HealthKerala

അതിജീവനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യം ഐ എം എ

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ തീക്ഷ്ണമായ രോഗ വ്യാപനം ആണ് നടന്നുവരുന്നത്. ഒരാളില്‍ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. രോഗപ്രതിരോധത്തിനായി ബ്രേക്ക് ദ ചെയിന്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയും. അടുത്ത രണ്ടാഴ്ചകള്‍ വളരെ നിര്‍ണായകമായതിനാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ്, കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ്‌ ഡോ പി. റ്റി സക്കറിയാസ് പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ വരാതെ നോക്കേണ്ടത് രോഗി പരിചരണത്തിന് ആവശ്യമായി വരുന്നു. സ്വയം കൃത്യമായ പരിരക്ഷ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് ഓരോ ആരോഗ്യ പ്രവര്‍ത്തകരുടെയും കടമയാണ്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഐ സേഫ് എന്ന പ്രോജക്ട് വഴി കൃത്യമായ പ്രതിരോധ പരിശീലന മാര്‍ഗങ്ങള്‍ ചെയ്തുവരുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മരണനിരക്ക് ഏറ്റവും കുറഞ്ഞ അവസ്ഥയില്‍ ഉള്ളത്. ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും എല്ലാം രോഗികളെ പരിശോധിക്കാന്‍ പ്രാപ്തരാക്കുന്ന വിധത്തില്‍ ഡോക്ടര്‍മാര്‍ക്ക് രോഗപ്രതിരോധത്തിനുള്ള സാമഗ്രികള്‍ അടക്കം വിതരണം ചെയ്യാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു സാധിച്ചു. ഈ പ്രക്രിയ രണ്ടാം തരംഗത്തിന്റെ ഈ സമയത്തും തുടര്‍ന്നു കൊണ്ടുവരുന്നു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ കാര്യമായ വീഴ്ച നമ്മുടെ ഭാഗത്തുനിന്നുണ്ടായി. അതിന്റെ പരിണതഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനം. ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇതോടൊപ്പമാണ് ആഘോഷങ്ങളും പൂരങ്ങളും അതുപോലെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന അവസ്ഥകളും; രോഗബാധയ്ക്ക്, രോഗവ്യാപനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം. ഇത് ഒഴിവാക്കുന്നതില്‍ നമുക്ക് പറ്റിയ വീഴ്ച തന്നെയാണ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാക്കിയത്. ഇനിയെങ്കിലും കര്‍ശനമായ നിയന്ത്രണ നടപടികള്‍ ഉണ്ടായേ മതിയാകൂ.
കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവെക്കുന്ന രീതിയില്‍ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും അന്ന് ഉണ്ടായാല്‍ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകും. ഇപ്പോള്‍തന്നെ ആശുപത്രി കിടക്കകള്‍, ഐ.സി.യു. കിടക്കകള്‍, വെന്റിലേറ്ററുകള്‍ എല്ലാം അപര്യാപ്തമാകുന്ന സാഹചര്യമുണ്ട്. കര്‍ഫ്യൂ സമാനമായ അവസ്ഥയായിരിക്കണം രണ്ടാം തീയതി എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായം.

ആഘോഷങ്ങളുടെ നാളുകളാണ് ഇത്. പൂരങ്ങള്‍, പെരുന്നാളുകള്‍ അതുപോലെതന്നെ റംസാനോടനുബന്ധിച്ച് ഉള്ള ഇഫ്താര്‍ പാര്‍ട്ടികള്‍ അങ്ങനെയങ്ങനെ കൂട്ടം കൂടലുകള്‍ ഉണ്ടാകുന്ന അവസ്ഥകള്‍ ധാരാളമാണ്. ഇതെല്ലാം ഒഴിവാക്കിയേ മതിയാവൂ.

വാർത്ത സമ്മേളനത്തിൽ
സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാര്‍, വൈസ് പ്രസിഡന്റ ഡോ സുൽഫി നൂഹു എന്നിവർ പങ്കെടുത്തു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker