KeralaNEWS

കാളാഞ്ചി വളർത്താം, കൈനിറയെ കാശും കിട്ടും

ലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് കാളാഞ്ചി അഥവാ ലാറ്റസ്‌കാല്‍ക്കാരിഫര്‍. നരിമീന്‍, കൊളോന്‍ എന്നിങ്ങനെ പേരുകളില്‍ ഈ മീന്‍ അറിയപ്പെടുന്നു. ചെമ്മീനും ആറ്റ്കൊഞ്ചും മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി സാധ്യതയുള്ള വളര്‍ത്തുമീന്‍ കാളാഞ്ചിയാണ്. ത്വരഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന കമ്പോള വിലയുമാണ് കാളാഞ്ചിക്ക് വളര്‍ത്തുമീനുകളുടെ മുന്‍നിരയില്‍ സ്ഥാനം നേടിക്കൊടുത്തത്.അടിസ്ഥാനപരമായി ഉപ്പുജല മത്സ്യമാണെങ്കിലും കാളാഞ്ചി ശുദ്ധജലത്തിലും നന്നായി വളരും. മണ്‍കുളങ്ങളിലോ കൂടുകളിലോ ഈ മത്സ്യത്തെ വളര്‍ത്താം. കുളങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചുള്ള കൃഷിരീതിയും അവലംബിക്കാം.
മറ്റു വളർത്തു മത്സ്യങ്ങളുടെ കൃഷിക്ക് സമാനമാണ് കാളാഞ്ചി വളർത്തലും. കുളം പൂര്‍ണമായി വറ്റിച്ച് ഉണക്കുക, മണ്ണിന്റെ അമ്ലൂ-ക്ഷാരഗുണം പരിശോധിച്ച് കുമ്മായപ്രയോഗം നടത്തുക എന്നിവയാണ് ആദ്യഘട്ടം. വളപ്രയോഗം, വെള്ളം നിറയ്ക്കല്‍, വിത്ത് നിക്ഷേപം എന്നിവയാണ് അടുത്ത ഘട്ടം. വിത്തിന്റെ പൊരുത്തപ്പെടല്‍, വീനിങ് എന്നിവ താരതമ്യേന കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രേഡിങ്ങിന് ശേഷം ഒരേ വലിപ്പമുള്ള വിത്തായിരിക്കണം സംഭരിക്കേണ്ടത്. അല്ലാത്തപക്ഷം വലിയ മത്സ്യങ്ങള്‍ ചെറുമത്സ്യങ്ങളെ പിടിച്ചുതിന്നാന്‍ സാധ്യതയുണ്ട്. ആറു മുതല്‍ പത്തു സെ.മീ.വരെ വലിപ്പമുള്ളതും വീനിങ്ങിന് ശേഷമുള്ളതുമായ വിത്ത് സംഭരിക്കുന്നതാണ് അഭികാമ്യം.
കാളാഞ്ചിക്ക് ഉയര്‍ന്ന അളവില്‍ ജന്തുജന്യമാംസ്യം അടങ്ങിയ കൃത്രിമ തീറ്റ നല്‍കണം. വില കുറഞ്ഞ ചെറുമത്സ്യങ്ങള്‍, മത്സ്യാവശിഷ്ടങ്ങള്‍, കക്കയിറച്ചി എന്നിവയും തീറ്റയായി നല്‍കാം. കാളാഞ്ചിയോടൊപ്പമോ തൊട്ടടുത്ത് പ്രത്യേക കുളങ്ങളിലോ തിലാപ്പിയ മത്സ്യം വളര്‍ത്തി കാളാഞ്ചിക്ക് ഭക്ഷണമായി നല്‍കുന്ന രീതിയും അവലംബിക്കാം. രാവിലെയും വൈകുന്നേരവും തീറ്റ നല്‍കുന്നതാണ് ഉത്തമം. രാത്രികാലങ്ങളില്‍ തീറ്റ നല്‍കേണ്ടതില്ല. ആറു മുതല്‍ 12 മാസംവരെയാണ് കൃഷി ദൈര്‍ഘ്യം.

Back to top button
error: