KeralaNEWS

പേരുദോഷം കേള്‍പ്പിച്ച് പോലീസ്;  അതൃപ്തി വെട്ടിത്തുറന്നു പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: ആവർത്തിക്കുന്ന കൊലപാതകങ്ങളും പോലീസിന്റെ വീഴ്ചകളും സർക്കാരിന് തലവേദന സൃഷ്ടിക്കുന്നു.സർക്കാരിനെതിരേ ഉയരുന്ന പ്രധാന വിമർശനം പോലീസിന്റെ ചെയ്തികളാലാണ്.ഇതിൽ ഡിജിപിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.ആലപ്പുഴയിൽ മണിക്കൂറുകളുടെ വിത്യാസത്തിൽ രണ്ടു കൊലപാതകങ്ങൾ നടന്നിട്ടും  പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെ തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കാൻ പോയത് സേനയ്ക്കും നാണംകേടായി.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നാലു കൊലപാതകങ്ങളാണ് രാഷ്ട്രീയ പശ്ചാത്തലത്തോടെ നടന്നത്. ഇതിലെല്ലാം പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നെണ്ണത്തിലും വർഗീയതയുടെ സ്വഭാവമുണ്ടായിരുന്നു.അതിന്റെ അപകടബോധ്യം പോലീസ് ഉൾക്കൊണ്ടില്ല.പകരത്തിനുപകരം എന്നനിലയിൽ 12 മണിക്കൂറിനുള്ളിൽ ആലപ്പുഴ ജില്ലയിൽ രണ്ടു കൊലപാതകങ്ങളാണ് നടന്നത്.ഇത് തടയാൻ പോലീസിന് കഴിഞ്ഞില്ല.പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ജോൺസൺ മാവുങ്കലുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധവും വിമർശിക്കപ്പെട്ടു.
തിരുവല്ലയിൽ സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ടപ്പോൾ പോലീസ് സ്വീകരിച്ച നിലപാട് പാർട്ടിയിൽ തന്നെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സ്ഥാപിക്കാനുള്ള പോലീസിന്റെ ശ്രമം സി.പി.എമ്മിനെ വല്ലാതെ ചൊടിപ്പിച്ചു. മാത്രവുമല്ല, ആർ.എസ്.എസ്. അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയും ഉയർന്നു.പാർട്ടി അംഗങ്ങൾപോലും പോലീസിന്റെ ശത്രുപക്ഷത്തായതോടെ പാർട്ടിക്കുള്ളിലും പോലീസ് നടപടികൾക്കെതിരേയുള്ള വികാരം ശക്തമായിത്തുടങ്ങിയിരിക്കുകയാണ്.

Back to top button
error: