KeralaNEWS

അഞ്ച് കൊല്ലം കൂടി പ്രതിപക്ഷത്ത് ,താങ്ങുമോ കോൺഗ്രസിന് ഈ ഭാരം

ഹൈക്കമാൻഡിനെ സംബന്ധിച്ചിടത്തോളം കനത്ത ഞെട്ടൽ ആണ് കേരളത്തിലെ തോൽവി

അഞ്ച് കൊല്ലം കൂടി പ്രതിപക്ഷത്ത് ഇരിക്കാനുള്ള ജനവിധി ആണ് കോൺഗ്രസിന് കിട്ടിയത് .രാജ്യത്താകെ കോൺഗ്രസ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സംസ്ഥാനത്തെ കനത്ത തോൽവി കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കും .ഒരു ദശാബ്ദത്തോളം അധികാരത്തിൽ നിന്ന് അകന്നു നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് ആളെക്കൂട്ടാനാവുമോ എന്ന ചോദ്യത്തോളം പ്രസക്തമാണ് നിലവിലെ നേതാക്കളുടെ രാഷ്ട്രീയ ഭാവി .

ഹൈക്കമാൻഡിനെ സംബന്ധിച്ചിടത്തോളം കനത്ത ഞെട്ടൽ ആണ് കേരളത്തിലെ തോൽവി .ഒരു ചെറിയ ഭൂരിപക്ഷത്തോടെ കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരുമെന്ന ചിത്രമാണ് സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തിന് നൽകിയത് .ഈ പ്രതീക്ഷയിൽ തന്നെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയതും .എന്നാൽ രാഹുൽ – പ്രിയങ്ക പ്രഭാവം ഉണ്ടായില്ലെന്ന് മാത്രമല്ല രാഹുലിന്റെ ലോക്സഭാ മണ്ഡല പരിധിക്കുള്ളിൽ തന്നെ യു ഡി എഫ് പുറകോട്ട് പോകുകയും ചെയ്തു .

തെരഞ്ഞെടുപ്പിൽ നയിക്കാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയെയാണ് .രമേശ് ചെന്നിത്തലയിൽ ഉണ്ടായ അവിശ്വാസവും ഇതിനു കാരണമായി .അതോടെ പരാജയയതിന്റെ പാപഭാരം രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും ഒപ്പം ഉമ്മൻ ചാണ്ടിയ്ക്ക് മുകളിലും വീണു .എന്തുകൊണ്ട് പാർട്ടി തോറ്റു എന്ന ചോദ്യം തീർച്ചയായും ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ചോദിക്കും .കേരളമെന്ന ദക്ഷിണേന്ത്യയിലെ ഏക പച്ചത്തുരുത്ത് കാത്ത് അഭിമാനം സംരക്ഷിക്കാം എന്നാണ് രാഹുൽ ഗാന്ധിയും കരുതിയത് .

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ കടന്നു വന്ന ഗ്രൂപ്പിസം ഹൈക്കമാൻഡിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത് .തങ്ങളുടെ ആളുകളെ സ്ഥാനാർഥി ആക്കാൻ ഓരോ ഗ്രൂപ്പും അവസാനം വരെ നിന്നു .ഇതിന്റെ പ്രത്യാഘാതം ആണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത് എന്ന കണക്കുകൂട്ടലിലേയ്ക്ക് ആണ് ദേശീയ നേതൃത്വം എത്തിച്ചേർന്നിട്ടുള്ളത് .അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിയും വരും .

മാത്രമല്ല പഴയ പടക്കുതിരകൾക്കെതിരെ യുവനേതാക്കൾ പ്രതികരിക്കാനുള്ള സാധ്യത കൂടുതൽ ആണ് .ഒപ്പം തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ദേശീയ തലത്തിൽ ശക്തിയുള്ള ബിജെപി കേരളത്തിൽ വേരുറപ്പിക്കാൻ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കാനുള്ള ശ്രമം നടത്തുമെന്നതും വ്യക്തം .ജനപിന്തുണയുള്ള നേതാക്കൾ ഇല്ലാതെ പോയതാണ് ബിജെപിയുടെ കേരളത്തിലെ വീഴ്ച എന്ന വിലയിരുത്തലിലേയ്ക്ക് ബിജെപി ദേശീയ നേതൃത്വവും എത്തിച്ചേരുന്നുണ്ട് .അതുകൊണ്ട് തന്നെ അനുഭവ പരിചയമുള്ള കോൺഗ്രസ് നേതാക്കളെ ബിജെപി കണ്ണുവെക്കും എന്ന് തീർച്ച .ഈ വെല്ലുവിളികളെയൊക്കെ നേരിടാനുള്ള കരുത്ത് കോൺഗ്രസിനുണ്ടാവുമോ എന്നതാണ് കണ്ടറിയേണ്ടത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker