KeralaLead NewsNEWS

ആലപ്പുഴയില്‍ സർവകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടർ; മന്ത്രിമാരും യോഗത്തിനെത്തും

ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ സർവകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കലക്ട്രേറ്റിൽ വച്ചാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്.

12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപണം.

ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.

Back to top button
error: