LIFEMovie

കോവിഡ് വ്യാപനം; രജിഷയുടെ ”ഖോ ഖോ” തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. അതേസമയം, ചിത്രം ഒടിടി പ്ലാറ്റ്‌ഫോം, ടിവി എന്നിവയിലൂടെ പ്രദര്‍ശനത്തിന് എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സംവിധായകന്‍ രാഹുല്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്.വിഷു റിലീസായി ഏപ്രില്‍ 14നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

സംവിധായകന്‍ രാഹുല്‍ റിജി നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രിയമുള്ളവരേ,

‘ഖോ ഖോ’ എന്ന ചലച്ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകർ നൽകിയ ഹൃദ്യമായ സ്വീകരണത്തിനും, പ്രോത്സാഹനത്തിനും, നല്ല അഭിപ്രായങ്ങൾക്കും ഹൃദയത്തിന്‍റെഅടിത്തട്ടിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. കേരളത്തിൽ കോവിഡ് നിയന്ത്രണാധീനമായിരുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിൽ പ്രേക്ഷകരുടെ വലിയ പിന്‍ന്തുണയാണ്‌ തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ മഹാരോഗത്തിന്‍റെ രണ്ടാം വരവ് ഈ സ്ഥിതിയെ മാറ്റിമറിച്ചിരിക്കുകയാണ്. ചിത്രം കാണാൻ അതിയായ താൽപ്പര്യം ഉള്ളവർക്കുപോലും തിയേറ്ററിൽ എത്തിച്ചേരാൻ കഴിയുന്നില്ല. സെക്കൻഡ് ഷോ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായിട്ടും നമ്മുടെ ചിത്രത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു. എന്നാലിപ്പോൾ, കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായിരിക്കുകയാണ്.

കച്ചവട താൽപ്പര്യത്തിനുപരിയായി സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനായി ഞങ്ങൾ ആസൂത്രണം ചെയ്തിരുന്ന പ്രമോഷൻ പരിപാടികള്‍ രണ്ട് ദിവസമായി ഞങ്ങൾ നിർത്തിവച്ചിരുന്നു. സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട്, ‘ഖോ ഖോ’എന്ന ചിത്രത്തിന്റെ തിയേറ്റർ പ്രദർശനം ഇന്നു മുതല്‍ നിർത്തിവെക്കാൻ തീരുമാനിച്ച വിവരം എല്ലാ സിനിമാപ്രേമികളെയും അറിയിക്കുകയും ഇതുമൂലമുള്ള അസൗകര്യങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മറ്റെല്ലാ മേഖലകളേയും പോലെ ചലച്ചിത്രമേഖലയെയും ഈ പ്രതിസന്ധി വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ഒരുമിച്ചുള്ള ചെറുത്തുനിൽപ്പ് വിജയം കാണുമെന്നും എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് സിനിമ തിരിച്ചുവരുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ സിനിമയുടെ അണിയറയിൽ രാപകലില്ലാതെ പ്രവർത്തിച്ചവർക്കുള്ള അതിയായ ദുഖവും ഞങ്ങൾ ഏറ്റുവാങ്ങുന്നു. പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ തിയേറ്റർ ഉടമകൾ ഞങ്ങൾക്ക് നൽകിയ സഹകരണം നന്ദിയോടു കൂടി മാത്രമേ ഓർക്കാൻ കഴിയൂ. ഒ.ടി.ടി., TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിൽ എത്തിക്കുന്നത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒരിക്കല്‍ കൂടി എല്ലവാരുടെയും പിന്‍ന്തുണയ്ക്കും, സ്നേഹത്തിനും നന്ദി അറിയിക്കുന്നു.

ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിനു വേണ്ടി,
രാഹുൽ റിജി നായർ

ഖോ ഖോ എന്ന കായികവിനോദത്തെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടോബിന്‍ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. പേര് സൂചിപ്പിക്കുന്ന പോലെ ഇന്ത്യയിലെ പരമ്പരാഗതമായ ഖോ ഖോ എന്ന കായികവിനോദത്തെക്കുറിച്ചാണ് സിനിമ. ഒരു തുരുത്തിലെ സ്‌കൂളിലേക്ക് കായികാദ്ധ്യാപികയായി എത്തുന്ന മറിയ ഫ്രാന്‍സിസ് എന്ന കഥാപാത്രമാണ് രജിഷയുടേത്. മറിയ അവിടെ നിന്ന് ഒരു ഖൊ ഖൊ ടീമിനെ വളര്‍ത്തിയെടുക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

രജിഷയ്ക്ക് പുറമേ പതിനഞ്ചു കുട്ടികളുണ്ട് ചിത്രത്തില്‍. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മമിത ബൈജു അഞ്ജു എന്ന കഥാപാത്രമായെത്തുന്നു. കേരളത്തിന്റെ പലഭാഗത്തു നിന്നുള്ള പതിനാലു കുട്ടികളും സിനിമയിലുണ്ട്. ഖൊ ഖൊ കളിക്കുന്ന അവരെയെല്ലാം ഓഡിഷന്‍ വഴിയാണ് തിരഞ്ഞെടുത്തത്. വെട്ടുക്കിളി പ്രകാശ്,വെങ്കിടേഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മറിയ ഫ്രാന്‍സിസിന്റെ മൂന്ന് ലുക്കിലാണ് രജിഷ സിനിമയിലെത്തുന്നത്. അവര്‍ എക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റാണ്. ആ ലുക്കാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രദാപ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്‌പോര്‍ട്‌സ് ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തിയത്.

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker