IndiaNEWS

സിദ്ദിഖ്‌ കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി

ബംഗളൂരു: യു.എ.പി.എ ചുമത്തപ്പെട്ട് യു.പിയില്‍ കസ്റ്റഡിയില്‍ കോവിഡ് ബാധിച്ച് കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി. ഈ വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു മണിക്ക് നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് കത്തയച്ചിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഗിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ 11 എം.പിമാരാണ് കത്തയച്ചത്.

നിലവില്‍ സിദ്ദിഖ് കാപ്പന്‍ മഥുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജയിലില്‍ കുഴഞ്ഞുവീണ സിദ്ദിഖിന്റെ താടിയെല്ലിന് പരുക്കേറ്റിരുന്നു. കടുത്ത പ്രമേഹ രോഗിയായ സിദ്ദിഖിന്റെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നും യു.പി മഥുരയിലെ ആശുപത്രി കട്ടിലില്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാനത്ത് അറിയിച്ചിരുന്നു.

ഹാത്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. ആറു മാസത്തിലേറെയായി മഥുര ജയിലില്‍ കഴിയുകയാണ് സിദ്ദിഖ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker