IndiaNEWS

മോഡിയുടെ പാളിയ ആത്മ നിർഭരത, വാക്സിൻ ഇല്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യ

സമയാസമയം തീരുമാനം എടുത്തിരുന്നെങ്കിൽ ഇന്ത്യക്ക് ഈ ഗതി വരുമായിരുന്നില്ലല്ലോ

കോവിഡിനെ പിടിച്ചു കെട്ടാനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് വാക്സിൻ. അമേരിക്കയും ബ്രിട്ടനും ഇസ്രായേലും ഒക്കെ വാക്സിൻ ഉപയോഗിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകഴിഞ്ഞു. എന്നാൽ ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ വാക്സിൻ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയോ ഇപ്പോൾ അടച്ചുപൂട്ടലിനെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

കോവിഡിനെ പോലുള്ള വൈറസിന് വളക്കൂറുള്ള മണ്ണാണ് ഇന്ത്യയുടേത് എന്ന് മനസ്സിലാക്കാൻ വലിയ ഗവേഷക ബുദ്ധിയൊന്നും വേണ്ട, സാമാന്യ യുക്തി മതി.ലോക്ക്ഡൗൺ അടക്കമുള്ള നടപടികളിലൂടെ തൽക്കാലത്തേക്ക് കോവിഡിനെ തടഞ്ഞു നിർത്തിയപ്പോൾ നാം മൂഢ സ്വർഗ്ഗത്തിലേക്ക് വീണു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിൽ കോവിഡ് അവസാനത്തോട് അടുക്കുകയാണെന്ന പ്രഖ്യാപനത്തിലൂടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധനിൽ കണ്ടത്.

ഒമ്പത് തദ്ദേശീയ – വൈദേശിക വാക്സിനുകൾ ഇന്ത്യയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. ഇതിന്റെ ബലത്തിലാണ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ വാക്സിനുകളുടെ വൻതോതിലുള്ള ഉൽപാദനം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം മോഡി നടത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇപ്പോൾ ഇന്ത്യ വാക്സിൻ ക്ഷാമത്തെ കുറിച്ചാണ് ചർച്ചചെയ്യുന്നത്.

ഇത്രയേറെ വാക്സിനുകൾ പരിഗണനയിൽ ഉണ്ടായിട്ടും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡിനാണ് ഇന്ത്യ ആദ്യം അനുമതി നൽകിയത്. പിന്നാലെ ഭാരത് ബയോടെക് വാക്സിൻ കോവാക്സിനും അടിയന്തിര അനുമതി നൽകി. പൂർണ്ണ ഫലപ്രാപ്തി ഉറപ്പാക്കും മുമ്പേ ഉപയോഗം തുടങ്ങിയവയാണ് രണ്ട് വാക്സിനുകളും. ആ ഘട്ടത്തിൽ അത് വേണ്ടിവന്നു എന്നുതന്നെ നമുക്ക് വിശ്വസിക്കാം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആ രണ്ടു വാക്സിനുകൾ മാത്രമാണ് ഇന്ത്യയിലുള്ളത്. റഷ്യയുടെ സ്പുട്നിക് അഞ്ചിന് അനുമതി ഉണ്ടെങ്കിലും വാക്സിൻ ഡോസുകൾ എത്തിയിട്ടില്ല. മറ്റുള്ളവയ്ക്ക് ഒന്നും കേന്ദ്രം അനുമതി നൽകിയിട്ടുമില്ല.

“ആത്മ നിർഭർ ഭാരത് ” എന്ന മോഡി മുദ്രാവാക്യം കോവീഷീൽഡിനും കോവാക്സിനും ഒരുപരിധിവരെ ചേരും. വാക്സിൻ നിർമാണത്തിന് പിന്നാലെ “വാക്സിൻ ഗുരു ” എന്ന സ്ഥാനത്തിനായി വാക്സിൻ കയറ്റുമതിയും ഇന്ത്യ ആരംഭിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ മാത്രം ഉല്പാദിപ്പിച്ച വാക്സിനുകളിൽ പകുതിയും ഇന്ത്യ കയറ്റി അയച്ചു. ഈ ഘട്ടത്തിലാണ് ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നത്. കയറ്റുമതി തൽക്കാലം നിർത്തിവെക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടെങ്കിലും സമയം കടന്നു പോയിരുന്നു.

പ്രതിസന്ധിഘട്ടത്തിൽ വാക്സിൻ വിലയിലും ഉൽപാദനത്തിലും എല്ലാം ഇടപെടാനുള്ള നിയമ സാധ്യത കേന്ദ്രസർക്കാരിനുണ്ട്. എന്നാൽ വില നിർണയത്തിൽ പോലും ഇടപെടാതെ സ്വകാര്യകമ്പനികൾക്ക് വാക്സിൻ കൊള്ള നടത്താൻ കേന്ദ്രം കൂട്ടുനിന്നു. മാത്രമല്ല ഖജനാവിൽനിന്ന് ജനങ്ങളുടെ നികുതിപ്പണം ഈ കമ്പനികൾക്ക് നൽകുകയും ചെയ്തു. കമ്പനികൾ ആകട്ടെ അവർക്കിഷ്ടപ്പെട്ട വിലയിൽ പൊതുജനങ്ങൾക്ക് വാക്സിൻ വിൽപ്പന നടത്താൻ ഈ അവസരം ഉപയോഗിക്കുകയും ചെയ്തു.

കാര്യം പിടിവിട്ടു പോയതോടെ വിദേശ വാക്സിനുകൾക്ക് മുൻകൂർ ട്രയൽ ഇല്ലാതെ തന്നെ അനുമതി നൽകാൻ കേന്ദ്രം തീരുമാനിച്ചു. ഫൈസർ,മോഡേണ വാക്സിനുകളെയാണ് കേന്ദ്രം ലക്ഷ്യമിട്ടത്. യഥാർത്ഥത്തിൽ രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ വാക്സിൻ ഫൈസർ ആയിരുന്നു. എന്നാൽ ഒഴിവുകഴിവുകൾ പറഞ്ഞ് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അപേക്ഷ പിടിച്ചുവെച്ചു. ഒടുവിൽ ഫൈസർ അപേക്ഷ സ്വയം പിൻവലിച്ച് മടങ്ങി. ഇനി ഇന്ത്യയിലേക്ക് വരണമെങ്കിൽ ഇടനിലക്കാർ വഴിയല്ലാതെ നേരിട്ട് വരാം എന്നാണ് ഫൈസറിന്റെ പ്രതികരണം. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ കേന്ദ്രം അത് കേട്ട മട്ടില്ല.

ഇനി വിദേശ വാക്സിനുകൾക്ക് അനുമതി നൽകുകയാണ് എന്നുതന്നെ വിചാരിക്കുക. ഇപ്പോഴത്തേതിൽ നിന്ന്‌ താഴ്ന്ന താപനിലയിലുള്ള കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ ഉണ്ടെങ്കിലേ അവ കൊണ്ട് ഗുണമുള്ളൂ. ഇതിനായി ഒരു തയ്യാറെടുപ്പും ഇന്ത്യ നടത്തിയിട്ടില്ല.

വാക്സിൻ കയറ്റുമതി ചെയ്ത രാജ്യം എന്ന നിലയിൽ നേരിട്ട് വാക്സിൻ ഇറക്കുമതി ചെയ്യാൻ നാണക്കേട് അനുവദിക്കുന്നില്ല. മറ്റു രാജ്യങ്ങളുടെ വാക്സിൻ സഹായം തേടാതെ കൂടുതൽ വിദേശ കമ്പനികളെ ഇന്ത്യയിൽ എത്തിക്കാനാണ് ശ്രമം എന്നാണ് സൂചന. എന്നാൽ ഇതിനൊക്കെ സമയാസമയം തീരുമാനം എടുക്കേണ്ടതുണ്ട്. സമയാസമയം തീരുമാനം എടുത്തിരുന്നെങ്കിൽ ഇന്ത്യക്ക് ഈ ഗതി വരുമായിരുന്നില്ലല്ലോ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker