KeralaLead NewsNEWS

മെഡിസെപ് പദ്ധതിക്ക് അംഗീകാരം; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇവ

1). മെഡിസെപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നൽകി. 2022 ജനുവരി 1 മുതൽ പദ്ധതി തത്വത്തിൽ ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും (അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ) പെൻഷൻകാർക്കും അംഗത്വം നിർബന്ധമാണ്. നിലവിലുള്ള രോഗങ്ങൾക്കുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചികിത്സകൾക്ക് പണരഹിത ചികിത്സ നൽകും.

സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട് ടൈം അധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെയുള്ള അധ്യാപക – അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും നിർബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നതാണ്. വിരമിച്ച എം.എൽ.എ.മാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.

സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ / പെൻഷൻകാർ / കുടുംബ പെൻഷൻകാർ എന്നിവരും, മുഖ്യമന്ത്രി / മറ്റു മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളിലെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ്, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ഇൻഷുറൻസ് പ്രീമിയം 500 രൂപയായിരിക്കും.
എംപാനൽ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളിൽ മാത്രമേ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാൽ, ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.

ഒ.പി. വിഭാഗ ചികിത്സകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ല. അതിനാൽ കേരള ഗവൺമെന്റ് സെർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്കു വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും എല്ലാ സർക്കാർ ആശുപത്രികളിലെയും, തിരുവനന്തപുരം ആർ.സി.സി., ശ്രീചിത്ര, മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ സെന്റർ ഉൾപ്പെടെയുള്ള എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെയും ഒ.പി. ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റി-ഇമ്പേഴ്സ്മെന്റ് സമ്പ്രദായം തുടരും.

ഓരോ കുടുംബത്തിനും മൂന്ന് വർഷത്തെ പോളിസി പരിധിക്കകത്ത് പ്രതിവർഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ നൽകുക. ഓരോ വർഷവും നിശ്ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ അതതു വർഷം നഷ്ടമാകും. ഫ്ളോട്ടർ തുകയായ 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ പോളിസിയുടെ തുടർന്നുള്ള വർഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയെയാണ് പദ്ധതി നടത്തിപ്പിന് ഏൽപ്പിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് ത്രിതല സംവിധാനത്തിന് രൂപം നൽകും. പദ്ധതി നടത്തിപ്പ് ധനകാര്യ വകുപ്പിനു കീഴിൽ സംസ്ഥാന നോഡൽ സെല്ലിൽ നിക്ഷിപ്തമായിരിക്കും.

2). ഗവ. പ്ലീഡർമാർ

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ മൂന്ന് ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കുവാൻ തീരുമാനിച്ചു. അഡ്വ. ശ്രീജ തുളസി, അഡ്വ. ശങ്കർലാൽ ബി.എസ്, അഡ്വ. എ. രഞ്ജിത്ത് എന്നിവരെയാണ് നിയമിക്കുവാൻ തീരുമാനിച്ചത്.

3). ഗ്യാരന്റി കാലാവധി നീട്ടി

മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിനുവേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുത്ത രണ്ടു കോടി 30 ലക്ഷം രൂപയുടെ പ്രവർത്തന മൂലധന വായ്പയുടെ ഗവൺമെന്റ് ഗ്യാരന്റി കാലാവധി 01.01.2022 മുതൽ 31.12.2025 വരെ നാലു വർഷത്തേക്ക് നീട്ടുന്നതിനും ഗ്യാരന്റി പത്രം ഒപ്പുവയ്ക്കുന്നതിനും അനുമതി നൽകും.

4). റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ – ലാന്റ് അക്വിസിഷൻ യൂണിറ്റ് രൂപീകരിക്കും

തിരുവനന്തപുരം കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടാം ഘട്ടം നേമം മുതൽ നെയ്യാറ്റിൻകര വരെയും (7.6060 ഹെക്ടർ ഭൂമി) മൂന്നാം ഘട്ടം നെയ്യാറ്റിൻകര മുതൽ പാറശ്ശാല വരെയും (11.8930 ഹെക്ടർ ഭൂമി) സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമായി 21 തസ്തികകൾ വീതമുള്ള രണ്ട് സ്പെഷ്യൽ തഹസീൽദാർ ലാന്റ് അക്വിസിഷൻ യൂണിറ്റുകൾ രൂപീകരിക്കുന്നതിന് അനുമതി നൽകും.

Back to top button
error: