LIFEOpinion

നായക സങ്കല്പങ്ങൾക്ക് പുറത്ത് നിന്നിരുന്ന ‘ഇത്തിരി കുഞ്ഞൻ’ അങ്ങനെ ഏഷ്യൻ സിനിമയിൽ തന്നെ നായകവേഷം ചെയ്യുന്ന ആദ്യ ഉയരം കുറഞ്ഞ മനുഷ്യനായി -മേള രഘു അനുസ്മരണം

വിപിൻദാസ് ജി

എൺപതുകളിൽ കെ.ജി ജോർജിന്റെ ‘മേള’ എന്ന സിനിമ സംഭവിച്ചതുകൊണ്ട് ശശിധരൻ എന്ന ‘മേള രഘു’ വിനെ മലയാള സിനിമയ്ക്ക് കിട്ടി. നടൻ എന്നതിലുപരി നായക നടനായി ഒരു അരങ്ങേറ്റം. നായക സങ്കല്പങ്ങൾക്ക് പുറത്ത് നിന്നിരുന്ന ‘ഇത്തിരി കുഞ്ഞൻ’ അങ്ങനെ ഏഷ്യൻ സിനിമയിൽ തന്നെ നായകവേഷം ചെയ്യുന്ന ആദ്യ ഉയരം കുറഞ്ഞ മനുഷ്യനായി. സിനിമ സ്കോപ്പിലൂടെ നോക്കുമ്പോൾ സമൂഹം എത്ര സുന്ദരമെന്ന് അറിവില്ലാപ്രായത്തിൽ തോന്നിയിരുന്നു. സിനിമ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ലോകമായിരുന്നു. അവിടെ കറുത്തവരും ഉയരം കുറഞ്ഞവരും, അംഗങ്ങൾ അഴകളവിന് പുറത്തായവരും അധകൃതരായി അകറ്റി നിർത്തപ്പെട്ടു. സുന്ദരികളുടെയും സുന്ദരന്മാരുടെയും ജീവിതം മാത്രം പറയാനുള്ളതാണോ സിനിമ?

സാമൂഹിക സ്വാധീനമുള്ള സിനിമ എന്ന ജനകീയകലയ്ക്ക് ചേരാത്ത മൂല്യച്യുതിയാണ് ഈ താര പരിവേഷം എന്ന് തോന്നിയത് കലാമൂല്യമുള്ള സിനിമകളിലൂടെ പല സംവിധായകരും തിരുത്തിയിട്ടുമുണ്ട്. അതിൽ ഒരാളായിരുന്നു കെ.ജി.ജോർജ്‌. സർക്കസ് കൂടാരത്തിലെ റോക്ക് സ്റ്റാറുകളുടെ ജീവിതം പറഞ്ഞ സിനിമകൾക്കിടയിലേക്ക് അയാൾ അതേ തമ്പിൽ അഭ്യാസങ്ങൾ കാട്ടി പ്രേക്ഷകരെ രസിപ്പിച്ചിരുന്ന ഇത്തിരിക്കുഞ്ഞന്മാരുടെ ജീവിതം പറഞ്ഞു. മേളയിലേക്ക് അങ്ങനെ ശശിധരൻ എന്ന ചെറിയ വലിയ മനുഷ്യന് പ്രവേശനം കിട്ടി. കിട്ടിയ അവസരം പരിഭ്രമം കൂടാതെ അദ്ദേഹം ചെയ്യുകയും ചെയ്തു. രണ്ടായിരത്തിൽ പുറത്തിറങ്ങിയ ‘ഉത്തര’ എന്ന സിനിമയിലെയും അഭ്യാസിയുടെ വേഷം അതേ വൈകാരികതയോടെ അദ്ദേഹം ചെയ്തു കണ്ടു.

ഉത്തരയും അപൂർവസഹോദരങ്കളും ദൃശ്യവും ഒക്കെയായി വല്ലപ്പോഴും പ്രേക്ഷകരെ ഓർമ്മിപ്പിക്കാൻ എന്നവണ്ണം അദ്ദേഹം വെള്ളിത്തിരയിൽ വന്നുപോയി. സിനിമയുടെ സ്വാധീനശക്തിയിൽ ഇന്ന് ഈ സ്മരണ കുറിപ്പ് എഴുതുമ്പോൾ ഒന്നേ ഉള്ളിൽ തോന്നുന്നുള്ളൂ- സിനിമ കൂടുതൽ കൂടുതൽ ജനകീയവും രാഷ്ട്രീയവും കലാമൂല്യവും ആകുമ്പോൾ അതിന്റെ കെട്ടുപാടുകളിൽ ഇന്നും കുടിയിരിക്കുന്ന സൗന്ദര്യസങ്കല്പങ്ങളെ ഒന്ന് പൊളിച്ചെഴുതുക. നിങ്ങൾ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും കഥകൾ പറയേണ്ട എന്നല്ല, അതിനൊപ്പം സൗന്ദര്യസങ്കല്പങ്ങൾക്ക് പുറത്ത് നിൽക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ കഥകൾ കൂടി പറയാൻ ശ്രമിക്കണം എന്ന അപേക്ഷയാണ്. സമൂഹത്തിൽ മാറ്റി നിർത്തിയവർക്ക്, സിനിമയിൽ മാറ്റി നിർത്തിയവർക്ക്, അവർക്ക് കൂടി അല്പം ഇടം ഒതുക്കുക. അത് ക്യാമറക്ക് പിന്നിലല്ല, മുന്നിൽ. കാരണം ലോകം അവരുടെ കൂടിയാണ് എന്ന് ഓർമ്മിപ്പിക്കാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker