IndiaNEWS

അവർ പാണ്ടി, ഇവർ അതിഥി തൊഴിലാളികൾ !

1980-2000 കാലം.മലയാളികളുടെ ഗൾഫ് കുടിയേറ്റത്തെ തുടർന്ന് നാട്ടിൽ പണിക്ക് ആളെ കിട്ടാതായപ്പോൾ, അല്ലെങ്കിൽ കൈയിൽ ആവശ്യത്തിന് പണമായപ്പോൾ ഇവിടുത്തെ പണിക്ക് അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും ആളുകളെ കൊണ്ടുവരാൻ തുടങ്ങി.പിന്നെപ്പിന്നെ കേരളം തങ്ങളുടെ’ഗൾഫ്’ എന്ന തിരിച്ചറിവിൽ അവിടെ നിന്നും ഇങ്ങോട്ടേക്ക് തൊഴിലാളികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി.പക്ഷെ നമ്മളെന്ന സ്വയം പ്രഖ്യാപിത സവർണ്ണർ അവരെ എപ്പോഴും തീണ്ടാപ്പാടകലെ മാത്രം നിർത്തി.പാണ്ടി എന്നുവിളിച്ചു.എല്ലുമുറിയെ പണിയെടുപ്പിച്ചു.തുച്ഛമായ കൂലി നൽകി.നാട്ടിലെ ഏതൊരു മോഷണവും അവരുടെമേൽ വെച്ചുകെട്ടി.തമിഴ്നാട്ടിലെ ‘തിരുട്ടു ഗ്രാമങ്ങളെ’പറ്റി വീണ്ടും വീണ്ടും എഴുതി ആഴ്ചപ്പതിപ്പുകളുടെ പേജുകൾ നിറച്ചു.പണിക്കായി വിളിച്ചുകൊണ്ട് വന്നിട്ട് ഒടുവിൽ അവരെ ഇവിടെ നിന്ന് അപമാനിച്ച് ഓടിക്കുന്നതു വരെ അത് തുടർന്നു.ആര്..? വടക്കെ ഇന്ത്യയിൽ മദ്രാസി എന്നും ഗൾഫിൽ മലബാറി എന്നും വിളിപ്പേരുള്ള മലയാളി.
പഴയ ‘മദ്രാസിന് ” പുറത്തും കേരളത്തിന്റെ അതിർത്തിയോട് ചേർന്നുകിടക്കുകയും ചെയ്യുന്ന മധുരെയും തീരുനെൽവേലിയുമൊക്കെ ഉൾപ്പെട്ട ആ ‘പാണ്ടിനാട്’ എന്ന നാട്ടുരാജ്യം നമുക്ക് അറിയില്ലെങ്കിലും നമ്മുടെ പൂർവികർക്ക് അറിയാം.തിരുവിതാംകൂറ് രാജ്യവുമായി നിരവധി തവണ യുദ്ധത്തിൽ ഏർപ്പെട്ട ‘പാണ്ടിപ്പട’യേയും അവർക്ക് അറിയാം.പക്ഷെ നമുക്ക് അറിയാവുന്നത് അതിലെ ‘പാണ്ടി’യെ മാത്രമാണ്.തമിഴ് സംസാരിക്കുന്ന മുഴുവൻ പേരെയും സംബോധന ചെയ്യാൻ നമ്മൾ പിന്നീട് ആ പദം തന്നെ ഉപയോഗിച്ചു-പാണ്ടി !
എന്തായാലും പാണ്ടിയെന്നും അണ്ണാച്ചി യെന്നുമൊക്കെ നമ്മൾ വിളിച്ചിരുന്ന ഇവരായിരിക്കും ഇന്നത്തെ നമ്മുടെ ‘ആധുനിക’ വീടുകൾ ഒക്കെയും പണിതിരിക്കുന്നത്.ഇവരൊക്കെ ഇന്ന് എവിടെ പോയി ? തമിഴ്നാട് സർക്കാർ അവരെ തിരിച്ചു വിളിച്ച്  മെച്ചപ്പെട്ട തൊഴിലും ജീവിത സൗകര്യങ്ങളും അവർക്ക് ഒരുക്കികൊടുത്തു! വസ്തുവും വീടും സൗജന്യ റേഷനും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും പെൺമക്കൾ എങ്കിൽ അവരുടെ കല്യാണം പോലും സർക്കാർ നടത്തിക്കൊടുത്തു.ഇന്നുമത് തുടരുന്നു.അവർക്ക് ജനിക്കുന്ന’പെൺ കൊളന്ത’കൾക്ക്  ഒരു പവൻ സ്വർണവും ഇന്ന് റേഷനോടൊപ്പം  അനുവദിച്ചിട്ടുണ്ട്.
പറഞ്ഞു വന്നത് ഇതല്ല..
ഇവർ പോയപ്പോൾ നിർമ്മാണ മേഖലയിലും മറ്റും വന്ന ഒഴിവുകൾ നമ്മൾ നികത്തിയത് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമൊക്കെയുള്ള ആളുകളെ ഇറക്കിയായിരുന്നു.അവർ പക്ഷെ ‘ബംഗാളി’യും ‘ബീഹാറി’യും  ഒന്നുമല്ലായിരുന്നു നമുക്ക്-അതിഥി തൊഴിലാളികൾ മാത്രം!
തമിഴന് കൊടുക്കാത്ത ‘സൗകര്യങ്ങൾ’ ഒരുക്കിക്കൊടുത്തു നാം വളർത്തിയ ഈ അതിഥി തൊഴിലാളികൾ കേരളത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ‘പൊല്ലാപ്പുകൾ’ കൊറോണക്കാലത്തുപോലും നാം കണ്ടതാണ്.പെരുമ്പാവൂരും പരിസര പ്രദേശങ്ങളും മയക്കുമരുന്നിന്റെ ഹബ്ബായിപോലും ഇന്ന് മാറിയിട്ടുണ്ട്.അതിന്റെ ക്ലൈമാക്സ് ആയിരുന്നു കഴിഞ്ഞ ദിവസം പോലീസിനെപ്പോലും ആക്രമിച്ചുകൊണ്ട് അവർ കിഴക്കമ്പലത്ത് നടത്തിയതും.
നാടിനെ ഒരു രാത്രി മുഴുവൻ മുൾമുനയിൽ നിർത്തി, പോലീസ് വാഹനം അടിച്ചു തകർക്കുകയും തീവയ്ക്കുകയും ചെയ്യുക മാത്രമല്ല സിഐ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കും പറ്റിയിട്ടുണ്ട് ഈ സംഭവത്തിൽ !
കിഴക്കമ്പലത്ത് കിറ്റെക്‌സില്‍ ജോലി ചെയ്യുന്ന അതിഥിതൊഴിലാളികളായിരുന്നു കൊലവിളിയുമായി ഇന്നലെ രാത്രി മുഴുവന്‍ അഴിഞ്ഞാടിയത് വിവരം അറിഞ്ഞെത്തിയ സിഐ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്കും ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ഇന്നലെ രാത്രിയിലായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം.പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും വരെ ചെയ്തു.
ഉദ്യോഗസ്ഥരെ ജീപ്പിനുള്ളില്‍ നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ ഉള്ളിലിട്ടു തന്നെ കത്തിക്കാനായിരുന്നു ശ്രമം.കൂടുതല്‍ പോലീസ് എത്തിയതു കൊണ്ട് മാത്രം അവര്‍ രക്ഷപെട്ടു.കുറെ നാളായി കിറ്റക്‌സിന്റെ തൊഴിലാളികള്‍ ഇവിടെ അഴിഞ്ഞാടുന്നുണ്ടെന്ന് നാട്ടുകാര്‍ പോലും പറയുന്നു.നാട്ടുകാരും ഭയന്നാണ് ഇവിടെ കഴിയുന്നതത്രെ!

Back to top button
error: