Pravasi

ഒടുവിൽ ദമ്പതികൾ പിറന്ന നാട്ടിൽ തിരിച്ചെത്തി, ദോഹ ജയിലിലായത് ബന്ധു ചതിച്ചതോടെ

2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ആണ് ദമ്പതികൾ ദോഹയിൽ എത്തിയത്

ലഹരി കടത്തു കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിലായിരുന്ന മുംബൈ സ്വദേശികൾ ജന്മ നാട്ടിൽ എത്തി. വ്യാഴാഴ്ച പുലർച്ചെയാണ് ഇവർ തിരികെയെത്തിയത്.

2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ആണ് ദമ്പതികൾ ദോഹയിൽ എത്തിയത്. എന്നാൽ മുഹമ്മദ് ഷെരീകും ഒനിബയും ഉടൻ തന്നെ പോലീസ് പിടിയിലായി. ലഹരി മരുന്ന് കടത്ത് കേസിലായിരുന്നു അറസ്റ്റ്.

ബന്ധുവായ തപസം റിയാസ് ഖുറേഷി എന്ന സ്ത്രീ ഇവരെ ചതിയിൽ പെടുത്തിയത് ആണെന്ന് പിന്നീട് തെളിഞ്ഞു. ഒന്നര വർഷത്തിലേറെ നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ഇരുവരും ജയിൽമോചിതരായി.

2019 ജൂലൈ മാസത്തിൽ ഹമദ് വിമാനത്താവളത്തിൽ ഇറങ്ങവേയാണ് ഇവർ പൊലീസ് പിടിയിലായത്. ഇവരുടെ ബാഗിൽ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെത്തി. സാഹചര്യത്തെളിവുകൾ ദമ്പതികൾക്ക് എതിരായിരുന്നു. കോടതി ഇരുവർക്കും പത്തു വർഷം വീതം തടവും മൂന്ന് ലക്ഷം റിയാൽ വീതം പിഴയും വിധിച്ചു. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ എന്നുപറഞ്ഞ് ബന്ധു ഏല്പിച്ച പൊതി ലഹരിമരുന്ന് ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. ഇവരുടെ യാത്ര സ്പോൺസർ ചെയ്തതും ബന്ധു തന്നെയായിരുന്നു.

ഖത്തർ സെൻട്രൽ ജയിലിൽ കഴിയവേ ഒനിബ പെൺകുഞ്ഞിനു ജന്മം നൽകി. ഇരുവരുടെയും അപ്പീൽ പരിഗണിച്ച സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ കോടതിക്ക് നിർദ്ദേശം നൽകി. തുടർന്നാണ് കോടതി ഇരുവരെയും മോചിപ്പിക്കാൻ ഉത്തരവിട്ടത്.

പിതൃസഹോദരി തപസം ലഹരിമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് നിർണായക തെളിവായി. ഖത്തറിലെ ഇന്ത്യൻ എംബസിയും സത്യം തിരിച്ചറിഞ്ഞ് ദമ്പതികൾക്ക് വേണ്ടി നിന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker