Social MediaTRENDING

ജീവന്റെ വിലയുള്ള ജാഗ്രത

മുരളി തുമ്മാരുകുടി

ജീവന്റെ വിലയുള്ള ജാഗ്രത..

കൊറോണക്കാലത്തെ ആദ്യത്തെ മാസങ്ങളിൽ തന്നെ കേരള സർക്കാർ ഉപയോഗിച്ചിരുന്ന ബോധവൽക്കരണ വാചകമാണ് “ജീവന്റെ വിലയുള്ള ജാഗ്രത”.

ആദ്യത്തെ ഒരു വർഷം നമ്മൾ ഏറെക്കുറെ ജാഗരൂഗരായിരിക്കുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിർത്തുവാൻ സാധിച്ചത് അതുകൊണ്ടാണ്.

പക്ഷെ ഈ വർഷം തുടങ്ങിയതോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു. എന്റേത് ഉൾപ്പടെ.

ഇതിന് പല കാരണങ്ങൾ ഉണ്ട്.

1. ഒന്നാമത്തെ തരംഗത്തിൽ കാര്യങ്ങൾ പൊതുവെ നന്നായി കൈകാര്യം ചെയ്തത്
2. കൊറോണക്കാലത്തും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും കേസുകൾ മൊത്തമായി മുകളിലേക്ക് പോകാതിരുന്നത്
3. വാക്‌സിനേഷൻ എത്തി, ഇനി കാര്യങ്ങൾ താഴേക്ക് മാത്രമേ പോകൂ എന്നുള്ള വിശ്വാസം

ഈ വിശ്വാസം കാരണം ഫെബ്രുവരിയിൽ തന്നെ ആളുകൾ പൊതുവെ ജാഗ്രത ഒക്കെ വെടിഞ്ഞു തുടങ്ങിയിരുന്നു. മാസ്ക് ഉപയോഗം തുടർന്ന് എന്നതൊഴിച്ചാൽ ജനജീവിതം ഏറെക്കുറെ സാധാരണഗതിയിൽ ആയി.

അപ്പോൾ ആണ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നത്. അതോടെ നിയന്ത്രണങ്ങൾ ഒക്കെ പോയി. സോഷ്യൽ ഡിസ്റ്റൻസിങ്ങ് എന്നത് പൂർണ്ണമായും ഇല്ലാതായി. കേരളത്തിൽ തെക്കും വടക്കും യാത്രകൾ അനവധി ആയി. വീട്ടുകാർ നാട്ടിലേക്ക് ജാഥക്കും പ്രചാരണത്തിനും ആയി ഇറങ്ങി, വോട്ടു തേടി സ്ഥാനാർത്ഥികളും സംഘവും വീടുകളിൽ എത്തി.

ഇതേ സമയത്ത് തന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ രണ്ടാമത്തെ തരംഗം കയറി വന്നത്. മഹാരാഷ്ട്ര പോലെ തിരഞ്ഞെടുപ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പടെ. അതും നമ്മുടെ അലംഭാവം കൂട്ടി. രണ്ടാമത്തെ തരംഗം നമ്മളെ തൊടാതെ കടന്നു പോകും എന്നൊരു വിശ്വാസം വന്നു.

പക്ഷെ അത് അസ്ഥാനത്തായി.

കഴിഞ്ഞ ഒക്ടോബറിൽ നമ്മൾ കയറിയിറങ്ങിയ പതിനായിരത്തിന്റെ കുന്ന് നമ്മൾ വീണ്ടും കയറുകയാണ്.

മറ്റു പ്രദേശങ്ങളിൽ എല്ലാം ഒന്നാമത്തെ കുന്നിന്റെ പത്തു മടങ്ങ് വരെയൊക്കെയാണ് രണ്ടാമത്തെ കുന്ന്. ഇന്ത്യയിൽ തന്നെ ഒരു ലക്ഷത്തിന് താഴെയായിരുന്ന ഒന്നാമത്തെ തരംഗത്തിൽ നിന്നും ഇപ്പോൾ തന്നെ കേസുകൾ രണ്ടു ലക്ഷം കഴിഞ്ഞു. എന്നിട്ടും നമ്മൾ ഉച്ചിയിൽ എത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ ഒന്നാം തരംഗത്തിൽ പതിനായിരം കടന്ന നമ്മൾ രണ്ടാം തരംഗത്തിൽ പ്രതിദിനം ഇരുപത്തയ്യായിരമോ മുപ്പത്തിനായിരമോ എത്താം.

ഇവിടെയാണ് ജീവന്റെ വിലയുള്ള ജാഗ്രതയുടെ പ്രസക്തി.

കേസുകളുടെ എണ്ണമല്ല ജീവൻ എടുക്കുന്നത്. രോഗം ബാധിക്കുകയും അതിന് ഓക്സിജനും മറ്റു പരിചരണങ്ങളും വേണ്ട ആളുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് മുകളിൽ പോകുന്നതാണ്. സ്വാഭാവികമായും കേസുകളുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി ഓക്സിജനും മറ്റു സൗകര്യങ്ങളും വേണ്ടവരുടെ എണ്ണം കൂടും. ഒരു പരിധി വരെ ഇപ്പോൾ ഉള്ള സംവിധാനം കൊണ്ടും, എഫ് എൽ ടി സി യിൽ വരെ ഓക്സിജൻ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയും, കുറച്ചൊക്കെ മറ്റുള്ള രോഗ ചികിത്സകൾ മാറ്റിവച്ചും ഒക്കെ നമുക്ക് മരണ നിരക്ക് പിടിച്ചു നിർത്താം.

പക്ഷെ അവിടുന്നും മുകളിലേക്ക് പോയാലോ ?

അത് നമുക്ക് കേരളത്തിൽ പരിചയമില്ലാത്ത പ്രദേശമാണ്.

ആശുപത്രിയിൽ കിടക്കകൾ മതിയാകാതെ വരും

വെന്റിലേറ്റർ ആർക്ക് കൊടുക്കണം എന്ന് ചിന്തിക്കേണ്ടി വരും

മരണ നിരക്ക് ഒരു ശതമാനത്തിന് മുകളിൽ പോകും

പക്ഷെ ഇറ്റലി മുതൽ അമേരിക്ക വരെയുള്ള പ്രദേശങ്ങളിൽ നമ്മൾ കണ്ടതാണ്.

ഇത് കേരളത്തിൽ സംഭവിക്കില്ല എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അമിതമായ ആത്മവിശ്വത്തിന് ഇപ്പോൾ തന്നെ നമ്മൾ അല്പം വിലകൊടുത്തു കഴിഞ്ഞു. ഇനി അത് വഷളാകാതെ നോക്കാം.

പ്രായോഗികമായി നമ്മൾ ചെയ്യേണ്ടത് ഇതാണ്.

1. കൊറോണയുടെ രണ്ടാമത്തെ കുന്നിറങ്ങുന്നത് വരെ രോഗം വരാതെ നോക്കാൻ അതീവ ജാഗ്രത പുലർത്തുക.
2. വീട്ടിൽ പ്രായമായവരോ മറ്റു തരത്തിൽ ഹൈ റിസ്ക് ഗ്രൂപ്പിൽ ഉള്ളവരോ ഉണ്ടെങ്കിൽ അവരെ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറച്ചു സംരക്ഷിക്കുക
3. ഒരിക്കൽ രോഗം ഉണടായതുകൊണ്ടോ, വാക്സിൻ ലഭിച്ചു എന്നതുകൊണ്ടോ അമിതാത്മവിശ്വാസം കാണിക്കാതിരിക്കുക. വാക്സിൻ ലഭിച്ചവർക്കും രോഗം ഉണ്ടായവർക്കും വീണ്ടും രോഗം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
4. നിങ്ങൾ എത്രമാത്രം ആളുകളുമായി സമ്പർക്കം കുറക്കുന്നോ അത്രമാത്രം രോഗം വരാനുള്ള സാധ്യത കുറവാണ്. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ (ഒരു വിവാഹത്തിന് നൂറ്റി അൻപത് പേർ വരെ ആകാം) എന്നതൊക്കെ പൊതു സമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ആണ് അല്ലാതെ പൂർണ്ണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല എന്ന് മനസ്സിലാക്കി പെരുമാറുക.
5. ഹാൻഡ് വാഷിംഗ്/ സാനിട്ടൈസർ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ് ഇതൊക്കെ കൃത്യമായി പാലിക്കുക
6. തിരഞ്ഞെടുപ്പ് കാലത്ത്/രാഷ്ട്രീയക്കാർക്ക് ഇതൊന്നും ബാധകമായിരുന്നില്ലേ എന്നക്കെയുള്ള തികച്ചും ന്യായമായ ചോദ്യങ്ങൾ ഉണ്ടങ്കിൽ പോലും അതൊന്നും നിങ്ങളെ രക്ഷിക്കില്ല എന്ന് മനസ്സിലാക്കുക
7. പൂരമാണെങ്കിലും പെരുന്നാളാണെങ്കിലും കൊറോണക്ക് ചാകരക്കാലമാണ് എന്ന് ഉറപ്പിക്കുക. മുൻപ് പറഞ്ഞത് പോലെ പരീക്ഷയാണെങ്കിലും പൂരമാണെങ്കിലും നടത്താൻ അനുമതി നൽകുന്നതൊക്കെ പൊതു സമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ആണ് അല്ലാതെ പൂർണ്ണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല
8. രോഗത്തെ പറ്റി ഒന്നും അറിയാതിരുന്ന കാലത്തും കൊറോണക്ക് വാക്സിൻ ഇല്ലാതിരുന്ന കാലത്തും ഒക്കെ നമ്മെ രോഗത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ മുൻപിൽ നിന്നും പടവെട്ടിയവർ ആണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. അവർക്കൊക്കെ വാക്സിൻ കിട്ടിയിട്ടുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പക്ഷെ ഒരു വർഷമായി നിരന്തരം അമിതമായി തൊഴിൽ ചെയ്തും “ഇപ്പോൾ തീരും” എന്ന് കരുതിയിരുന്ന കൊറോണ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് കണ്ടും, ആരോഗ്യ കാരണങ്ങളാൽ നടപ്പിലാക്കേണ്ട എല്ലാ നിർദ്ദേശങ്ങളും പ്രായോഗിക കാരണങ്ങളാൽ മാറ്റിവെക്കുന്നത് കണ്ടും ഒക്കെ അവർ അല്പം തളർന്നിരിക്കുകയാണ്. അവരെ വാക്കുകൊണ്ട് പിന്തുണക്കുന്നതോടൊപ്പം അവർക്ക് കൂടുതൽ പണിയുണ്ടാക്കാതെ നോക്കേണ്ടത് നമ്മുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തം ആണ്.
9. കൊറോണ മാറി ജീവിതം “സാധാരണഗതിയിൽ” ആകും എന്ന വിശ്വാസത്തോടെ ഇരുന്നവർ ആണ് നാം എല്ലാം. ഇപ്പോൾ കാര്യങ്ങൾ വഷളാകുന്നത് നമ്മെയൊക്കെ മാനസികമായി തളർത്തുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത അധ്യയന വർഷം എങ്കിലും സ്‌കൂളിൽ പോയി തുടങ്ങാം എന്ന് ചിന്തിച്ചിരുന്ന കുട്ടികളെ. അതുകൊണ്ട് എല്ലാവരും പരസ്പരം കൂടുതൽ സംസാരിക്കുക, ആളുകളുടെ വിഷമങ്ങൾ മനസിലാക്കുക, സമ്മർദ്ദത്തിന്റെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ചികിത്സ ഉൾപ്പടെയുള്ള സഹായങ്ങൾ തേടുക
10. പ്രായോഗികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉള്ളവരും ചുറ്റുമുണ്ടാകും. പ്രത്യേകിച്ചും കൊറോണക്കാലത്ത് ഇല്ലാതായ തൊഴിലുകൾ ചെയ്തിരുന്നവർ (ടൂറിസം, കാറ്ററിങ്, ടാക്സി, ചെറുകിട കച്ചവടക്കാർ ഇതൊക്കെ). അവരെ അറിഞ്ഞു സഹായിക്കുവാൻ ശ്രമിക്കുക.

ഈ കാലവും കടന്നു പോകും. ലോകത്ത് കൊറോണക്ക് അടിപ്പെട്ട് പോയ ഇന്ഗ്ലണ്ടും അമേരിക്കയും ഉൾപ്പടെയുള്ള രാജ്യങ്ങൾ വാക്സിനേഷൻ കൊണ്ടും കർശന നിയന്ത്രണങ്ങൾ കൊടും കൊറോണക്ക് മേൽ വിജയം നേടുന്നതിന് അടുത്താണ്. സ്വിട്സര്ലാണ്ടിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കുറയുകയാണ്. തൊഴിലും സമ്പദ് വ്യവസ്ഥയും കൊറോണയുടെ അടുത്ത് മേൽക്കൈ നേടിയ രാജ്യങ്ങളിൽ നന്നായി വരികയാണ്. കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉൾപ്പടെ അനവധി രംഗങ്ങളിൽ ചിലവ് കുറക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂടുകയുമാണ്. അപ്പോൾ ഈ മരത്തോണിന്റെ അവസാനത്തെ ലാപ്പിൽ നമ്മൾ എത്തി നിൽക്കുമ്പോൾ മുന്നോട്ട് നോക്കാൻ ഏറെ നല്ല കാര്യങ്ങൾ ഉണ്ട്.

#സുരക്ഷിതരായിരിക്കുക

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker