
വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള ഇടതുപക്ഷ പ്രസാധകരുടെ അന്താരാഷ്ട്ര യൂണിയൻ രൂപീകരിക്കപ്പെടുന്നതിൻ്റെ ഭാഗമായുള്ള ആദ്യ ആഗോള യോഗം ഓൺലൈനായി ചേർന്നു. 25 രാജ്യങ്ങളിൽ നിന്നായി 44 പ്രസാധകരാണ് യോഗത്തിൽ സംബന്ധിച്ചത്. മാർക്സിസ്റ്റ് ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ വിജയ് പ്രഷാദിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. സുധാൻവ ദേശ്പാണ്ഡെ, ഫെർണാണ്ടോ വിൻസൻ്റെ, മിഗേൽ യോഷിദ, നിതീഷ് നാരായണൻ, ടിംഗ്സ് ചാക് തുടങ്ങിയവർ വിവിധ സംയുക്ത പദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. ഇടതുപക്ഷ പ്രസാധകരുടെ ഇത്രയും വിപുലമായ കൂട്ടായ്മ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.
വിവിധ ഭാഷകളിലായി ലോകത്തെ ഇരുപത്താറോളം പ്രസാധകർ ചേർന്ന് പാരിസ് കമ്യൂൺ നൂറ്റൻപതാം വാർഷികവുമായി ബന്ധപ്പെട്ട പുസ്തകം തയ്യാറാക്കുകയാണ്. യോഗത്തിൽ കേരളത്തിൽ നിന്നും ചിന്ത ബുക്സ്, ദില്ലി കേന്ദ്രീകരിച്ച ലെഫ്റ്റ് വേഡ് ഉൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പത്ത് പ്രസാധകർ സംബന്ധിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, സൗത്ത് കൊറിയ, ഇന്തോനീഷ്യ, ബ്രസീൽ, അർജൻ്റീന, ക്യൂബ, വെനസ്വേല, പോർച്ചുഗൽ, ഇറ്റലി, സ്ലോവേനിയ, അമേരിക്ക, കാറ്റലോണിയ, ജപ്പാൻ, ചിലി, പെറു, തുർക്കി, ജർമ്മനി, ഘാന, കെനിയ, സൗത്ത് ആഫ്രിക്ക, റൊമാനിയ, ബെൽജിയം, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഇടത് പ്രസാധകർ കൂട്ടായ്മയുടെ ഭാഗമാണ്. കഴിഞ്ഞ ഒക്ടോബറിൽ ചെഗുവേര രക്തസാക്ഷി ദിനത്തിൽ ഇരുപതോളം പ്രസാധകർ ചേർന്ന് ചെ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. വരും നാളുകളിൽ കൂട്ടായ്മ കൂടുതൽ വിപുലീകരിക്കാനും വ്യത്യസ്തമായ ആഗോള കാമ്പെയ്നുകൾ ഏറ്റെടുക്കാനും യോഗം തീരുമാനമെടുത്തു.