KeralaLead NewsNEWS

ഒമിക്രോണ്‍; വിദേശത്തു നിന്നും എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം

കൊച്ചി: ഹൈ റിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക അഭ്യര്‍ത്ഥിച്ചു. ഇക്കാലയളവിൽ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണം. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ മൂന്നു പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ കോംഗോയില്‍ നിന്നും മറ്റു രണ്ടു പേര്‍ യു.എ.ഇയില്‍ നിന്നുമാണെത്തിയത്. കോംഗോയും യു.എ.ഇയും ഹൈ റിസ്ക് പട്ടികയില്‍ വരാത്ത രാജ്യങ്ങളാണെന്നിരിക്കെ അതീവ ജാഗ്രത അനിവാര്യമാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.

ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും വിമാനത്താവളത്തില്‍ വച്ചു തന്നെ കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. ഇവർ ഏഴു ദിവസം വീടുകളിൽ പൊതു സമ്പർക്കം ഒഴിവാക്കി ക്വാറന്‍റീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവർ 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം. അതേസമയം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ നിലവില്‍ റാന്‍ഡം പരിശോധനയാണ് നടത്തുന്നത്. അതിനാല്‍ ഇവിടെ എത്തുന്നത് മുതല്‍ അടുത്ത 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം.

മാർഗനിർദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ – പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Back to top button
error: