IndiaNEWS

ജനങ്ങളെ മറന്ന് കോർപ്പറേറ്റുകൾക്ക് വേണ്ടി കേന്ദ്രസർക്കാർ, സ്വന്തം അധികാരം പ്രയോഗിക്കാതെ ഒരു ജനതയെ തന്നെ വഞ്ചിക്കുന്നു

ലക്ഷ്യം കൊള്ളലാഭം തന്നെയാണ്;അതിന് കീഴടങ്ങാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ

ഇന്ത്യയിൽ ലഭ്യമായ കോവിഡ് വാക്സിനുകൾക്ക് പല വില ഈടാക്കാനുള്ള യുക്തി കേന്ദ്രസർക്കാരിനോട് വിവരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. കോവീഷീൽഡ് കേന്ദ്രസർക്കാരിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും നൽകുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആകട്ടെ കേന്ദ്രസർക്കാരിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് ഒരേ ഗുണനിലവാരമുള്ള,ഒരേ ഡോസ് ഉള്ള വാക്സിൻ രാജ്യത്ത് മൂന്ന് വിലയ്ക്ക് വിൽക്കുന്നത് എന്നതിനുത്തരം കേന്ദ്രം രണ്ടു ദിവസത്തിനകം കോടതിയെ അറിയിക്കണം.

കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ പറയാനുള്ള ന്യായം എന്നത് വില നിർണയിക്കുന്നത് വാക്സിൻ കമ്പനികളാണ് എന്നുള്ളതാണ്. എന്നാൽ രാജ്യം ഒരു മഹാമാരിയെ നേരിടുമ്പോൾ, ലക്ഷങ്ങൾ മരിച്ചുവീഴുമ്പോൾ ഒരു ജനകീയ സർക്കാർ കൈക്കൊള്ളുന്ന നയമാണോ മോഡി സർക്കാർ കൈക്കൊണ്ടതെന്ന ചോദ്യം പ്രസക്തമാണ്.

ഔഷധ വില നിയന്ത്രണ ഉത്തരവിലെ 19 ആം വകുപ്പനുസരിച്ച് അസാധാരണ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വേണ്ടി ഏത് ഔഷധത്തിനും പരമാവധി വിലയും ചില്ലറ വിലയും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന് ഉണ്ട്.

ചരക്കുസേവന നികുതി ഇനത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കം നടന്നിരുന്നു. നഷ്ടപരിഹാരത്തിനുള്ള തുക ആര് വായ്പയെടുക്കും എന്നായിരുന്നു തർക്കം.ഒടുവിൽ കേന്ദ്രം തന്നെ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകുമെന്ന തീരുമാനമായി.

വായ്പയെടുക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ അതിന് ഒരു വിശദീകരണം നൽകി. ഓരോ സംസ്ഥാനങ്ങളും വായ്പ എടുക്കുമ്പോൾ പലിശ നിരക്ക് വ്യത്യസ്തമാകുന്ന സ്ഥിതി ഉണ്ടാകും. കേന്ദ്രം നേരിട്ട് വായ്പ എടുക്കുമ്പോൾ അത് ഒഴിവാക്കാനാകും. ഈ യുക്തി എന്താണ് കേന്ദ്രം കോവിഡ് വാക്സിനുകളെ സംബന്ധിച്ച് പറയാതിരിക്കുന്നത്?

കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാനങ്ങൾക്ക് വേറൊരു വിലയും എന്നതിലെ അയുക്തി കേന്ദ്രത്തിന് കാണാനാവുന്നതേ ഇല്ല. വില കുറയ്ക്കാൻ കേന്ദ്രം മരുന്ന് കമ്പനികളോട് അഭ്യർത്ഥിച്ചിട്ടുണ്ടത്രേ. അപ്പോഴും വില നിർണയത്തിലെ ഇരട്ടത്താപ്പ് ഒഴിവാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല.

ഭരണഘടനയിലെ സ്റ്റേറ്റ് എന്ന നിർവചനം ഇന്ത്യാ രാജ്യത്ത് ഇത്തരമൊരു വിവേചനം അനുവദിക്കുന്നില്ല. ജീവിക്കാനുള്ള മൗലിക അവകാശം പൗരന് ഉറപ്പുനൽകുന്ന 21 ആം വകുപ്പ് കേന്ദ്രത്തിനൊന്ന് സംസ്ഥാനത്തിനൊന്ന് എന്നിങ്ങനെ ഇല്ല.

ഇനി മറ്റൊരു കാര്യം . സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോട്ടെക്കിനും കേന്ദ്രം നൽകിയിട്ടുള്ള 4500 കോടി രൂപ ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുടെ നികുതിപ്പണം ആണ്. അത് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് മാത്രം പിരിച്ചെടുത്ത പണവുമല്ല.പകർച്ചവ്യാധികൾ തടയാൻ ദേശീയ തലത്തിൽ നിരവധി പദ്ധതികൾ ഉണ്ട്. ഇത് വെറുതെ ഉണ്ടായതല്ല. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പൊതു പട്ടികയിൽ 29 ആമത്തെ ഇനമായി പറയുന്നത് ഇക്കാര്യമാണ്. പകർച്ചവ്യാധി തടയാനുള്ള പൊതു പദ്ധതികൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. എങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യത്ത് ഞങ്ങൾ – നിങ്ങൾ ബന്ധം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഉണ്ടാവുക?

ഇവിടെ കേന്ദ്ര സർക്കാർ ജനങ്ങളോട് ഒരു കൊടും ക്രൂരത ചെയ്തിരിക്കുന്നു. വാക്സിന്റെ ഉൽപ്പാദനചെലവിന്റെ അടിസ്ഥാനത്തിലല്ല കമ്പനികൾ വില നിശ്ചയിച്ചിരിക്കുന്നത്. 150 രൂപയ്ക്ക് ലാഭകരമായി വാക്സിൻ വിൽക്കാമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അധാർ പുനെവാല നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയെങ്കിൽ വാക്സിന്റെ വില നിശ്ചയിച്ചിരിക്കുന്നത് വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്. ലക്ഷ്യം കൊള്ളലാഭം തന്നെയാണ്. അതിന് കീഴടങ്ങാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker