KeralaNEWS

തെരെഞ്ഞെടുപ്പ് ഫലം പ്രേക്ഷകരില്‍ എത്തിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി മലയാള വാര്‍ത്താ ചാനലുകള്‍; ആരായിരിക്കും പ്രേക്ഷക പ്രീതിയില്‍ ഇക്കുറി ഒന്നാമതാകുക

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായതോടെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ ഇക്കുറി വോട്ടെണ്ണല്‍ ദിവസം കൈക്കൊണ്ടിരിക്കുന്നത്. ആവേശ പ്രകടനങ്ങളും ആളുകള്‍ കൂട്ടംകൂടുന്നതും വേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇത് വോട്ടെണ്ണല്‍ ദിവസത്തെ ആവേശത്തെ ഇല്ലാതാക്കുമെങ്കിലും, കേരളത്തിന്റെ വാര്‍ത്താ ചാനലുകള്‍ പ്രേക്ഷകരെ ആവേശകൊടുമുടിയിലെത്തിക്കാനുള്ള സന്നാഹങ്ങളുമായാണ് ഒരുങ്ങുന്നത്.

നീണ്ട 26 ദിവസത്തെ കാത്തിരിപ്പിന് ശേഷം വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ഫലമറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. ന്യൂസ് റൂമുകളും ആ ദിവസം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരുക്കങ്ങളിലാണ്. സര്‍വേകളോടെ ആ ആവേശോത്സവത്തിന് ചാനലുകള്‍ തുടക്കം കുറിച്ച് കഴിഞ്ഞു. വ്യത്യസ്തമായ സാങ്കേതികവിദ്യയോടൊപ്പം ഓഗ്മന്റെഡ് റിയാലിറ്റി (ഏ ആര്‍) വിര്‍ച്യുല്‍ റിയാലിറ്റി (വി ആര്‍) തുടങ്ങിയവയില്‍ പുതിയ പരീക്ഷങ്ങളൊക്കെ ഉണ്ടാവും.

ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി, ന്യൂസ് 24,കൈരളി തുടങ്ങി മലയാളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ സജ്ജരായിക്കഴിഞ്ഞു. തങ്ങളുടെ ചാനലിലൂടെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇക്കുറി ടി വിയില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ചാനല്‍ പോര്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യമായ ഇടങ്ങളിലും മലയാളം മുന്‍നിര ചാനലുകള്‍ മത്സരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ബാര്‍ക്ക് റേറ്റിംഗ് ഇല്ലാതായതോടെ യൂട്യൂബ് പ്രേക്ഷകരുടെ എണ്ണത്തിലൂടെ തങ്ങളുടെ ജനപ്രീതി അളക്കുകയാണ് ചാനലുകള്‍. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതിനോടകം പരമാവധി കാഴ്ചക്കാരെ കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

കേരളത്തിലെ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ഫലം കൃത്യതയോടെ മലയാളികളുടെ സ്വീകരണമുറികളില്‍ എത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് അനുഭവസമ്പത്തുമായാണ് ഇക്കുറി മാറ്റുരക്കുന്നത്. വസ്തുതയാര്‍ന്ന വിവരങ്ങള്‍, വിശകലനങ്ങള്‍, പ്രേക്ഷകരില്‍ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ്. കാല്‍ നൂറ്റാണ്ടു പിന്നിട്ട ഏഷ്യാനെറ്റ് തന്നെയാണ് കൗണ്ടിംഗ് ദിവസവും മലയാളികള്‍ ആശ്രയിക്കുന്ന മുന്‍നിര ചാനല്‍. മാധ്യമരംഗത്ത് ദീര്‍ഘകാല പരിചയമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഒരു നിരതന്നെ ഏഷ്യാനെറ്റ് ന്യൂസിന് മുതല്‍ക്കൂട്ടായുണ്ട്.

കഴിഞ്ഞ 5 തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലെ ബാര്‍ക്ക് റേറ്റിംഗ് അനുസരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആണ് മുന്‍പന്തിയില്‍. ടെലിവിഷന്‍ ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്നതിന്റെ ആധികാരിക അളവുകോലായിരുന്ന ബാര്‍ക്ക് റേറ്റിംഗ് ഇല്ലാതായതോടെ ഓണ്‍ലൈന്‍ റീച്ചാണ് ചാനലുകളുടെ വ്യൂവെര്‍ഷിപ്പ് അളക്കുന്നതിന്റെ മാനദണ്ഡം. പ്രധാനമായും യൂട്യൂബിലെ ലൈവ് വാര്‍ത്താ ബുള്ളറ്റിനുകളുടെ മൊത്തം തത്സമയ കാഴ്ചകളുടെ എണ്ണവും വരിക്കാരുടെ എണ്ണവുമാണ് ഇതിന് ആധാരമായി എടുക്കുന്നത്. മലയാളത്തിലെ എല്ലാ വാര്‍ത്താമാധ്യമങ്ങളും ഈ മത്സരത്തില്‍ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ്.

വിശ്വസനീയമായ സോഷ്യല്‍ ബ്ലേഡ് എന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ നല്‍കുന്ന കഴിഞ്ഞ ഒരുമാസത്തെ പ്രമുഖ ന്യൂസ് ചാനലുകളുടെ യൂട്യൂബ് റേറ്റിംഗ് ഇങ്ങനെയാണ്

മനോരമ ന്യൂസ് – 94 മില്യണ്‍ വ്യൂവെര്‍സ്
ഏഷ്യാനെറ്റ് ന്യൂസ് – 81 മില്യണ്‍ വ്യൂവെര്‍സ്
24 ന്യൂസ് – 58 മില്യണ്‍ വ്യൂവെര്‍സ്

സൈബര്‍ ഇടത്തേ ഈ പുതിയ പോരില്‍ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നതിനേക്കാള്‍ തങ്ങളില്‍ ആര് മുന്നിലെത്തുമെന്ന ജനവിധിയിലാണ് വാര്‍ത്താ ചാനലുകളുടെ കണ്ണ്. ചൂടേറിയ തെരെഞ്ഞെടുപ്പ് ഫലത്തോടൊപ്പം മികച്ച സന്നാഹവുമായി ഇറങ്ങുന്ന ‘വാര്‍ത്താ ചാനല്‍ സ്ഥാനാര്‍ത്ഥികളില്‍’ ആര് ജയിക്കുമെന്ന് മെയ് 2 ന് കണ്ടറിയാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker