Social MediaTRENDING

നമ്മുടെ ഡേറ്റ വിൽക്കുന്നു എന്നും പേടിച്ച് നിർമ്മിത ബുദ്ധിയെ എത്ര നാൾ നമുക്ക് അകറ്റി നിർത്താനാകും?

മുരളി തുമ്മാരുകുടി

കൊറോണ: അല്പം (നിർമ്മിത) ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ?

ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനത്തിന്റെ പേരാണ് “നാഷണൽ ഹെൽത്ത് സർവീസ്” അഥവാ എൻ. എച്ച്. എസ്.

ലോക രാജ്യങ്ങൾ ആരോഗ്യ സംവിധാനങ്ങളെ പറ്റി സംസാരിക്കുന്പോൾ മാതൃകയാക്കുന്നത് എൻ. എച്ച്. എസിനെ ആണ്. ലോകരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെ ആളുകൾ അളന്നു നോക്കുന്നതും എൻ. എച്ച്. എസിനെ താരതമ്യപ്പെടുത്തിയാണ്.

1948 ൽ ബ്രിട്ടനിലെ ക്ലെമന്റ് ആറ്റ്‌ലി നേതൃത്വം നൽകിയ ലേബർ മന്ത്രിസഭയാണ് എൻ. എച്ച്. എസ്. സ്ഥാപിച്ചത്.

മൂന്ന് അടിസ്ഥാന തത്വങ്ങളാണ് പുതിയ ആരോഗ്യ സംവിധാനത്തിന് അടിസ്ഥാനമായി അന്നത്തെ ബ്രിട്ടനിലെ ആരോഗ്യ മന്ത്രി (Aneurin Bevan) മുന്നോട്ട് വെച്ചത്.

1. ബ്രിട്ടനിലുള്ള എല്ലാവർക്കും, സന്ദർശകർക്ക് ഉൾപ്പടെ, ആരോഗ്യ സഹായം നൽകുന്ന ഒന്നായിരിക്കും എൻ. എച്ച്. എസ്..
2. ആളുകളുടെ രോഗത്തിന്റെ രീതി അനുസരിച്ചായിരിക്കും എൻ. എച്ച്. എസ്. അവർക്ക് ചികിത്സാ സഹായം നൽകുന്നത്. അല്ലാതെ പണം നൽകാനുള്ള കഴിവനുസരിച്ചായിരിക്കില്ല.
3. ആരോഗ്യസംവിധാനം പൂർണ്ണമായും സൗജന്യമായിരിക്കും, ഇതിനുള്ള പണം പൊതുനികുതിയിൽ നിന്നും കണ്ടെത്തും, ആരോഗ്യ ഇൻഷുറൻസിൽ നിന്നും ആയിരിക്കില്ല.

വർഷം എഴുപത് കഴിഞ്ഞിട്ടും ഏറെക്കുറെ മേൽപ്പറഞ്ഞ തത്വങ്ങളോട് നീതി പാലിച്ച് ഇപ്പോഴും എൻ. എച്ച്. എസ്. നിലനിൽക്കുന്നു. ഹൗസിംഗും റെയിൽവേയും ഉൾപ്പെടെ പൊതുമേഖല മൊത്തമായി സ്വകാര്യവൽക്കരിച്ച മാർഗരറ്റ് താച്ചറിനെ പോലെ അതിശക്തയായ ഒരു വലതു പക്ഷ പ്രധാനമന്ത്രി പോലും എൻ. എച്ച്. എസിനെ സ്വകാര്യവൽക്കരിച്ചില്ല. ബ്രിട്ടനിലെ ജനങ്ങളുടെ വികാരമാണ് എൻ. എച്ച്. എസ്.. ഓരോ തിരഞ്ഞെടുപ്പിലും എൻ. എച്ച്. എസിനെ എങ്ങനെയാണ് കൈകാര്യം ചെയ്യാൻ പോകുന്നതെന്നത് ഒരു പ്രധാന വിഷയമാണ്. ബ്രിട്ടനിലെ ജി. ഡി. പി.യുടെ ഏകദേശം പത്തു ശതമാനമാണ് ആരോഗ്യകാര്യങ്ങൾക്ക് ചിലവാക്കുന്നതെന്നാണ് ലോകബാങ്കിന്റെ കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ ഈ തുക, 2018 വരെയുള്ള കണക്കനുസരിച്ച്, ശരാശരി നാലു ശതമാനത്തിൽ താഴെയാണ്. (2021 ലെ ബഡ്ജറ്റിൽ ആരോഗ്യത്തിനുള്ള തുക അല്പം ഉയർത്തിയിട്ടുണ്ട്).

രണ്ടാം ലോകമഹായുദ്ധ കാലത്താണ് സർവ്വത്രികവും സൗജന്യവുമായ ഒരു ആരോഗ്യ സംവിധാനം വേണം എന്ന ചർച്ച ബ്രിട്ടനിൽ ഉണ്ടാകുന്നത്. പ്രതിസന്ധികൾ അവസരങ്ങൾ ആകുന്നതിന്റെ ഒരുദാഹരണം ആണത്. അതുപോലെ കോവിഡ് പോലെയുള്ള ഒരു മഹാമാരിയിൽ നിന്നും നാം എന്തെങ്കിലും പാഠങ്ങൾ പഠിക്കണം, അതിലൊന്ന് സർവ്വത്രികവും ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാകുന്നതുമായ ഒരു ആരോഗ്യസംവിധാനം പൗരന്റെ അടിസ്ഥാന അവകാശം ആകണം എന്നതാണ്. ഇതിന് വേണ്ടിവരുന്ന ഏതൊരു ചിലവും ന്യായമാണ്, അത്തരത്തിലുള്ള നയങ്ങളാണ് ഇനി വേണ്ടത്.

ഇതിനർത്ഥം ആരോഗ്യരംഗത്ത് സ്വകാര്യമേഖല വേണ്ട എന്നല്ല. അവർ തീർച്ചയായും വേണമെങ്കിലും ചികിത്സ ലഭിക്കുന്നത് ആളുകളുടെ ആരോഗ്യപ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചായിരിക്കണം. അല്ലാതെ സാന്പത്തിക സ്ഥിതി അനുസരിച്ചായിരിക്കരുത്. ചികിത്സ ലഭിക്കുന്ന ആൾക്ക്, അത് സ്വകാര്യമേഖലയിലോ സർക്കാർ മേഖലയിലോ ആകട്ടെ, സൗജന്യം ആയിരിക്കണമെന്നതാണ് പ്രധാനം. വാസ്തവത്തിൽ ആരാണ് ആശുപത്രി നടത്തുന്നത് എന്നത് രോഗികൾ അറിയേണ്ട കാര്യമില്ല. എങ്ങനെയാണ് സ്വകാര്യമേഖലയിൽ സൗജന്യമായി ചികിത്സ നല്കാൻ പറ്റുന്നതെന്നും പലർക്കും സംശയമുണ്ടാകും. അത് സാധ്യമാണ്, അതിനെ പറ്റി പിന്നീട് എഴുതാം. ഇന്നത്തെ വിഷയം ശരിക്കും ഇതല്ല.

വിഷയം നിർമ്മിത ബുദ്ധി ആണ്.

നിർമ്മിത ബുദ്ധി നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും കടന്നു കയറുമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. ഏറ്റവും വേഗത്തിൽ അത് നമ്മൾ അറിയാൻ പോകുന്നത് ആരോഗ്യ രംഗത്താണ്.

എന്താണ് നിർമ്മിതബുദ്ധിക്ക് കോവിഡ് കാലത്ത് ചെയ്യാനാകുന്നത്?

ഇന്ന് ഒരു പ്രദേശത്ത് എത്ര കോവിഡ് രോഗികളുണ്ട് എന്നറിയാൻ നിർമ്മിത ബുദ്ധിയുടെ ആവശ്യമില്ല. ടെസ്റ്റ് നടത്തിയാൽ മതി.

എന്നാൽ നാളെയോ അടുത്ത ആഴ്ചയോ സംസ്ഥാനത്ത് എവിടെയാണ് കൂടുതൽ രോഗികൾ ഉണ്ടാകാൻ പോകുന്നതെന്ന് അറിയണമെങ്കിൽ അതിന് മോഡലിംഗ് വേണ്ടി വരും. മോഡലിംഗിന് തന്നെ പല രീതികളുണ്ട്, അതിൽ ഇനിയുള്ള കാലത്ത് ഏറ്റവും പ്രയോജനമാകാൻ പോകുന്നത് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള മോഡലിംഗും പ്രവചനങ്ങളും ആണ്.

ഒരു പ്രദേശത്ത് കൂടുതൽ രോഗികൾ ഉണ്ടാകുമെന്ന് നമുക്ക് ഒരാഴ്ച മുൻപ് പ്രവചിക്കാനായാൽ അവിടെ എഫ്. എൽ. ടി. സി. മുതൽ ഐ. സി. യു. വരെ തയ്യാറാക്കിവെക്കാം. ഓക്സിജനും ആശുപത്രി കിടക്കകൾക്കും ക്ഷാമമില്ല എന്ന് ഉറപ്പിക്കാം, വേണമെങ്കിൽ അടുത്തുള്ള മറ്റു പ്രദേശങ്ങളിൽ നിന്നും ആരോഗ്യ സംവിധാനങ്ങൾ ഈ പ്രദേശത്തേക്ക് കൊണ്ടുവരാം, വേണ്ടി വന്നാൽ രോഗികളെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങൾ തയ്യാറാക്കിവെക്കാം.

പൊതുവായി രോഗികളുടെ എണ്ണം കൂടുന്നത് പ്രവചിക്കാൻ മാത്രമല്ല നിർമ്മിത ബുദ്ധിക്ക് പറ്റുന്നത്.

ഓരോ പ്രത്യേക രോഗിയുടെയും ഭാവി പ്രവചിക്കാനും നിർമ്മിത ബുദ്ധിക്ക് സാധിക്കും. ഏതൊക്കെ ആരോഗ്യ സാഹചര്യങ്ങളുളള രോഗികൾക്കാണ് നാളെയോ മറ്റന്നാളോ ഐ. സി. യു. വേണ്ടി വരുന്നത്, ഓക്സിജൻ വേണ്ടിവരുന്നത് എന്നൊക്കെ മുൻ‌കൂർ പ്രവചിക്കാനാകും. അത് മുൻ‌കൂർ മനസ്സിലാക്കി അവരെ കൈകാര്യം ചെയ്താൽ കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് മുൻപ് അവരെ രക്ഷപ്പെടുത്താം, മരണനിരക്ക് കുറക്കാം.

ഇതൊന്നും നാളത്തെ ശാസ്ത്രമല്ല. ഇന്നത്തെ കാര്യമാണ്.

ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ മാത്രമായി എൻ. എച്ച്. എസ്. ഒരു വിഭാഗം ഉണ്ടാക്കിയിട്ടുണ്ട്. NHSX എന്നാണ് ആ വകുപ്പിന്റെ പേര്. കൊറോണക്കൊക്കെ മുൻപ് 2019 ലാണ് ഈ വകുപ്പ് സ്ഥാപിച്ചത്.

അതിശയകരമായ പുരോഗതിയാണ് ആരോഗ്യ രംഗത്തെ നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിൽ കൊറോണക്കാലത്ത് ഉണ്ടായത്. എൻ. എച്ച്. എസ്. എക്സ്. ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് അവരുടെ വെബ്‌സൈറ്റിൽ ഉണ്ട്.

ഇതൊക്കെ നമുക്കും വേണ്ടേ?

നമ്മുടെ ഡേറ്റ വിൽക്കുന്നു എന്നും പേടിച്ച് നിർമ്മിത ബുദ്ധിയെ എത്ര നാൾ നമുക്ക് അകറ്റി നിർത്താനാകും? അങ്ങനെ ചെയ്യുന്നത് ഭാവി തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്തം ശരിയായി നിർവ്വഹിക്കുന്നതാണോ? ഭാവിയിലെ കാര്യം പോകട്ടെ, ഇനിയൊരു തരംഗം ഉണ്ടാകുന്നത് മുൻകൂട്ടി കാണാൻ പറ്റിയാൽ നമ്മുടെ ജീവൻ തന്നെ രക്ഷിച്ചെടുക്കാൻ പറ്റില്ലേ? ഓക്സിജൻ ഇല്ലാതെ ആളുകൾ ചക്രശ്വാസം വലിക്കുന്ന കാഴ്ച നമ്മുടെ ചുറ്റുമുണ്ടാകാതെ നോക്കാൻ കഴിയില്ലേ?

ആരോഗ്യ രംഗത്ത് ഡേറ്റയുടെ ഉപയോഗവും ദുരുപയോഗവും നമ്മുടെ മാത്രം കാര്യമല്ല, ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമാണ്. ഇതിനെ പറ്റി മാത്രമായി 2018 ൽ തന്നെ എൻ. എച്ച്. എസ്. മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു (A guide to good practice for digital and data-driven health technologies). പോരാത്തതിന് സർക്കാരിന്റെ ഡേറ്റ എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടതെന്നതിൽ 2018 ൽ ഒരു Data Ethics Framework അവിടുത്തെ ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു.

ഇതുകൊണ്ടൊക്കെയാണ് കോവിഡ് വന്ന സമയത്ത് സാങ്കേതിക വിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി രോഗത്തെ നേരിടാൻ അവർക്ക് സാധിച്ചത്. അതുകൊണ്ട് കൂടിയാണ് രാജമാണിക്യത്തിൽ മമ്മൂട്ടി പറഞ്ഞത് പോലെ “പയ്യൻ ആദ്യം ഒന്ന് പാളിയെങ്കിലും പിന്നെ കേറി പെരുക്കിയത്.”

കേരളത്തിൽ പുതിയതായി വരുന്ന സർക്കാർ ഇത്തരത്തിൽ ഒരു ഡേറ്റ പോളിസി ഉണ്ടാക്കണമെന്നും കേരളത്തിലെ സമസ്തരംഗങ്ങളിലും നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിന് പദ്ധതികൾ ആവിഷ്കരിക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്.

അതുകൊണ്ടാണ് യു. എ. ഇ. യിലേതു പോലെ നിർമ്മിത ബുദ്ധിക്ക് മാത്രമായി ഒരു മന്ത്രി കേരളത്തിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് (പറ്റിയ ഒരാളുടെ പേര് നിങ്ങൾക്കറിയാം).

കൊറോണ പോലെ വ്യാപകമായ ദുരന്തം ഉണ്ടാകുന്പോൾ ബുദ്ധിയെ മാത്രം ആശ്രയിക്കാൻ പറ്റില്ല എന്ന് ബുദ്ധിയുള്ളവർക്കൊക്കെ ഏതാണ്ട് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ നമുക്ക് വേഗത്തിൽ തീരുമാനം എടുക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker