IndiaLead NewsNEWS

സ്ത്രീകളുടെ വിവാഹപ്രായം 21; ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു, പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായപരിധി 18 വയസ്സിൽ നിന്ന് 21 ആയി ഉയർത്താനുള്ള ‘വിവാഹപ്രായ ഏകീകരണ ബിൽ’ പാർലമെന്റിൽ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വനിതാ, ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയാണ് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നതെന്നു സ്മൃതി ഇറാനി പറഞ്ഞു. ശേഷം ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു.

പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ചയാണ്, വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽ നിന്ന് 21 ആയി ഉയർത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചായിരുന്നു തീരുമാനം. ഇതിനു പിന്നാലെ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Back to top button
error: