Social MediaTRENDING

ഇന്നാടിനെപ്പറ്റി തെറ്റിദ്ധാരണയൊന്നും വേണ്ട,നോമ്പിലും ഭക്ഷണം തടസ്സമില്ലാതെ കിട്ടാൻ ഇവിടെയും ഹോട്ടലുണ്ട്

ഇ രാജേഷ്

സോഷ്യൽമീഡിയ ഇത്ര പരന്നിട്ടില്ലാത്ത, ഏതാണ്ട് പത്തുവർഷംമുമ്പൊരു കാലത്ത് രണ്ട് മോശം സംഭവം നടന്നു നാട്ടിൽ.

രാവിലെത്തന്നെ വിവരമെത്തി, വീടിന് വിളിപ്പാടകലത്തെ മൊറയൂർ മഹാശിവക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ ഭഗവതിക്ഷേത്രത്തിന്റെ ഉത്തരങ്ങളിലൊന്ന് തീയിട്ട് നശിപ്പിച്ചിരിക്കുന്നു.

ആവർത്തിക്കാൻ ഒരു സാഹചര്യവുമില്ലാത്തവിധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നു; പൊലീസ് വന്നു, തെളിവൊന്നും കണ്ടെടുക്കാൻ പറ്റാതെ, കേസ് മാത്രമെടുത്ത് മടങ്ങി.

പിറ്റേന്ന് പുലർന്നപ്പോൾ തൊട്ടടുത്ത് വാലഞ്ചേരി ഹിൽടോപ്പിലെ നിസ്കാരപ്പള്ളിയുടെ ജനൽ എറിഞ്ഞുതകർത്തിരിക്കുന്നു. അതിലും പൊലീസിന് തെളിവൊന്നും കിട്ടിയില്ല; മടങ്ങി.

ഒരു സാഹചര്യത്തിലും സമാധാനം കൈവിടാത്ത നാടാണ്. ഇന്നവിടെനിന്നൊരു ഫേസ്ബുക്ക് പോസ്റ്റ് പറന്നുനടക്കുന്നു; ഇതാണുള്ളടക്കം: ‘നോമ്പുകാലത്ത് തുറന്നുപ്രവർത്തിച്ച രണ്ട് കാഫിറുകളുടെ ഹോട്ടലുകൾ നമ്മൾ തകർത്തിരിക്കുന്നു’വെന്ന് ആർക്കുമറിഞ്ഞുകൂടാത്തൊരു ‘ഇബ്രാഹിം അഹമ്മദ് ഹാജി’! ‘കണ്ടില്ലേ മലപ്പുറ’മെന്ന കമന്റോടെ, അതിന് പല ഷെയറുകളും.

അങ്ങനൊരാളുമില്ല, സംഭവവുമില്ല! പിന്നാർക്കാണിത് പടച്ചതിലും പ്രചരിപ്പിച്ചതിലും താല്പര്യമെന്ന് അറിയണമല്ലോ.

ജില്ലാ പൊലീസ് സൂപ്രണ്ടിന് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവുകൂടിയായ സിപിഎം അംഗം കെ. അസൈനാർ തിങ്കളാഴ്ച ഒരു പരാതി നൽകുന്നുണ്ട്. അന്ന് നടക്കാതെ പോയത് ഇന്നു നടത്താനാണോ പോസ്റ്റെഴുതി പരത്തിയവൻ/ർ ഉദ്ദേശിച്ചതെന്ന് അറിയണമെന്നാണ് താല്പര്യം. പഴയ രണ്ട് കേസുകളുമായും മാന്യദേഹത്തിന്/ദേഹങ്ങൾക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കാൻ ആവശ്യപ്പെടുന്നത്.

സൈബർസെൽ ശുഷ്കാന്തി കാണിക്കുമെന്നും നാട്ടിൽ നഞ്ഞുകലക്കുന്നവനെ കണ്ടെത്തുമെന്നും ഇവിടെ എല്ലാവരും ഒരുപോലെ വിചാരിക്കുന്നു. ശാന്തമായ നാടിന് തീപ്പിടിപ്പിക്കാൻ താല്പര്യപ്പെടുന്നവന് നിയമം അനുശാസിക്കുന്നത് വാങ്ങിക്കൊടുക്കണമെന്നും ആഗ്രഹിക്കുന്നു.

ഇന്നാടിനെപ്പറ്റി തെറ്റിദ്ധാരണയൊന്നും വേണ്ടെന്ന് പോസ്റ്റ് വായിക്കാൻ ഇടവന്നവരെ വിശ്വസ്തതയോടെ അറിയിക്കുന്നു. നോമ്പിലും ഭക്ഷണം തടസ്സമില്ലാതെ കിട്ടാൻ ഇവിടെയും ഹോട്ടലുണ്ടെന്നും, ആവശ്യമെങ്കിൽ ഒരുമിച്ചുപോയി കഴിക്കാമെന്നുംകൂടി അറിയിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker