധിശാലകൾ രംഗത്തിറങ്ങിയത്.

എന്തൊക്കെയാണ് പിന്നെ കേരളം കണ്ടത്? പത്രസമ്മേളനങ്ങളിലും പ്രസ്താവനകളിലും പ്രസംഗങ്ങളും മൈക്ക് അനൌൺസ്മെൻ്റുുകളിലും വാട്സാപ്പ് ഫോർവേഡുകളിലും കുടിലത കുലംകുത്തിയൊഴുകി. കേൾക്കാനും പറയാനുമറയ്ക്കുന്ന നുണകളും ആക്ഷേപങ്ങളും പൊതുമണ്ഡലത്തെ മലീമസമാക്കി. യുഡിഎഫിൻ്റെയും ബിജെപിയുടെയും പ്രചരണവാഹനങ്ങളും അനൌൺസ്മെൻ്റും തിരിച്ചറിയാനാവാത്ത വിധം ഒന്നായി. ഈ വർഗീയ സഖ്യത്തിൻ്റെ പരസ്യമായ അഴിഞ്ഞാട്ടത്തിനാണ് കേരളത്തിൻ്റെ തെരുവുകൾ സാക്ഷിയായത്. എന്നാൽ ഈ നീചരാഷ്ട്രീയത്തിൻ്റെ കടയ്ക്കൽ പ്രബുദ്ധരായ ജനം ആഞ്ഞു വെട്ടുക തന്നെ ചെയ്തു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്നെ ചുവരെഴുത്ത് വ്യക്തമായിരുന്നു. പ്രാദേശിക സർക്കാരുകളെ തിരഞ്ഞെടുക്കുന്ന സമയത്തും യുഡിഎഫും ബിജെപിയും ആചാരസംരക്ഷണവും ശബരിമലയുമൊക്കെത്തന്നെയാണ് കത്തിച്ചത്. പക്ഷേ, അന്നും എൽഡിഎഫിന് 87 ലക്ഷം വോട്ടു ലഭിച്ചു. യുഡിഎഫിന് 78 ലക്ഷവും ബിജെപിയ്ക്ക് 30 ലക്ഷവും. ജനം കൈയൊഴിഞ്ഞു തുടങ്ങിയതിൻ്റെ ആദ്യലക്ഷണം.

ആ വിജയത്തിന്റെ ശോഭ കെടുത്താൻ നിഷേധാത്മരാഷ്ട്രീയം ആളിക്കത്തിക്കുകയാണ് യുഡിഎഫും ബിജെപിയും ചെയ്തത്. തുറുപ്പു ചീട്ടായി ആചാരസംരക്ഷണ നിയമം തട്ടിക്കൂട്ടുകയും ചെയ്തു. അതൊന്നും ഏശിയില്ല. എന്നു മാത്രമല്ല, യുഡിഎഫും ബിജെപിയും കേരളത്തിന്റെ സ്വൈരക്കേടാണ് എന്ന് ജനങ്ങൾക്ക് ബോധ്യമാവുകയും ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വീണ്ടും എൽഡിഎഫ് മുന്നോട്ടു കുതിച്ചു. ഏഴു ലക്ഷം വോട്ട് പിന്നെയും കൂടി.

ഈ അനുഭവത്തിൽ നിന്ന് അവരെന്തെങ്കിലും പാഠം പഠിക്കുമോ? ഇല്ല. അടുത്തത് കസേരകളിയുടെ ഊഴമാണ്. ഏതാനും വ്യക്തികളുടെ ഇളക്കി പ്രതിഷ്ഠ പ്രതീക്ഷിക്കാം. പക്ഷേ, അതുകൊണ്ടുമാത്രം ഈ തകർച്ചയെ യുഡിഎഫ് അതിജീവിക്കുകയില്ല.

ഈ തകർച്ചയിൽ നിന്ന് രക്ഷപെടണമെങ്കിൽ പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ബാധ്യതയാകുന്ന നിലപാടുകൾ ത്യജിക്കാൻ യുഡിഎഫ് തയ്യാറാകണം. അപരിഷ്കൃതമായ കാലത്തേയ്ക്കുള്ള പിൻനടത്തത്തിന് ശാഠ്യം പിടിക്കുന്നവരെ തിരുത്താൻ യുവാക്കൾ മുന്നോട്ടു വരണം. രാഷ്ട്രീയമായ വിയോജിപ്പുകൾ വേണം. പക്ഷേ, അതിനും മുകളിലാണ് മനുഷ്യാന്തസ്. അതിൽ തൊട്ടുകളിക്കുന്നവരോടു സമരസപ്പെടുന്നത് അടുത്ത തലമുറയോടു ചെയ്യുന്ന ചതിയാണ്.

സ്വയംവിമർശനം കോൺഗ്രസിൻ്റെ അജണ്ടയിലുണ്ടെങ്കിൽ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പു പറയണം. ആചാരസംരക്ഷണ നിയമവുമായി രംഗത്തിറങ്ങിയവരെ മൂലയ്ക്കിരുത്തണം. അത്തരം തുറന്നു പറച്ചിലുകളാണ് കോൺഗ്രസിലെ യുവാക്കളിൽ നിന്ന് നാട് ആഗ്രഹിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker