KeralaNEWS

മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വാഹനം ഇടിച്ചിട്ടത്‌

ട്ടപ്പന :മധ്യവയസ്‌കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. വാഹനമിടിച്ചിട്ടതണെന്ന്‌ സിസിടിവി ദൃശ്യം. കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട്‌ സ്വദേശി മുണ്ടൻകുന്നേൽ കുഞ്ഞുമോൻ(53) ആണ്‌ തൊടുപുഴ–-പുളിയൻമല സംസ്ഥാന പാതയിൽ ഇടുക്കിക്കവല മാസ്‌ ഹോട്ടലിന്‌ സമീപം ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. 24 മുതലാണ്‌ കുഞ്ഞുമൊനെ കാണാതായത്‌.
    ഇതു സംബന്ധിച്ച്‌ ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതിയും നൽകിയിരുന്നു. 26ന്‌ രാവിലെയാണ്‌ കുഞ്ഞുമോന്റെ മൃതദേഹം തിരിച്ചറിച്ചത്‌. സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈറാണ്‌ ആദ്യം കണ്ടത്‌. പിന്നീട്‌ മകൻ കുഞ്ഞുമോന്റെ മൃദദേഹമാണെന്ന്‌ തിരിച്ചറിഞ്ഞു. പിന്നീട്‌ കട്ടപ്പന പൊലീസ്‌ എത്തി ഇൻക്വസ്‌റ്റ്‌ തയ്യാറാക്കി 27ന്‌ ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. പിന്നീട്‌ മരണത്തിൽ ദുരുഹത കാട്ടി ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതിയും നൽകി. എന്നാൽ, പൊലീസിൽ പരാതി നൽകിയിട്ടും ജാഗ്രതക്കുറവുണ്ടായെന്ന്‌ ബന്ധുക്കൾ ആരോപിച്ചു. തുടർന്ന്‌ ബന്ധുക്കൾ സമീപത്തെ കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ്‌ ഇടുക്കി റൂട്ടിൽനിന്ന്‌ എത്തിയ വാഹനം കുഞ്ഞുമോനെ ഇടിച്ചിടുന്നത്‌ കണ്ടെത്തിയത്‌.
    വഴിയുടെ ഓരത്തുകുടി നടന്നുപോയ കുഞ്ഞുമോനെ വാഹനമിടിച്ചശേഷം നിർത്താതെ പോവുകയും പിന്നീട്‌ അര മണിക്കൂറിനുശേഷം വാഹനത്തിലുണ്ടായിരുന്നുവെന്ന്‌ സംശയിക്കുന്ന ഒരാൾ സ്ഥലം പരിശോധിക്കുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്‌. എസ്‌ഐ ടി ആർ മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വാഹനമിടിച്ചുള്ള വീഴ്‌ചയിൽ വാരിയെല്ലിനും തലയ്‌ക്കും പൊട്ടലുമുണ്ട്‌. കൂടുതൽ വിവിരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വന്നാൽ മാത്രമേ വ്യക്തമാകൂ. അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. ഷൈലയാണ്‌ ഭാര്യ. ഹേമന്ത്‌, അഭിനവ്‌ എന്നിവർ മക്കളാണ്‌.

Back to top button
error: