LIFEOpinion

വേണം ഒരു ഡോസ് രാഷ്ടീയവാക്സീൻ

മനോജ് കെ. പുതിയവിള

ഇതിനകം താരമായിക്കഴിഞ്ഞ വാക്സീൻമുതലാളിയുടെ പി.ആർ. (പബ്ലിക്‌ റിലേഷൻസ്) കുറിപ്പുകൾകൊണ്ടു നിറയുകയാണു സമൂഹമാദ്ധ്യമങ്ങൾ. അംബാനിയെയും അദാനിയെയും നീരവ് അടക്കമുള്ള മോഡിമാരെയും അമിത് ഷായുടെ മകനെയുമെല്ലാം വളർത്തിയശേഷം കേന്ദ്രത്തിലെ ബി.ജെ.പി.മന്ത്രിസഭ വളർത്തൽക്കരാർ എടുത്തിരിക്കുന്ന ആളാണല്ലോ അദ്ദേഹം.

വാക്സീൻമുതലാളിക്ക് അനുകൂലമായി ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതായി തോന്നിയ കുറിപ്പിനെപ്പറ്റി ആദ്യം പറയാം. ആ മുതലാളി വാക്സീൻപരിപാടി ആലോചിച്ചപ്പോൾമുതൽ നാളിതുവരെ ഏതെങ്കിലുമൊക്കെ മാദ്ധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളും ആ മുതലാളിയുടെ പി.ആർ. ഏജൻസി മാദ്ധ്യമങ്ങളിൽ ‘പ്ലാന്റ്’ ചെയ്ത കമ്പനിയനുകൂലവാർത്തകളും മുഴുവൻ നാൾവഴി തെറ്റാതെ പകർത്തിയ ഒന്ന്. ആ ഓരോ പ്രസ്താവത്തിനുംകീഴെ അതിനെ പ്രകീർത്തിക്കുന്ന അഭിപ്രായവാക്യങ്ങളും.

ഇത്രയേറെ പ്രസിദ്ധീകരണങ്ങളും മാദ്ധ്യമങ്ങളും തെരഞ്ഞ് അവയെല്ലാം കിറുകൃത്യമായി കണ്ടുപിടിച്ച് അടുക്കിച്ചേർത്ത് അതോരോന്നും എൻഡോഴ്സ് ചെയ്ത് എഴുതിയിരിക്കുന്നതു കണ്ടാൽ ഒന്നാം‌തരം പി.ആർ. സാമഗ്രിയും തോറ്റുപോകും. എന്തൊരു ഗവേഷണം! വിശ്വസനീയമാം‌വിധം എന്തൊരു അവതരണം! നല്ല പ്രതിഫലം വാങ്ങുന്ന പി.ആർ. ഏജൻസി അല്ലാതെ ആരെങ്കിലും ഒരു മുതലാളിയുടെ വാദങ്ങൾ നിരത്താൻ ഇത്രയേറെ അദ്ധ്വാനിക്കുമോ!

ഇത് എഴുതിയത് ആരെന്നു വിസ്മയത്തോടെ നോക്കി. പി.ആർ. ഏജൻസിയുമായി ഒരുതരത്തിലും ബന്ധം വരാൻ ഇടയില്ലാത്ത, പാടില്ലാത്ത, പ്രൊഫൈൽ! ഒരു മതപുരോഹിതൻ! ആ കുറിപ്പ് അവിടെനിന്ന് എടുത്തുകൊണ്ടുപോയി റീപോസ്റ്റ് ചെയ്തതാകട്ടെ ‘വിവിധക്രിസ്ത്യൻസഭകളുടെ ഏകീകൃതസംഘടന’ എന്ന പ്രൊഫൈലിലും!

അതോടെ അതൊരു പി.ആർ. സാമഗ്രിയാവില്ല എന്നു വിശ്വസിക്കാൻ ശ്രമിച്ചു. അങ്ങനെ ഞാൻ ആരോപിക്കുന്നുമില്ല. അതിനെല്ലാമുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതൊക്കെക്കണ്ടു കൗതുകം കൂറാനുള്ള സ്വാതന്ത്ര്യം എനിക്കും. ആ പോസ്റ്റിന്റെ കാര്യം അവിടെ വിടുന്നു.

ഇനി പി.ആറിന്റെ വിഷയത്തിലേക്കു വരാം. വാട്ട്സാപ്പിലും ടെലഗ്രാമിലും സിഗ്നലിലും ഫേസ്ബുക്കിലെ പോസ്റ്റുകളിലും കമന്റുകളിലുമെല്ലാം അത്ഭുതകരമാംവിധം ഒരേവാദങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഈ വാദങ്ങൾ ഉയർത്തപ്പെടുന്നത്, ഇൻഡ്യയും മഹാഭൂരിപക്ഷം ലോകരാജ്യങ്ങളും പിൻതുടർന്നുവരുന്ന സാർവ്വത്രികവും സൗജന്യവുമായ വാക്സിനേഷൻ എന്ന നയത്തിനതിരെ ആണെന്നതാണു ശ്രദ്ധേയമായ കാര്യം. ആ നയം അട്ടിമറിച്ചുകൊണ്ട് കേന്ദ്രത്തിലെ ബി.ജെ.പി.സർക്കാർ പൗരർ വാക്സീൻ വിലകൊടുത്തുവാങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചതിനെ ന്യായീകരിച്ചാണ് ഈ വാദങ്ങൾ. കേന്ദ്രനിലപാടിലെ അശാസ്ത്രീയയും അപകടവും രാജ്യമാകെ ചർച്ചചെയ്യുമ്പോഴാണിത്.

വാക്സീൻ നയത്തിലെ മലക്കം‌മറിയൽ
—————-

മേയ് ഒന്നുമുതൽ നടപ്പാക്കാൻ പ്രഖ്യാപിച്ച പുതിയ വാക്സീൻ നയത്തിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്: മേയ് 1 മുതൽ 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ സ്വീകരിക്കാം, രാജ്യത്തു നല്കുന്ന വാക്സീനിൽ 50 ശതമാനമേ ഇനി കേന്ദ്രസർക്കാരിനു നല്കൂ, അതിനുമാത്രമേ ഇനി 150 രൂപ വില ഉണ്ടാകൂ, ബാക്കി 50 ശതമാനം സംസ്ഥാനസർക്കാരുകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും ഉള്ളതാണ്, ഇതിൽ സംസ്ഥാനസർക്കാരുകൾക്ക് അവ 400 രൂപ നിരക്കിലേ ലഭിക്കൂ, സ്വകാര്യസ്ഥാപനങ്ങൾക്ക് 600 രൂപ നിരക്കിലും.

ഇതേത്തുടർന്ന് റോയിട്ടേഴ്സ് പോലുള്ള അങ്ങേയറ്റം ആധികാരികതയുള്ള അന്താരാഷ്ട്രവാർത്തായേജൻസികളും അത്തരം മാദ്ധ്യമങ്ങളുമൊക്കെ റിപ്പോർട്ട് ചെയ്തത് ഇൻഡ്യയിൽ സംസ്ഥാനസർക്കാരുകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചിരിക്കുന്ന വിലകൾ ലോകത്തേ ഏറ്റവും ഉയർന്നവിലകളാണ് എന്നാണ്.

പുതിയ നയം പ്രകാരം, സ്വകാര്യസ്ഥാപനങ്ങളിൽനിന്നു വാക്സീൻ സ്വീകരിക്കുന്നവർ രണ്ടുഡോസിന് നിലവിലെ പരമാവധിയായ 500 രൂപയ്ക്കുപകരം 1200 രൂപയും സേവനച്ചെലവും ചേർന്ന തുക കൊടുക്കണം. ഇത് വാക്സിനേഷൻയത്നത്തെ പിന്നോട്ടടിക്കും. കൂടാതെ, ഇതിലെ അനീതിയും അപകടവും നയവൈകല്യവും ഗൗരവമുള്ള കാര്യങ്ങളുമാണ്. സ്വകാര്യസ്ഥാപനങ്ങളിലേക്കു പോകുന്നവരുടെ എണ്ണം വിലക്കയറ്റംമൂലം ഗണ്യമായി കുറയും എന്നതിനാൽ ഈ നയം സ്വകാര്യസ്ഥാപനങ്ങൾക്കും ഗുണമല്ല.

എന്തുകൊണ്ടു സൗജന്യമാകണം?
——————-

ഒരാൾ അസുഖത്തിനു മരുന്നു കഴിക്കുന്നതുപോലെയല്ല പകർച്ചവ്യാധിക്കു വാക്സിൻ എടുക്കുന്നത്. അതു മറ്റുള്ളവർക്കുകൂടി രോഗം വരാതിരിക്കാനും രോഗവ്യാപനം തടയാനും രോഗം നിർമ്മാർജ്ജനം ചെയ്യാനുമാണ്. വ്യക്തിയുടെ ആവശ്യത്തേക്കാൾ സമൂഹത്തിന്റെ ആവശ്യമാണു വാക്സിനേഷൻ എന്ന് അർത്ഥം. അതുകൊണ്ടാണ് ആഗോളമായിത്തന്നെ രാജ്യങ്ങൾ വാക്സിനേഷനുകൾ സൗജന്യവും സാർവത്രികവും ആക്കിയിരിക്കുന്നത്.

ഇക്കാര്യത്തിൽ വ്യക്തമായ ബോധമുള്ള കേരളസർക്കാർ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുള്ള നയം അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ ആവർത്തിച്ചുപ്രഖ്യാപിച്ചു – കേരളത്തിൽ എല്ലാവർക്കും വാക്സീൻ സൗജന്യമായിരിക്കും എന്ന്. കേരളം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ഒന്നിലേറെത്തവണ കത്തയയ്ക്കുകയും പ്രധാനമന്ത്രി ഓൺലൈനായി നടത്തിയ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ വ്യക്തമായി അറിയിക്കുകയും ചെയ്തു. ഉയർന്നവിലയ്ക്കു വാക്സീൻ വാങ്ങുന്നത് കോവിഡ്‌ദുരന്തങ്ങൾമൂലം സാമ്പത്തികമായി പാടേ തളർന്നിരിക്കുന്ന സംസ്ഥാനസർക്കാരിനു തങ്ങാനാവില്ലെന്നും അതുകൊണ്ട് മുഴുവൻ ജനങ്ങൾക്കും നല്കാനുള്ള വാക്സീൻ കേന്ദ്രം മുൻകാലങ്ങളിലെപ്പോലെ സൗജന്യമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചതിനുപിന്നാലെ വാക്സിനേഷനു നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ‘കോവിൻ’ എന്ന ആപ്പിൽ 18-നും 45-നും ഇടയിലുള്ളവരുടെ രജിസ്റ്റ്രേഷനു സൗകര്യം ഒരുക്കി. പക്ഷെ, സ്വകാര്യസ്ഥാപനങ്ങളിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ! സൗജന്യമായി വാക്സീൻ കിട്ടാൻ സർക്കാർസ്ഥാപനങ്ങളിൽ പോകാനുള്ള അവസരം ആപ്പിലൂടെ നിഷേധിച്ചിരിക്കുന്നു! ഇതിൽനിന്നു വ്യക്തമാകുന്നത്, ആ പ്രായത്തിലുള്ളവർക്കു സൗജന്യമായി വാക്സീൻ നല്കേണ്ടതില്ല എന്നു കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നാണല്ലോ. മുഴുവൻപേർക്കും സൗജന്യമായി വാക്സീൻ നല്കാൻ തീരുമാനിച്ച കേരളത്തിന്റെ പദ്ധതിക്കു പാര വയ്ക്കുകകൂടിയാണ് ഇതിലൂടെ കേന്ദ്രം ചെയ്തത്. ഇതുസംബന്ധിച്ച ട്വീറ്റ് കേന്ദ്ര ആരോഗ്യമന്ത്രാലയം തത്ക്കാലം പിൻവലിച്ചെങ്കിലും നിലപാടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. മോഡിസർക്കാരിന്റെ പതിവുദുരൂഹതയാണ് ഇതിലും.

പുതിയ വാക്സീൻനയത്തിനു നീതിമത്ക്കരണങ്ങൾ നിരത്തിക്കൊണ്ടിരുന്ന മാദ്ധ്യമങ്ങൾ‌പോലും ഇതോടെ തിരിഞ്ഞു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടുകയും ചെയ്തു.

ഒരുനിലയ്ക്കും ആർക്കും ഗുണകരം അല്ലാത്തതും ദേശീയതാത്പര്യത്തിനു വിരുദ്ധവും ആപത്ക്കരവും അനഭലഷണീയവുമാണ് പുതിയ വാക്സീൻ നയം. അതിന്റെ ഗുണഭോക്താവ് വാക്സീൻമുതലാളി മാത്രമാണ്. അയാൾക്കു ശതകോടികൾ കൊള്ളലാഭം ഉണ്ടാകുന്നതാണു പുതിയ വിലകൾ എന്ന് അതേ മുതലാളിയുടെ അഭിമുഖം ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയും കാര്യങ്ങൾ കേവലം വസ്തുതകൾ ആയതിനാൽ ആർക്കും അഭിപ്രായവ്യത്യാസം ഉള്ളതല്ല.

നയം‌മാറ്റത്തിന്റെ തത്ത്വശാസ്ത്രം
——————

രാജ്യത്തിനും ജനങ്ങൾക്കും ഒരുതരത്തിലും ഗുണമില്ലാത്തതും മുതലാളിക്കുമാത്രം ഗുണമുള്ളതുമായ പുതിയ നയം നടപ്പാക്കാൻ ബി.ജെ.പി.സർക്കാർ തീരുമാനിച്ചതും അതിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും കടും‌പിടുത്തം പിടിക്കുന്നതും സംശയം ഉണർത്തുന്നു. കാർഷികനിയമപരിഷ്ക്കാരങ്ങളുടെ കാര്യത്തിലെപ്പോലെ നാടിനും ജനങ്ങൾക്കും വേണ്ടാത്തത് അടിച്ചേല്പിക്കുന്നുവെങ്കിൽ ആ സർക്കാരിനു മറ്റെന്തോ ലാക്കുണ്ട് എന്നു ന്യായമായും സംശയിക്കണം. അതു ശതകോടികളാകാം. ചങ്ങാത്തമുതലാളിത്തത്തിന്റെ പുതിയകാലത്ത് ഈ നേട്ടം സർക്കാരിനല്ല, സർക്കാരിനെ നയിക്കുന്ന പാർട്ടിക്കോ അതിന്റെ തലപ്പത്തുള്ള നേതാക്കൾക്കോ ആണു കിട്ടുന്നത്. അതാണു യഥാർത്ഥ പ്രശ്നം.

ഇനി പി.ആർ. വിഷയത്തിലേക്കു തിരികെവരാം. ചങ്ങാത്തമുതലാളിത്തത്തിൽ മുതലാളിക്കു വേണ്ടതെല്ലാം സർക്കാർ ചെയ്തുകൊടുക്കുക, അതിനുള്ള പ്രതിഫലം സർക്കാരിനെ നയിക്കുന്നവർക്കു കൊടുക്കുക എന്നതാണല്ലോ രീതി. പ്രകൃതിവിഭവങ്ങളായ ഭൂമി, വെള്ളം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, മറ്റുതരം വിഭവമായ ഫോൺ സ്പെക്ട്രങ്ങൾ (2ജി, 3ജി, 4ജി, 5ജി), രാജ്യത്തെ ജനങ്ങളുടെ പൊതുസ്വത്തുകളായ പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവ ചങ്ങാതിമാരായ കോർപ്പറേറ്റ് മുതലാളിമാർക്കു തുച്ഛവിലയ്ക്കും സൗജന്യമായുമൊകെ നല്കിയിട്ട് അതിന്റെ യഥാർത്ഥവിലയുടെ ഒരു പങ്കു കൈക്കലാക്കുക എന്നതാണു പ്രയോഗം. അടുത്തപടിയായി രാജ്യത്തെ ജനങ്ങളുടെ ജീവനും വില്ക്കുകയാണ് വാക്സീൻ നയം മാറ്റത്തിലൂടെ ബി.ജെ.പി.സർക്കാർ ചെയ്തിരിക്കുന്നത്.

ചങ്ങാത്തമുതലാളിത്തദൗത്യങ്ങൾ
——————–

മുതലാളിമാരുടെ താത്പര്യം കോൺഗ്രസിൽനിന്നു ബി.ജെ.പി.യിലേക്കു മാറുന്നത് 2009 മുതലൊക്കെയാണ്. യു.പി.എ.സർക്കാരിന്റെ ‘നയത്തളർച്ച’(policy paralysis)യിൽ അസ്വസ്ഥരായ മുകേഷ് അംബാനി, രത്തൻ റ്റാറ്റ, ആദി ഗോദ്‌റെജ് തുടങ്ങിയവർ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അളവറ്റു പ്രശംസിച്ചുതുടങ്ങിയത് 2011 മുതലാണ്. മോഡി പ്രധാനമന്ത്രിയാകണം എന്ന് അനിൽ അംബാനിയും സുനിൽ മിത്തലും പ്രത്യാശിച്ചത് അതിനും രണ്ടുകൊല്ലം മുമ്പ് 2009-ലാണ്. (തങ്ങൾക്കു വേണ്ട) ‘തീരുമാനങ്ങൾ എടുക്കുന്ന’ ഒരു പ്രധാനമന്ത്രി പാർലമെന്റിൽ മതിയായ ഭൂരിപക്ഷം നേടേണ്ടത് അവരുടെ ആവശ്യമായിരുന്നു.

ആ ലക്ഷ്യത്തിനായി പണം ഒഴുകുന്നതാണ് പിന്നെ നാം കണ്ടത്. അങ്ങനെ 2014-ലെ തെരഞ്ഞെടുപ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവുമധികം പണം ഒഴുകിയ തെരഞ്ഞെടുപ്പായി റെക്കോഡിട്ടു. അങ്ങനെ അധികാരത്തിൽവന്ന ആദ്യമോഡിസർക്കാർ ഈ ധനസമാഹരണം സർവ്വതന്ത്രസ്വതന്ത്രമാക്കാൻ വേണ്ടതെല്ലാം ചെയ്തു. രാഷ്ട്രീയസംഭാവനയിൽ വിദേശസംഭാവനയും ആകാമെന്നു ഭേദഗതി കൊണ്ടുവന്നു; സംഭാവന നല്കുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കാൻ വ്യവസ്ഥ ചെയ്തു; കോർപ്പറേറ്റ് സംഭാവനകൾക്ക് ഉണ്ടായിരുന്ന പരിധി എടുത്തുകളഞ്ഞു…

അങ്ങനെ 2019-ലെ തെരഞ്ഞെടുപ്പിൽ ഇൻഡ്യൻ രാഷ്ട്രീയത്തിലേക്ക് ഒഴുകിയത് 60,000 കോടിരൂപ! 2014-ലേതിന്റെ ഇരട്ടി! ഇതിന്റെ കണക്കെടുത്ത സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം, ഇതിൽ 45-55 ശതമാനവും ബി.ജെ.പി. എന്ന ഒറ്റ പാർട്ടിക്കാണു കിട്ടിയത്! കോൺഗ്രസിനു കിട്ടിയത് 15-20 ശതമാനം. എണ്ണമറ്റ മറ്റെല്ലാ പാർട്ടിക്കുംകൂടി ബാക്കി 30-35 ശതമാനം. ഈ ധനപിന്തുണയ്ക്കു പുറമെയാണ് അതിനകം കോർപ്പറേറ്റുകളുടെ കൈകളിൽ അമർന്നുകഴിഞ്ഞിരുന്ന വൻകിടമാദ്ധ്യമങ്ങൾ നല്കിയ പ്രചണ്ഡപിന്തുണ. ഇതിനെല്ലാമുള്ള പ്രത്യുപകാരവും അടുത്ത തെരഞ്ഞെടുപ്പിനുള്ള ഫണ്ടുറപ്പിക്കലുമാണ് ഭരണം എന്ന പേരിൽ ഇന്നു നാം കണ്ടുകൊണ്ടും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നത്.

ഇത്തരത്തിൽ പങ്കുകച്ചവടമാകുമ്പോൾ, അതിനെതിരെ ഉയരുന്ന ജനരോഷം ഇല്ലാതാക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവർ സമരം ചെയ്താൽ അടിച്ചൊതുക്കുകയും ജയിലിലടയ്ക്കുകയും വെടിവയ്ക്കുകയും കള്ളക്കേസുകൾ എടുക്കുകയുമൊക്കെ ചെയ്യുന്നതു സർക്കാരിന്റെയും സർക്കാരിന്റെ ആളുകളുടെയും ഉത്തരവാദിത്വമാകുന്നു. ഇക്കാര്യങ്ങൾക്ക് സർക്കാരിന്റെ ഔദ്യോഗികസംവിധാനങ്ങളെക്കാൾ വിപുലവും ചെലവുകുറഞ്ഞതുമായ സംവിധാനം ഉണ്ടെന്നതാണ് കോൺഗ്രസിനെ അപേക്ഷിച്ചു ബി.ജെ.പി.ക്കു മുതലാളിമാർ കണ്ട പ്രധാന മെച്ചം.

അതുകൊണ്ടുകൂടിയാണു രണ്ടാം യു.പി.എ.മന്ത്രിസഭയ്ക്കുശേഷം കോർപ്പറേറ്റുലോകം കോൺഗ്രസിനെ ഉപേക്ഷിച്ചു ബി.ജെ.പി.യെ ചങ്ങാതിയാക്കിയത്. സംഘപരിവാറിൽ ആർ.എസ്.എസ്. അടക്കം വിവിധ ഭീകരസംഘങ്ങൾ ഉള്ളതിനാൽ അവയെ ഉപയോഗിച്ചു ജനങ്ങളെ ഭീഷണിപ്പെടുത്താനും മതാന്ധതബാധിച്ച വലിയൊരുകൂട്ടം അണികൾ ഉള്ളതിനാൽ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്താൽ ഉത്തേജിപ്പിച്ച് അവരെക്കൊണ്ടു ജനങ്ങൾക്കിടയിൽ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും ബി.ജെ.പി.ക്കു കഴിയും.

അങ്ങനെയാണു മുതലാളിമാർക്കുവേണ്ടി സൗജന്യമായി പി.ആർ. ചെയ്യുന്ന വേല ബി.ജെ.പി. അടക്കമുള്ള സംഘപരിവാർ അണികളുടെ ചുമലിൽ വന്നുചേർന്നത്.

നേട്ടമുള്ളവരും പാഴുകളും
—————-

മുതലാളിമാരിൽനിന്നു സമാഹരിച്ച പണത്തിൽ എം.എൽ.എ.മാരെ വിലയ്ക്കെടുക്കൽ, സംസ്ഥാസർക്കാരുകളെ അട്ടിമറിക്കൽ എന്നിവയ്ക്കു ചെലവായതിന്റെ ബാക്കിയുടെ ഒരുഭാഗം തെരഞ്ഞെടുപ്പിലെ നിയമവിരിദ്ധമായ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കാൻ കേരളത്തിലേക്കു കൊണ്ടുവന്നതാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകമ്മിഷന്റെ കണക്കിൽപ്പെടുത്താതെ ചെലവാക്കാൻ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന നൂറുകണക്കിനുകോടി രൂപയാണത്രേ ഇവിടേക്ക് ഒഴുക്കിയത്. അതിൽ കർണ്ണാടകത്തിൽനിന്നു വന്നതിന്റെ ഒരംശമായ പത്തരക്കോടിയാണ് ‘നിയന്ത്രിക്കാൻ മുകളിൽ സംഘടനയുള്ള ദേശീയപാർട്ടി’യുടെതന്നെ ഒരുകൂട്ടം നേതാക്കൾ ചേർന്നു തട്ടിയെടുത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻതന്നെ പലരും മത്സരിക്കുന്നത് ഇങ്ങനെവരുന്ന പണത്തിൽ കണ്ണുവച്ചാണെന്നാണ് ആരോപണം. ജയിക്കില്ലെന്ന് ഉറപ്പായിട്ടും ഒന്നിലേറെ സീറ്റുകളിലൊക്കെ മത്സരിക്കുന്നതിന്റെ ഗുട്ടൻസും ഇങ്ങനെയൊക്കെ വരുന്ന പണമാണെന്നും ചില മാദ്ധ്യമങ്ങൾ എഴുതിയിരുന്നു.

പണം ഉണ്ടാക്കലും പങ്കുവയ്ക്കലും തട്ടിയെടുക്കലുമെല്ലാം മേലേത്തട്ടിൽ നന്നായി നടക്കുന്നുണ്ട്. അവരുടെ സമ്പാദ്യവർദ്ധന അതു സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അതിന്റെയൊക്കെ കണക്ക് ഇഡി പരിശോധിക്കണമെങ്കിൽ കേന്ദ്രത്തിലെ ഭരണം മാറണം എന്നുമാത്രം. അപ്പോൾ റ്റിവി ചാനലുകളിലൊക്കെ വന്നിരുന്നു ന്യായീകരിക്കുന്നത് അവരുടെ കടമയാണ്. ഏറിയാൽ സ്വർണ്ണക്കടത്തിലും ബിസിനസുകളിലുമൊക്കെ സഹായിക്കുന്നവരിൽ വരെ ഈ കള്ളപ്പണത്തിന്റെയൊക്കെ പങ്ക് എത്തുന്നുണ്ടാകാം. അതിനു താഴെയുള്ളവർക്ക് എന്തു നേട്ടം! ഇതൊന്നും ആലോചിക്കാതെയാണ് താഴേത്തട്ടിലെ അണികൾ അവർക്കുവേണ്ടി തല്ലാനും കൊല്ലാനും ജയിലിൽ പോകാനുമൊക്കെ നടക്കുന്നത്. അതേ ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ അവരുടെ ജനവിരുദ്ധചെയ്തികളെയെല്ലാം നീതിമത്ക്കരിക്കാൻ പെടാപ്പാടു പെടുന്നതും.

കുഴി തോണ്ടുന്ന പി.ആർ.
—————–

ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കുന്നതിലൂടെ ഉന്നതങ്ങളിലുള്ളവർക്കു മാത്രമാണു നേട്ടമെന്ന് ഇവരാരും ചിന്തിക്കുന്നില്ല എന്നതാണ് അടിസ്ഥാനകാരണം. തങ്ങൾക്കുതന്നെ വിനയാകുന്ന നൂറുകണക്കിനു കാര്യങ്ങളിലാണ് ആ പാവങ്ങൾ ഇത്തരത്തിൽ പ്രചാരണം നടത്തിക്കൊടുക്കുന്നത്. ഏറ്റവും നല്ല ഉദാഹരണമാണ് ഇപ്പോൾ വാക്സീൻമുതലാളിക്കായി നടത്തിവരുന്ന പ്രചാരണം. സൗജന്യമായി ഈ അണികൾക്കും കുടുംബാഗങ്ങൾക്കും കിട്ടേണ്ട വാക്സീൻ മുതലാളിക്കും ഭരണനേതാക്കൾക്കും ലാഭമുണ്ടാക്കാൻ കൊള്ളവിലയ്ക്ക് ആക്കിയപ്പോൾ അതിനും ന്യായം പറഞ്ഞ് കുറിപ്പുകൾ എഴുതുകയും മുതലാളിയുടെ പി.ആർ. ഏജൻസിയും ബി.ജെ.പി.യുടെ ഐ.റ്റി. സെല്ലും ഉണ്ടാക്കുന്ന കുറിപ്പുകൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ആ പാവങ്ങൾ!

നോട്ടുനിരോധനത്തെത്തുടർന്നു പണിയും വരുമാനവും ഇല്ലാതായപ്പോഴും സംരംഭങ്ങൾ പൂട്ടിപ്പോയപ്പോഴും രാജ്യം അഭൂതപൂർവ്വമായ സാമ്പത്തികത്തകർച്ചയിലേക്കും മാന്ദ്യത്തിലേക്കും കൂപ്പുകുത്തുന്നതിന്റെ ഇരകളാകുമ്പോഴും പാചകവാതകത്തിനും പെട്രോളിനും കൊള്ളവില കൊടുത്തു മുടിയുമ്പോഴും സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഉണ്ടായ ഓക്സിജൻക്ഷാമത്തിൽ പൗരർ പിടഞ്ഞുമരിക്കുമ്പോഴും അതിനൊക്കെ ന്യായം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടിവരുന്ന പാവങ്ങൾ! അങ്ങനെ എത്രയെത്ര കാര്യങ്ങളിൽ! എത്രയെത്ര അദാനിമാർക്കും അംബാനിമാർക്കും ബാബാ രാം‌ദേവുമാർക്കുമാണ് ഇവർ സൗജന്യപി.ആർ. ചെയ്യുന്നത്! അവരൊക്കെ എത്രലക്ഷം‌കോടികളാണ് അതിലൂടെയെല്ലാം നേടുന്നത്!

ഇതുകൊണ്ട് അവർക്ക് എന്തു കിട്ടും എന്ന് അവർ ആലോചിക്കുന്നില്ല എന്നതാണു കഷ്ടം. ശത്രുക്കൾ, ശത്രുക്കൾ എന്ന് നേതാക്കൾ ഓതി പഠിപ്പിച്ചിട്ടുള്ള സ്വന്തം സഹോദരങ്ങളായ ഒരു വിഭാഗത്തെ ഇടയ്ക്കിടെ വർഗ്ഗീയകലാപങ്ങളോ വ്യാജയേറ്റുമുട്ടലോ സിഎ‌എപോലുള്ള പരിപാടികളോ വഴി കൂട്ടമായോ ഒറ്റയ്ക്കോ കൊല്ലുകയോ ആക്രമിക്കുയോ ശത്രുരാജ്യങ്ങൾ എന്നു പഠിപ്പിച്ചുവച്ചിരിക്കുന്ന അയൽരാജ്യങ്ങളുടെ ആപ്പുകൾ നിരോധിക്കുകയോ ആളൊഴിഞ്ഞയിടങ്ങളിൽ പടക്കം പൊട്ടിക്കുകയോ ഒക്കെ ചെയ്യുമ്പോൾ കിട്ടുന്ന ഒരുതരം സംതൃപ്തിക്കപ്പുറം ജീവിതത്തിനു ഗുണകരമായ ഒന്നും ഇക്കൂട്ടർക്കു കിട്ടുന്നില്ല. മറിച്ച്, വിലക്കയറ്റത്തിന്റെയും നോട്ടുനിരോധനം പോലുള്ള മണ്ടത്തരങ്ങളുടെയും കോവിഡ് നിയന്ത്രണത്തിൽ കാണുന്നതുപോലുള്ള കെടുകാര്യസ്ഥതയുടെയും സൗജന്യമായിക്കിട്ടേണ്ട വാക്സീൻ വിലകൊടുത്തു സ്വീകരിക്കേണ്ടിവരുന്നതിന്റെയുമൊക്കെ ദുരിതങ്ങൾ വേണ്ടുവോളം കിട്ടുകയും ചെയ്യുന്നു.

പേടിപ്പീയാർ
————–

ഇക്കൂട്ടർ നടത്തിക്കൊടുക്കുന്ന സൗജന്യപി.ആറിനുപുറമെ, കള്ളപ്പണം, നികുതിവെട്ടിപ്പ്, മറ്റ് അനാശാസ്യവ്യാപാരങ്ങൾ ഒക്കെ ഉള്ള, എന്നാൽ പൊതുസ്വീകാരമുള്ള ചിലരും ഇ.ഡി., ഐ.റ്റി., കസ്റ്റംസ് തുടങ്ങിയ കേന്ദ്രയേജൻസികളുടെ റയ്ഡുകൾ ഭയന്നു സൗജന്യപി.ആർ. ചെയ്തുകൊടുക്കുന്നുണ്ട്. ഈ വിടുവേല പലപ്പോഴും സർക്കാരിനോ ഭരണപ്പാർട്ടിക്കോ വേണ്ടിപ്പോലുമല്ല, ഏതെങ്കിലുമൊക്കെ മുതലാളിമാർക്കുവേണ്ടിയാണ് എന്നതാണു കഷ്ടം.

ഇത്തരക്കാരെ കണ്ടെത്തി അനുകൂലകുറിപ്പുകൾ എഴുതിച്ചു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യിക്കുക, അതു ഷെയർ ചെയ്തു പ്രചാരം നല്കുക, അതെടുത്തു വാർത്തയാക്കിക്കുക എന്നിങ്ങനെയുള്ള പി.ആർ. പരിപാടികളും അതിന്റെ അനുബന്ധമായി നടക്കുന്നുണ്ട്. ഇത്തരം കുറിപ്പെഴുതുന്ന മിക്കവർക്കും വാക്സീൻ കമ്പനിയുമായോ സർക്കാരുമായോ ഭരണപ്പാർട്ടിയുമായോ എന്തു ബന്ധം എന്നു നാം അതിശയിക്കും. പ്രത്യക്ഷത്തിൽ കാണാത്ത, എന്നാൽ, കള്ളപ്പണം, കള്ളക്കടത്ത്, നികുതിവെട്ടിപ്പ്, വിദേശത്തുനിന്നുള്ള ധനവരവുകൾ എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ഇടപാടുകൾ ഉള്ളവരോ അവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരോ ഒക്കെ ആയിരിക്കും പലരും. ഈ ജോലി തകൃതിയായി നടത്തിവരുന്ന ഒരു ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ഇത്തരം ബന്ധം അടുത്തിടെ ചർച്ചയായിരുന്നല്ലോ. തെരഞ്ഞെടുപ്പുകാലത്തൊക്കെ വോട്ടു ഭിന്നിപ്പിക്കാൻ ജനപക്ഷമെന്നു തോന്നിക്കുന്ന ചില ബാനറുകൾ ഉണ്ടാക്കി ആശയക്കുഴപ്പമുണ്ടാക്കാൻ ഇറങ്ങുന്നവരിൽ ചിലരും ഇത്തരം ഇരകളാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

ലോകരാഷ്ട്രീയത്തെ സ്വാധീനിക്കാം!
—————

സാധാരണ ചങ്ങാത്തമുതലാളിത്തത്തിനു ‘വാല്യൂ അഡിഷൻ’ നല്കി സർക്കാർസംവിധാനങ്ങൾക്കപ്പുറം കായികവും ബൗദ്ധികവുമായ പിന്തുണ പണച്ചെലവില്ലാതെ ലഭ്യമാക്കാൻ കഴിയുന്ന ഇന്നത്തെ ഇൻഡ്യൻ മാതൃക പ്രത്യേകപഠനം അർഹിക്കുന്നു. വിമർശനസമീപനമുള്ളവർ പഠിച്ചില്ലെങ്കിലും അതിന്റെ പ്രയോജനം മനസിലാക്കുന്ന ആഗോള കോർപ്പറേറ്റ് മുതലാളിത്തം അതു പഠിക്കാനും ഇതു സാദ്ധ്യമാക്കുന്ന പ്രത്യേകയിനം പാർട്ടികൾക്ക് ഇതരലോകരാജ്യങ്ങളിൽ രൂപം നല്കാനും അത്തരം പ്രസ്ഥാനങ്ങൾ ഉള്ള രാജ്യങ്ങളിൽ അവയെ സഹായിച്ചു വളർത്തി അധികാരത്തിൽ എത്തിക്കാനുമുള്ള പദ്ധതി തയ്യാറാക്കും എന്നുതന്നെ വേണം കരുതാൻ. അതിനുള്ള മികച്ച കേസ് സ്റ്റഡിയാണ് നോട്ടുനിരോധനവും പൊതുമേഖലാവില്പനയും കർഷകസമരവും ഒക്കെപ്പോലെ ഓക്സിജൻക്ഷാമത്തിനിടയാക്കിയ ഭരണപരാജയവും വാക്സീൻകൊള്ളയും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker