Social MediaTRENDING

അഭിമന്യുവിനെ കൊന്നതിൽ ആർ എസ് എസിനെ വെള്ളപൂശാനുള്ള ഒരു ശ്രമവും മാപ്പർഹിക്കുന്നില്ല

ഡോ.തോമസ് ഐസക്

കൊലക്കത്തി പിടിച്ചു വാങ്ങാനും ആർഎസ്എസിനെ നിലയ്ക്കു നിർത്താനും കഴിവുള്ള പ്രസ്ഥാനം തന്നെയാണ് സിപിഐഎം. സഖാക്കൾ ജീവനും ചോരയും കൊടുത്ത് ആർഎസ്എസിനെ ആ പാഠം പഠിപ്പിച്ച സംസ്ഥാനമാണ് കേരളം. അവരുടെ ആയുധത്തിനോ കൈക്കരുത്തിനോ അക്രമഭീഷണിയ്ക്കോ മുമ്പിൽ തലകുനിച്ച ചരിത്രം സിപിഐഎമ്മിനില്ല.

വള്ളിക്കുന്നിലെ രക്തസാക്ഷിയും അഭിമന്യുവാണ്. മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ തീവ്രവാദികളാണെങ്കിൽ വള്ളിക്കുന്നിലെ കൊലപാതകികൾ ആർഎസ്എസ് തീവ്രവാദികളാണ്. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ ഇവരെ ചെറുക്കുന്ന സിപിഐ(എം) ആണ് ഇരുവരുടെയും ബദ്ധശത്രു.

ആരാധനാലയങ്ങളെപ്പോലും കൊലക്കളങ്ങളാക്കുന്ന ആർഎസ്എസിന്റെ ക്രിമിനൽ രാഷ്ട്രീയം കേരളത്തിൽ അവസാനിച്ചേ മതിയാകൂ. ജനങ്ങളുടെ ശക്തിയ്ക്കു മുന്നിൽ ക്രിമിനലുകൾക്ക് കീഴടങ്ങേണ്ടി വരും. അനേകം തവണ കേരളത്തിൽ ആർഎസ്എസ് അക്കാര്യം അനുഭവത്തിലൂടെ പഠിച്ചിട്ടുണ്ട്.

ഒറ്റക്കുത്തിന് ആളെക്കൊല്ലാൻ പരിശീലനം സിദ്ധിച്ചവർക്കേ കഴിയൂ. അത്തരത്തിൽ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ജീവനെടുത്ത കൊലപാതകി കൊടുംക്രിമിനലുമാവണം. ഈ രണ്ടു പരിശീലനവും ശാഖകളിൽ നിന്നാണ് ലഭിക്കുന്നത്. പരിശീലനം സിദ്ധിച്ച കൊലയാളികൾ നടത്തുന്ന കൊലപാതകങ്ങളെ ഒരിക്കലും സംഘർഷത്തിന്റെയും വാക്കുതർക്കത്തിന്റെയും പട്ടികയിൽപ്പെടുത്തി ലഘൂകരിക്കാനാവില്ല. അതെല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതായിരിക്കും. അതുകൊണ്ട്, ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആർഎസ്എസിനെ വെള്ളപൂശാനുള്ള ഒരു ശ്രമവും മാപ്പർഹിക്കുന്നില്ല.

എസ്എസ്എൽസി പരീക്ഷയെഴുതി മടങ്ങുമ്പോഴാണ് വർഷങ്ങൾക്കു മുമ്പ് സഖാവ് കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസുകാർ ആക്രമിച്ചത്. അന്ന് സഖാവിന് മാരകമായി പരിക്കേറ്റിരുന്നു. സ്കൂൾ കുട്ടികളെപ്പോലും വെറുതേ വിടാത്ത ആർഎസ്എസിന്റെ ക്രൂരത ഇതാദ്യമായല്ല കേരളം കാണുന്നത്. ചിത്രത്തിൽ മൂന്നാമത്തെ നിരയിൽ ആ ഒഴിഞ്ഞു കിടക്കുന്ന ഇടമായിരുന്നു കൂട്ടുകാർക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട അഭിമന്യുവിന്റെ ഇരിപ്പിടം. എത്ര ഹൃദയഭേദകം.

നാടാകെ രോഷത്തിലാണ്. യാതൊരു സംഘർഷവും നിലനിൽക്കാത്ത പ്രദേശത്ത്, ഒരു സ്കൂൾ കുട്ടിയെ ഹീനമായി കൊല ചെയ്ത സംഭവത്തിൽ ഉണ്ടാകുന്ന രോഷം സ്വാഭാവികമായും ആളിപ്പടരും. പാർടി ബന്ധുക്കളും സഖാക്കളും ഇക്കാര്യത്തിൽ മാതൃകാപരമായ ആത്മസംയമനമാണ് പാലിക്കുന്നത്. പക്ഷേ, അവർക്ക് നീതി ലഭിക്കണം. അതിന് കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റു ചെയ്യുകയും കടുത്ത ശിക്ഷ ഉറപ്പു വരുത്തുകയും വേണം.

സഖാവ് അഭിമന്യുവിന് ലാൽസലാം. സഖാവിന്റെ കുടുംബത്തിന്റെ ദുഃഖത്തിലും രോഷത്തിലും പങ്കുചേരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker