CultureLIFE

വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമായി മാറി; നവീനും ജാനകിക്കും പിന്തുണയുമായി സിറോ മലബാര്‍ സഭ

തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നവീന്റേയും ജാനകിയുടേയും ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ ഇവര്‍ക്കെതിരെ വര്‍ഗീയത പറഞ്ഞ് അധിക്ഷേപം നടത്താന്‍ ശ്രമവും ഉണ്ടായിരുന്നു. ഇരുവരുടേയും പേരിലുള്ള മതപരമായ വേര്‍തിരിവുകള്‍ പറഞ്ഞായിരുന്നു കുറച്ചുപേരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം. തുടര്‍ന്ന് നിരവധിപേരാണ് ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ വൈറലായ റാസ്പുടിന്‍ നൃത്തത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം.

വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമായി മാറിയെന്ന് സത്യദീപത്തിന്റെ മുഖപ്രസംഗം പറയുന്നു. സഹവര്‍ത്തിത്വത്തിന്റെ സന്തോഷം മതേതര കേരളം മറന്ന് തുടങ്ങിയെന്നും ഇത് മാന്യമല്ലാത്ത മാറ്റമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

സംശയം വ്യക്തികള്‍ക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥ. ഇന്നത് ഒരു സാമൂഹിക മനോരോഗമായി അതിവഗം മാറിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്റെ സന്തോഷം ‘മതേതര’ കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്. എതിരെ വരുന്നയാള്‍ നമ്മുടെ എതിര്‍പക്ഷത്താണെന്ന മുന്നറിയിപ്പുകള്‍ മുന്‍പില്‍ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈന്‍. മുഖപ്രസംഗത്തില്‍ പറയുന്നു.

നമുക്കിതുവരെയും പരിചിതമല്ലാതിരുന്ന, അസാധാരണമായ ഒരപരിചിതത്വബോധം പരസ്പരം നിറക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇക്കൂട്ടര്‍ വേഗത്തില്‍ വിജയിക്കുകയാണ്. ചുറ്റുമുള്ളവരെയും ചുറ്റുമുള്ളതിനെയും ഭയപ്പെടണമെന്നാണിവര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമ മന്ദിരത്തെയും സംശയത്തോടെ വീക്ഷിക്കത്തക്കവിധം നമ്മുടെ പൊതുബോധത്തിനുമീതെ തീവ്രമതബോധത്തിന്റെ നിഴല്‍ വീഴ്ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റമെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചേര്‍ന്ന് അവതരിപ്പിച്ച, ഡാന്‍സിലെ ചടുലമായ ചുവടുകളിലെ പോസിറ്റീവ് വൈബ്സ് വ്യത്യസ്തമായതോടെ രണ്ടു പരും വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി. ചാനലുകളില്‍ അഭിമുഖവും നിറഞ്ഞു.നവീനും ജാനകിയും ഒരുമിച്ച് നൃത്തം ചെയ്യുന്നത് കണ്ട കൃഷ്ണരാജ് എന്ന വക്കീലാണ് ആദ്യം ആരോപണവുമായി രംഗത്ത് വന്നത്. ഈ വിഷയം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമാവുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker