KeralaNEWS

വൈഗയുടെ മരണം; ദുരൂഹത ഒഴിയുന്നില്ല, ബന്ധുക്കള്‍ പലതും മറച്ചുവെയ്ക്കുന്നതായി സനുവിന്റെ അമ്മ

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ച ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ വൈഗയുടെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി കാണാതായ സനുമോഹന്റെ കുടുംബം രംഗത്ത്. വൈഗയുടെ ദുരൂഹ മരണത്തില്‍ ബന്ധുക്കള്‍ പലതും ഒളിച്ചുവെക്കുന്നതായി സനു മോഹന്റെ അമ്മ സരള പറഞ്ഞു. അഞ്ച് വര്‍ഷമായി സനു മോഹനും കുടുംബവും കങ്ങരപ്പടി ഫ്ളാറ്റില്‍ ഒളിവില്‍ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നും സരള കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല പുണെയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിയ മകനെയും കുടുംബത്തെയും ബന്ധുക്കള്‍ അകറ്റി നിര്‍ത്തിയെന്നും സരള ആരോപിച്ചു. അതേസമയം, വൈഗയുടെ ശരീരത്തില്‍ വിഷാംശം ഉള്ളില്‍ ചെന്നതിന്റെ സൂചന പ്രാഥമിക പരിശോധനയില്‍ ലഭിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് കാണിച്ചത്. ആന്തരികാവയവ പരിശോധനകള്‍ നടത്തുന്ന ടോക്സിക്കോളജി വിഭാഗത്തില്‍ ഇനിയും ടെസ്റ്റുകള്‍ നടത്താനുണ്ടെന്നും അതിനു ശേഷം മാത്രമെ ശരീരത്തിനുള്ളില്‍ വിഷം ചെന്നിരുന്നോ, ഇല്ലയോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും ലാബ് അധികൃതര്‍ വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനു ശേഷമാണ് ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി നല്‍കിയത്. അന്തിമ ഫലം പോലീസിന് അടുത്ത ആഴ്ച കൈമാറുമെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍ വൈഗ മുങ്ങിമരിച്ചിട്ട് 21 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഒളിവില്‍ പോയ പിതാവ് സനു മോഹനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പിതാവ് സനു മോഹനായുളള തിരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

കഴിഞ്ഞ 21ന് 12 മണിയോടെയാണ് മഞ്ഞുമ്മല്‍ ആറാട്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് തെക്കുവശത്തു നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അപ്പോഴും പിതാവിനെ കുറിച്ച് വിവരങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. മഞ്ഞുമ്മല്‍ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്.

മകളും ഒന്നിച്ച് പിതാവ് പുഴയില്‍ ചാടിയത് ആകാമെന്നായിരുന്നു പോലീസിന്റെ സംശയം. തുടര്‍ന്ന് പുഴയിലും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.സനു മോഹനനും ഭാര്യ രമ്യയും മകള്‍ വൈഗയും അഞ്ചു വര്‍ഷമായി കങ്ങരപടിയിലെ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനു മോഹന്‍ സകുടുംബം എത്തിയിരുന്നു. പിന്നീടാണ് ഇവരെ കാണാതായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker