CrimeNEWS

ദൃശ്യം മോഡല്‍ കൊലപാതകം; ജ്യേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തി കുഴിച്ചുമൂടി, കൊലപാതകം തിരിച്ചറിഞ്ഞത് 2 വര്‍ഷത്തിന് ശേഷം

കൊല്ലത്ത് ദാരുണമായ കൊലപാതകം തിരിച്ചറിഞ്ഞത് 2 വര്‍ഷത്തിന് ശേഷം.
അമ്മയുടേയും ഭാര്യയുടേയും സഹായത്തോടെ ജ്യേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തി. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്റര്‍ (44)നെയാണ് അനുജന്‍ സജിന്‍ പീറ്ററിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

2018ലെ ഓണക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്ന അവിവാഹിതനായ ഷാജി പീറ്റര്‍ ഓണത്തിന് കുടുംബവീട്ടില്‍ മടങ്ങിയെത്തി. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഷാജി പീറ്റര്‍ കൊല്ലപ്പെട്ട വിവരം ഇവര്‍ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഷാജിയെ അന്വേഷിച്ചവരോട് ഇയാള്‍ മലപ്പുറത്ത് ജോലി ചെയ്യുകയാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ഏകദേശം രണ്ടരവര്‍ഷത്തോളം കൊലപാതകവിവരം ഇവര്‍ രഹസ്യമാക്കി വെച്ചു. തുടര്‍ന്ന് അടുത്തിടെ സംശയം തോന്നിയ ഒരു ബന്ധുവാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാജി പീറ്ററെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തുകയുമായിരുന്നു.

മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടുകയുള്ളൂ.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker