Big Breaking

രോഗവ്യാപനം ഇനിയും കൂടിയേക്കും : മുഖ്യമന്ത്രി

നിലവിൽ 2.4 ലക്ഷം ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളത്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

ഇന്ന് 142588 പരിശോധന നടത്തിയതിൽ 37190 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 57 മരണങ്ങളുണ്ടായി. 356872 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

നിലവിൽ 2.4 ലക്ഷം ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളത്. പരമാവധി രണ്ടു ദിവസത്തേയ്ക്ക് മാത്രമേ അതു തികയുകയുള്ളൂ. 4 ലക്ഷം ഡോസ് കോവിഷീൽഡും 75000 ഡോസ് കോവാക്സിനും ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
മെയ് മൂന്നിലെ കണക്കുകൾ പ്രകാരം കേരളത്തിൽ 270.2 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സ്റ്റോക്കിലുണ്ട്. 8.97 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ സിലിണ്ടർ ആയും സ്റ്റോക്കുണ്ട്. 
108.35 മെട്രിക് ടൺ ഓക്സിജനാണ് ഇപ്പോൾ ഒരു ദിവസം നമുക്ക് വേണ്ടി വരുന്നത്. 

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയർന്നു തന്നെ നിൽക്കുകയാണ്. അത് നല്ല രീതിയിൽ കുറച്ച് കൊണ്ടു വരാനാകണം എന്നാണ് ഇന്ന് ചേർന്ന അവലോകനയോഗം കണ്ടത്.

ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട് നടപടികൾ എടുക്കും. ജില്ലകളിൽ വിഷമം ഉണ്ടായാൽ ഇടപെടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

വിക് ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകും.
സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്.

അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തെരഞെടുപ്പ് ഡ്യൂടി ചെയ്ത റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കും.
ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കണം. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെത്തന്നെ ബന്ധപ്പടാനാകണം. ഈ കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം

കെ ടി ഡി സി ഉൾപ്പെടെയുള ഹോട്ടലുകൾ, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവയെല്ലാം ബെഡ്ഡുകൾ വർധിപ്പിക്കാൻ ഉപയോഗിക്കാം.

അവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ, ഹോർട്ടി, കൺസ്യൂമർ ഫെഡ് എന്നിവർ ശ്രദ്ധിക്കണം.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സിൻ നൽകും. മൃഗചികിത്സകർക്കു വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഓഫീസുകളിൽ ഹാജർ നില 25 ശതമാനം തീരുമാനിച്ചിട്ടുണ്ട്. അവശ്യം വേണ്ട ഓഫിസുകൾ മാത്രം പ്രവർത്തിച്ചാൽ മതി.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്- നിയന്ത്രിക്കാൻ വളണ്ടിയർമാരെ നിയോഗിക്കണം. അവശ്യമെങ്കിൽ പോലീസ് സഹായം ഉറപ്പാക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്ന ദിവസം പൗരബോധം ഉയർത്തിപ്പിടിച്ചുകൊണ്ട്, സംയമനത്തോടെ പെരുമാറിയ കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ. നമ്മൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൻ്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ നമുക്ക് കഴിഞ്ഞു. അഭിമാനാർഹമായ കാര്യമാണത്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ഉണ്ടാകുന്ന വർദ്ധനവ് കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയമെടുക്കും എന്നാണ്. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതിൽ നിന്നും മനസ്സിലാക്കാം.

ലാൻസെറ്റ് ഗ്ളോബൽ ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നത് ഒന്നാമത്തെ തരംഗത്തിൽ നിന്നും വ്യത്യസ്തമായി നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിൻ്റെ രണ്ടാം തരംഗം വ്യാപിച്ചു എന്നാണ്. ഇന്ത്യയിൽ ഇത്തവണ മരണങ്ങൾ വർദ്ധിക്കാൻ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ആരോഗ്യസംവിധാനങ്ങളുടെ ദൗർലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതൽ ഗുരുതരമാക്കിയിരിക്കുന്നത്. പഞ്ചാബിൽ 80 ശതമാനത്തിൽ കൂടുതൽ ആളുകൾ ലക്ഷണങ്ങൾ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ തേടിയെത്തിയത് എന്നും പഠനം വ്യക്തമാക്കുന്നു.

കേരളത്തിലും രണ്ടാമത്തെ തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ മുൻപുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്. എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങൾ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണെന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങൾ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണം.

ഹോം ക്വാറൻ്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കണം. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ചുകൊണ്ട് അവരുടെ ഓക്സിജൻ നില ഇടയ്ക്കിടെ മോണിറ്റർ ചെയ്യുകയും, എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വാർഡ് മെമ്പർറുമായോ ആരോഗ്യപ്രവർത്തകരുമായോ ഹെല്പ്ലൈനുമായോ ബന്ധപ്പെട്ടുകൊണ്ട് തുടർനടപടികൾ സ്വീകരിക്കണം. ആർക്കെങ്കിലും ചികിത്സ ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം.

56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകർന്നത് വീടുകളിൽ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് നടത്തിയ പഠനം കണ്ടെത്തിയത്. ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു പ്രശ്നമാണിത്. എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം. വീടിൽ നിന്നു പുറത്തിറങ്ങുന്നവർ കർശനമായ ജാഗ്രത പുലർത്തണം. വീട്ടിലെ വയോജനങ്ങളും കുട്ടികളും ആയി ഇടപഴകുമ്പോൾ നന്നായി ശ്രദ്ധിക്കണം.

കഴിയാവുന്നത്ര വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും പ്രധാന മുൻകരുതൽ. വീട്ടിൽ നിന്നു പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കിയതിൻ്റെ ഫലമായി രോഗവ്യാപനത്തിൻ്റെ തോത് 60 ശതമാനത്തോളം കുറയ്ക്കാനായി എന്നാണ് ജപ്പാനിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് നമ്മുടെ നാട്ടിലും ആളുകൾ കഴിയുന്നത്ര വീട്ടിൽ തന്നെ ഇരിക്കുന്നതാണ് ഈ സന്ദർഭത്തിൽ ഏറ്റവും അനിവാര്യമായ കാര്യം.

സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഏറ്റവും അടുത്ത കടയിൽ നിന്നും ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം ഏറ്റവും കുറഞ്ഞ സമയത്തിനുകള്ളിൽ വാങ്ങുക. പോകുന്ന സമയത്ത് ഡബിൾ മാസ്കുകൾ ഉപയോഗിക്കാനും അകലം പാലിക്കാനും സാനിറ്റൈസർ കയ്യിൽ കരുതാനും ശ്രദ്ധിക്കണം, തിരിച്ചു വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങൾ മാറ്റുകയും വേണം.

ചുമ്മൽ, തുമ, ജലദോഷം, ശ്വാസം മുട്ടൽ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനെത്തന്നെ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

മറ്റു വീടുകൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കേണ്ട ഘട്ടമാണിത്. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റു വീടുകളിൽ പോവുകയാണെങ്കിൽ മാസ്കുകൾ ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്തും ആയിരിക്കണം അകത്തേയ്ക്ക് കയറേണ്ടത്. വരുന്ന ആൾ മാത്രമല്ല, വീട്ടിലുള്ളവരും മാസ്ക് ധരിച്ചുകൊണ്ട് മാത്രമേ സന്ദർശകരുമായി ഇടപഴകാൻ പാടുള്ളൂ.
കോവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനലുകൾ പലരും അടച്ചിടാറുണ്ട്. അതു തെറ്റായ രീതിയാണ്. ജനലുകൾ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പു വരുത്താനാണ് ശ്രമിക്കേണ്ടത്. വായു സഞ്ചാരമുണ്ടാകുമ്പോൾ രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്.
ആളുകൾ നിരന്തരമായി സ്പർശിക്കുന്ന പ്രതലങ്ങൾ, ഉദാഹരണമായി വാതിലുകളുടെ ഹാൻ്റിലുകൾ, സ്വിച്ചുകൾ, തുടങ്ങിയവ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യുന്നതും നല്ലതാണ്.
ഇത്തരത്തിൽ, വീട്ടിൽ മാസ്കുകൾ ധരിക്കേണ്ട സാഹചര്യത്തിൽ അവ ധരിച്ചും, പുറത്തിറങ്ങുന്നത് പരമാവധി കുറച്ചും, പുറത്തിറങ്ങുന്നവർ ശരീരം ശുചിയാക്കിയും, വയോജനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിയും, ഗൃഹസന്ദർശനങ്ങൾ ഉപേക്ഷിച്ചും, വീടിനകത്തെ വായു സഞ്ചാരം ഉറപ്പാക്കിയും, വീടിനകത്തെ ശുചിത്വം പാലിച്ചും ഒക്കെ കോവിഡ് രോഗബാധയേൽക്കാത്ത ഇടങ്ങളായി നമ്മുടെ വീടുകളെ മാറ്റാൻ ഓരോരുത്തരും മുൻകൈ എടുക്കണം.

ആരോഗ്യസംവിധാനത്തിൻ്റെ സർജ് കപ്പാസിറ്റി ഉയർത്താനുള്ള പരമാവധി ശ്രമം സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. എങ്കിലും അതൊന്നും മതിയാകാത്ത ഒരു സാഹചര്യം ഈ രീതിയിൽ രോഗവ്യാപനം വളരുകയാണെങ്കിൽ സംജാതമാകുമെന്നത് നമ്മൾ മുൻകൂട്ടിക്കാണേണ്ടതാണ്. ഇപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെല്ലാം പ്രവർത്തിക്കുന്നത് വലിയ സമ്മർദ്ദത്തിനു കീഴ്പ്പെട്ടുകൊണ്ടാണ്. അതിനിയും വർദ്ധിക്കാതെ നോക്കുക എന്നത് അതിപ്രധാനമാണ്. കഴിഞ്ഞ ഘട്ടത്തിൽ രോഗബാധ ഗുരുതരമായ വ്യക്തിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 70 ദിവസങ്ങളിലധികം നീണ്ട ചികിത്സയും പരിചരണവും നൽകി രോഗമുക്തമാക്കിയത് എല്ലാവർക്കും ഓർമ്മയുണ്ടാകും. അത്തരത്തിൽ നിരവധി ആളുകളെ മരണത്തിൽ നിന്നു രക്ഷിക്കാൻ സാധിച്ചിരുന്നു. രോഗവ്യാപനം വല്ലാതെ ഉയരുകയാണെങ്കിൽ ഇത്തരത്തിലുള്ള പരിചരണം നൽകാൻ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും. അതുകൊണ്ട് അത്തരമൊരു അവസ്ഥ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുത്തേ മതിയാകൂ.

*വാക്സിനേഷൻ*

കേന്ദ്ര സർക്കാരിൽ നിന്നും നമുക്ക് ലഭിച്ചത് 7338860 ഡോസുകളാണ്. എന്നാൽ നമ്മൾ ഉപയോഗിച്ചത് 7426164 ഡോസുകളാണ്.
ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ

അധിക ഡോസ് കൂടെ നമുക്ക് നൽകാൻ സാധിച്ചു. അതുകൊണ്ടു മാത്രം 315580 ഡോസ് വാക്സിൻ കൂടെ നമ്മുടെ പക്കൽ ഇനിയും ബാക്കിയുണ്ട്. കേന്ദ്ര സർക്കാർ തന്നതിൽ കൂടുതൽ നമ്മൾ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ അതീവ ശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ ഇക്കാര്യത്തിൽ ഹാർദ്ദമായി അഭിനന്ദിക്കുന്നു. അഭിമാനാർഹമായ വിധത്തിലാണ് ഈ പ്രതിസന്ധിഘട്ടത്തിൽ അവർ പ്രവർത്തിച്ചത്.

വാക്സിനുകൾ ലഭിക്കുന്നില്ല എന്നതാണ് നിലവിൽ നേരിടുന്ന പ്രശ്നം. ഒന്നുകിൽ 45 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ രാജ്യത്തെ വാക്സിൻ സപ്ളൈ ഉറപ്പു വരുത്തുകയെങ്കിലും വേണം. ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും, വാക്സിൻ ദൗർലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സർക്കാരിനെ ഇതിനോടകം ബന്ധപ്പെട്ട് കഴിഞ്ഞതാണ്. രോഗം ഇത്തരത്തിൽ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണ്.

മുൻപ് നടന്ന പത്ര സമ്മേളനത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമാകാൻ കൂടുതൽ സ്വകാര്യ ആശുപത്രികൾ തയ്യാറാകണമെന്ന് നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു. ആ അഭ്യർത്ഥന മാനിച്ചു കൊണ്ട് പുതുതായി 11 സ്വകാര്യ ആശുപത്രികൾ കൂടി പദ്ധതിയുടെ ഭാഗമായിരിക്കുകയാണ്. അവരെ ഹൃദയപൂർവം അഭിനന്ദിക്കുന്നു. കൂടുതൽ ആശുപത്രികൾ ഈ പാത പിന്തുടരണം. കൂടുതലാളുകൾക്ക് സൗജന്യ ചികിത്സ നൽകാൻ അതു സഹായകമാകും.

സംസ്ഥാനത്താകെ കോവിഡിനെതിരായ പോരാട്ടം ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളും ഫലപ്രദമായി ഇടപെടുകയാണ്.
തിരുവനന്തപുരം ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ ഓക്സിജൻ സംഭരണം ആരംഭിച്ചിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ സംഭരിച്ചു സൂക്ഷിക്കാൻ വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ സിലിണ്ടർ സ്റ്റോക്ക് റൂം സജ്ജമാക്കി. ആരോഗ്യ കേന്ദ്രങ്ങളിലും സിഎഫ്എൽടിസികൾ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ സുഗമമായി ലഭിക്കുന്നുണ്ടെന്നു നിരീക്ഷിക്കാൻ ഉദ്യോഗസ്ഥതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്നു നേരത്തേ നിർദേശം നൽകിയിരുന്നു. ഇപ്പോഴും 50 ശതമാനം കിടക്കകൾ സജ്ജമാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി.

കൊല്ലം ജില്ലയിലെ ഹാർബറുകളുടേയും അനുബന്ധ ലേലഹാളുകളുടേയും പ്രവർത്തനം നിരോധിച്ചു.
പത്തനംതിട്ട ജില്ലയിൽ. അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിൽ കോവിഡ് പരിശോധന വിപുലമാക്കി.
ആലപ്പുഴ ജില്ലയിൽ ഓക്സിജൻ വാർ റൂമിന്റെ നേതൃത്വത്തിൽ ശേഖരിച്ച ഓക്സിജൻ സിലണ്ടറുകൾ നിറയ്ക്കുന്നതിനായി മാവേലിക്കരയിലെ ട്രാവൻകൂർ വർക്സ് ഓക്സിജൻ പ്ലാന്റിലേക്ക് മാറ്റി. ഇവ നിറച്ച് ഡി.എം.ഒ.യുടെ കീഴിലുള്ള ഓക്സിജൻ സ്റ്റോർ റൂമിൽ സൂക്ഷിക്കും. ആവശ്യാനുസരണം ആശുപത്രികൾക്കും മറ്റ് ചികിത്സാകേന്ദ്രങ്ങൾക്കും വിതരണം ചെയ്യും. വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനിമൽ ഡേ കെയർ സെന്റർ തുടങ്ങി.

കോട്ടയം ജില്ലയിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത മുൻകൂട്ടി അറിയുന്നതിന് പ്രത്യേക കൺട്രോൾ സെൽ തുറക്കും.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞദിവസം 32.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ വീടുകളിൽ തന്നെ കൂടുതൽ ആളുകൾക്ക് രോഗം പകരുന്ന സാഹചര്യമുള്ളതിനാൽ, കാര്യമായ രോഗലക്ഷണമില്ലാത്തവരെ ഡൊമിസലറി കെയർ സെന്ററുകളിലേക്ക് മാറ്റും.

കണ്ണൂർ ജില്ലയിൽ ചികിൽസാ സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ആശുപത്രികൾക്കു പുറമെ, എല്ലാ സ്വകാര്യ-സഹകരണ-ഇഎസ്ഐ ആശുപത്രികളിലെയും പകുതി കിടക്കകൾ കൊവിഡ് ചികിൽസയ്ക്കു മാത്രമായി മാറ്റിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളിൽപ്പെട്ട കൊവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.
ചികിൽസയ്ക്കാവശ്യമായ കിടക്കകൾ, ഡി ടൈപ്പ് ഓക്‌സിജൻ സിലിണ്ടർ, ജീവൻ രക്ഷാ മരുന്നുകൾ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഒരോ ഇൻസിഡന്റ് കമാന്ററെ നിയമിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും ഓക്‌സിജൻ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ജോലിക്കാർക്ക് സമീപ പ്രദേശത്തുതന്നെ താമസസൗകര്യം ഒരുക്കേണ്ട ചുമതല ഉടമസ്ഥർക്ക് ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ യാത്ര ഒഴിവാക്കാനാണ് ഇത്. താമസസൗകര്യം ഒരുക്കാൻ കഴിയില്ലെങ്കിൽ ജോലിക്കാർക്ക് യാത്ര ചെയ്യാനായി വാഹന സൗകര്യം ഏർപ്പെടുത്തണം.

കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര ചില സ്ഥലങ്ങളിൽ പോലീസ് തടസപ്പെടുത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ജോലിക്കാരുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകും.

നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം. ഇത്തരം വ്യായാമമുറകൾക്ക് വീടും വീട്ടുപരിസരവും ഉപയോഗിക്കുകയാണ് വേണ്ടത്.

പൊതുസ്ഥലങ്ങളിൽ പോകുന്നവർ രണ്ട് മാസ്ക് ധരിക്കണമെന്ന് നേരത്തേ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പലരും ഈ നിർദ്ദേശം പാലിക്കുന്നതായി കാണുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റുളളവരിലേയ്ക്ക് രോഗം പടരുന്നത് തടയുന്നതിനുമാണ് ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്. അത് കൃത്യമായി പാലിക്കണമെന്നാണ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കാനുളളത്. രണ്ട് മാസ്ക് ഉപയോഗിക്കുന്നവർ ആദ്യം സർജിക്കൽ മാസ്കും പുറമെ തുണി മാസ്കുമാണ് ധരിക്കേണ്ടത്. അല്ലെങ്കിൽ എൻ-95 മാസ്ക് ഉപയോഗിക്കണം.

മാർക്കറ്റിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവരും ജീവനക്കാരും പരസ്പരം കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കണം.

ഓക്സിജൻ, മരുന്നുകൾ മുതലായ അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് റോഡിൽ ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ പോലീസ് എസ്കോർട്ട് നൽകും. ഇവയുടെ നീക്കം സുഗമമാക്കാൻ ജില്ലാ തലത്തിൽ ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും. സംസ്ഥാന തലത്തിൽ ഇക്കാര്യം നിരീക്ഷിക്കാനുളള ഉത്തരവാദിത്തം ക്രമസമാധാനവിഭാഗം എ.ഡി.ജി.പി ക്ക് ആയിരിക്കും.

വാർഡ് തല സമിതികൾ, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. അടുത്ത 24 മണിക്കൂറിനുളളിൽ ഇവയുടെ പ്രവർത്തനം പൂർണ്ണതോതിൽ എത്തും.

ക്വാറൻറൈൻ ലംഘനം കണ്ടെത്തുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി വാർഡുകൾ തോറും നിയോഗിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിജയകരമാണ്. വനിതാ പോലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിത സ്വയം പ്രതിരോധ സംഘം എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുളളത്. വനിതാ മോട്ടോർസൈക്കിൾ പട്രോൾ സംഘത്തിന്റെ പ്രവർത്തനവും വിവിധ ജില്ലകളിൽ നടക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 17,730 പേർക്കെതിരെ കേസ് രജിസറ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,551 പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 56,34,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker