LIFEOpinion

പുതിയ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുമായി കോൺഗ്രസ് ,വാഴുമോ വീഴുമോ ?

ഏറെ ചർച്ചകൾക്ക് ശേഷമാണ് ഡിജിറ്റൽ മീഡിയയിൽ ഇടപെടാൻ കോൺഗ്രസ് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുന്നത്

പുതിയ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുമായി കോൺഗ്രസ് രംഗത്ത് .ഐ എൻ സി ടി വി എന്നാണ് പേര് .ഏറെ ചർച്ചകൾക്ക് ശേഷമാണ് ഡിജിറ്റൽ മീഡിയയിൽ ഇടപെടാൻ കോൺഗ്രസ് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുന്നത് .

അധികാരത്തോടുള്ള ആഗ്രഹം ,പ്രത്യശാസ്ത്ര ദൃഢത ഇല്ലായ്മ ,കേഡർമാരെ സൃഷ്ടിക്കാതിരിക്കൽ എന്നിവ കൊണ്ടൊക്കെ പ്രസിദ്ധീകരണ മേഖലയിൽ കോൺഗ്രസ് വളരെ പുറകിലാണ് .ഒരൊറ്റ പ്രസിദ്ധീകരണമോ മാധ്യമമോ കൊണ്ടുനടക്കാനും വിജയിപ്പിക്കാനും കോൺഗ്രസിന് ആയിട്ടില്ല .അതുകൊണ്ടുതന്നെ പുതിയ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ വിജയത്തെ കുറിച്ച് കോൺഗ്രസിനുള്ളിൽ തന്നെ ആശങ്ക ഉണ്ട് .

പാഞ്ചജന്യ ,ഓർഗനൈസർ ,ന്യൂ ഏജ് ,പീപ്പിൾസ് ഡെമോക്രസി ,ഗണശക്തി തുടങ്ങി വലുതും ചെറുതുമായ വലതുപക്ഷ ,ഇടതുപക്ഷ പ്രസിദ്ധീകരണങ്ങൾ അതത് പാർട്ടികൾ വർഷങ്ങളോളം പ്രതിപക്ഷത്തിരുന്നിട്ടും കൊണ്ടുനടക്കാനും വിജയിപ്പിക്കാനും അതത് പാർട്ടികൾക്ക് കഴിഞ്ഞു .എന്നാൽ ഇങ്ങിനെ നല്ല ഒരു ഉദാഹരണം കാട്ടാൻ പോലും കോൺഗ്രസിന് ആവുന്നില്ല .

ഭരണത്തിലുള്ള നാളുകളിൽ മുഖ്യധാരാ മാധ്യമങ്ങളുടെ സേവ പിടിച്ചുപറ്റാൻ ആയിരുന്നു കോൺഗ്രസ് ശ്രമം .സ്വന്തമായി ചില പ്രസിദ്ധീകരണങ്ങൾ ആരംഭിക്കാൻ ചില സംസ്ഥാനങ്ങളിൽ പ്രാദേശിക നേതൃത്വങ്ങൾ ശ്രമം നടത്തിയെങ്കിലും വിജയിപ്പിക്കാൻ ആയില്ല .

ഒരു കോൺഗ്രസ് പക്ഷ മുഖ്യധാരാ പത്രം ആയിരുന്നു ഹിന്ദുസ്ഥാൻ ടൈംസ് എന്ന് എത്ര പേർക്ക് അറിയാം .ഈ മാധ്യമത്തെ വളരാൻ പിന്തുണക്കണമെന്ന് ഗാന്ധിജി ആണ് ബിർള കുടുംബത്തോട് ആവശ്യപ്പെടുന്നത് .എന്നാൽ പിന്നീട് അത് ബിർള കുടുംബത്തിന്റേത് ആയി .സോണിയ ഗാന്ധി യു പി എ അധ്യക്ഷയും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയും ആയിരുന്ന കാലത്ത് പോലും “കോൺഗ്രസ് സന്ദേശ്” എന്ന പ്രസിദ്ധീകരണം ഊർദ്ധശ്വാസം വലിക്കുക ആയിരുന്നു .രണ്ട് കോടി അംഗങ്ങൾ ഉണ്ട് എന്ന് കോൺഗ്രസ് പറയുമ്പോഴും പ്രസിദ്ധീകരണത്തിന് 10 ,000 ത്തിന് മുകളിൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചിരുന്നില്ല .

1980 കളിൽ “കോൺഗ്രസ്” എന്ന പേരിൽ ഒരു പ്രസിദ്ധീകരണ ആശയത്തെ രാജീവ് ഗാന്ധി താലോലിച്ചിരുന്നു .അന്ന് വി പി സിങ് രാജീവ് ഗാന്ധിയോട് ഏറ്റുമുട്ടലിന്റെ പാതയിൽ ആയിരുന്നു .ഗുലാം നബി ആസാദിനെ ഏല്പിച്ച പദ്ധതി നടന്നതേ ഇല്ല .

1938 – ൽ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച “നാഷണൽ ഹെറാൾഡ്” മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് .ചുളുവിലയ്ക്ക് ആ മാധ്യമത്തെ സോണിയ ഗാന്ധി ,രാഹുൽ ഗാന്ധി ,മോത്തിലാൽ വോറ ,ഓസ്കാർ ഫെർണാണ്ടസ് എന്നിവർ തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ടാണ് നാഷണൽ ഹെറാൾഡ് വാർത്തകളിൽ ഇടം പിടിച്ചത് .ഇതിന്റെ ഗുണഭോക്താക്കൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആണെന്ന് കാണിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതോടെ സംഭവം കൂടുതൽ വിവാദമായി . ഒരിക്കൽ ലക്ക്നൗവിൽ നാഷണൽ ഹെറാൾഡ് തൊഴിലാളികളോട് നെഹ്‌റു പറയുകയുണ്ടായി “നമുക്ക് ബിസിനസ് ചെയ്യാൻ അറിയില്ലെന്ന്” .ഇത് അക്ഷരംപ്രതി ശരിയാവുകയാണ് ഇക്കാലത്തും .

എന്നാൽ ഈ പത്രത്തോട് നെഹ്‌റുവിന് വൈകാരിക അടുപ്പം വലുതായിരുന്നു .അലഹബാദിലെ തറവാട് വീട് ആനന്ദ ഭവൻ വിറ്റാലും നാഷണൽ ഹെറാൾഡ് പൂട്ടില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നു .സ്വാതന്ത്ര്യത്തിന് മുമ്പ് തനിക്ക് പറയാൻ ഉള്ളത് അജ്ഞാത പേരുകളിൽ വരെ നെഹ്‌റു ഈ പ്രസിദ്ധീകരണത്തിൽ എഴുതിയിരുന്നു .സ്വാതന്ത്ര്യത്തിനു ശേഷവും “നാഷണൽ ഹെറാൾഡ്” നല്ല നിലയിൽ പോയി .തന്റെ വിചാര വികാരങ്ങൾ നെഹ്‌റു എഴുതുന്നത് തുടരുകയും ചെയ്തു .

1954 ൽ ബിക്കിനി ദ്വീപിലെ അമേരിക്കൻ ആണവ പരീക്ഷണത്തോട് നെഹ്‌റു പ്രതികരിച്ചത് “നാഷണൽ ഹെറാൾഡി”ൽ ലേഖനം എഴുതിക്കൊണ്ടാണ് .പ്രസ് കൗൺസിൽ സ്ഥാപിക്കാനും പത്രപ്രവർത്തകർക്ക് വേജ് ബോർഡ് കൊണ്ടുവരാനും കാരണക്കാരൻ ആയ ചലപതി റാവു എഡിറ്റർ ആയിരുന്ന കാലഘട്ടത്തിൽ വരെ “നാഷണൽ ഹെറാൾഡ് “പ്രൊഫഷണലിസം ഉയർത്തിപ്പിടിച്ചു .റാവു 1983 ൽ മരിച്ചു .

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ നാഷണൽ ഹെറാൾഡിനെ ആധുനികവൽക്കരിക്കാൻ ചില ശ്രമങ്ങൾ നടന്നു .1991 മെയ് 22ന് രാജീവ് ഗാന്ധിയുടെ ദാരുണ കൊലപാതകം ബ്രേക്ക്‌ ചെയ്യാൻ പോലും ആ പത്രത്തിന് ആയില്ല .

നാഷണൽ ഹെറാൾഡിനെ കുറിച്ച് ഒരു ഗോസിപ് മാധ്യമ പ്രവർത്തകരുടെ  ഇടയിൽ ഉണ്ടായിരുന്നു .മൊത്തം സർക്കുലേഷൻ ജീവനക്കാരുടെ എണ്ണത്തേക്കാൾ താഴെ ആയിരുന്നു എന്നതാണ് അത് .ഒരിക്കൽ സാം പിട്രോഡ പ്രസിൽ ചെന്നപ്പോൾ ഒരു ജീവനക്കാരനോട് എത്രയാണ് സർക്കുലേഷൻ എന്ന് ചോദിക്കുക ഉണ്ടായി .90 എന്നതാണത്രേ കിട്ടിയ ഉത്തരം .90 ,000 എന്നാണത്രെ അന്ന് സം പിട്രോഡ കരുതിയത് .2008 ഏപ്രിൽ 1  നു ആദ്യമായി പത്രം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു .1991 മുതൽ 2008 വരെ ചത്തും ചതഞ്ഞുമാണത്രെ പത്രം മുന്നോട്ട് നീങ്ങിയത് .

കേരളത്തിലെ കോൺഗ്രസ് ഔദ്യോഗിക ജിഹ്വകളുടെ കാര്യവും വ്യത്യസ്തമല്ല .അവയും കിതപ്പിന്റെ പാതയിലാണ് .ശമ്പളം കിട്ടിയില്ലെന്നു മാധ്യമപ്രവർത്തകർ കുശുകുശുക്കുന്നു .ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനെ ഏവരും ഉറ്റുനോക്കുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker